മൂത്ത മകനെ കെട്ടിത്തൂക്കിയത് ജീവനോടെയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; ഉയർന്ന അളവിൽ ഉറക്കഗുളിക നൽകി

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴ പാടിച്ചാലില്‍ മൂന്ന് മക്കളെ കൊലപ്പെടുത്തി അമ്മ രണ്ടാം ഭര്‍ത്താവിനൊപ്പം ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.

കുട്ടികളില്‍ മൂത്തയാള്‍ സൂരജിനെ ജീവനോടെയാണ് കെട്ടിത്തൂക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മറ്റു രണ്ട് കുട്ടികളെ കൊലപ്പെടുത്തിയ ശേഷമാണ് കെട്ടിത്തൂക്കിയത്. അമ്മയുടെയും രണ്ടാം ഭര്‍ത്താവിന്റേയും തൂങ്ങിമരണമാണെന്നും പോസ്റ്റുമോര്‍ട്ടത്തില്‍ പറയുന്നൂ.

ചെറുവണ്ണൂര്‍ ആനിക്കാടി സ്വദേശിനി ശ്രീജ (38), മക്കളായ വയക്കര സ്‌കൂള്‍ വിദ്യാര്‍ഥി സൂരജ് (12), പൊന്നംവയല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളായ സുജില്‍ (11), സുരഭി (എട്ട്), ശ്രീജയുടെ സുഹൃത്തും രണ്ടാം ഭര്‍ത്താവുമായ മുളപ്പുര വീട്ടില്‍ ഷാജി (42) എന്നിവരെയാണു ഇന്നലെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

പോലീസ് സ്റ്റേഷനില്‍ ഇന്നലെ രാവിലെ ഫോണില്‍ ബന്ധപ്പെട്ട് ആത്മഹത്യ ചെയ്യുകയാണെന്നു പറഞ്ഞശേഷമാണ് ശ്രീജ ജീവനൊടുക്കിയത്. ഷാജിക്ക് ഭാര്യയും രണ്ടു മക്കളുമുണ്ട്.

കഴിഞ്ഞ 16നു ഷാജി ശ്രീജയെ വിവാഹം കഴിച്ചതായി പറയുന്നു. ഇതിനു ശേഷം ഇവര്‍ ഒന്നിച്ചായിരുന്നു താമസം. ഇതിനിടെയാണ് ഇന്നു രാവിലെ താമസ സ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തിയത്.

കുട്ടികള്‍ക്കു വിഷം കൊടുത്തതിനുശേഷം ഷാജിയും ശ്രീജയും ആത്മഹത്യ ചെയ്തതാണെന്നു കരുതുന്നു.

ചെറുപുഴ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി അസ്വാഭാവിക മരണത്തിനു കേസെടുത്തു. മൃതദേഹങ്ങള്‍ പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സംസ്‌കരിച്ചു.

മുന്‍ ഭര്‍ത്താവിന്റെ പരാതി ചര്‍ച്ചചെയ്യാന്‍ ശ്രീജയോട് പോലീസ് സ്റ്റേഷനിലെത്താന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പുലര്‍ച്ചെ ആറു മണിയോടെയാണു വീട്ടില്‍ അഞ്ചുപേരേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്ബാണ് ആദ്യ ഭര്‍ത്താവ് സുനിലിനെ ഉപേക്ഷിച്ച്‌ ശ്രീജ ഷാജിക്കൊപ്പം താമസം തുടങ്ങിയത്.

സുനിലിന്റെ പേരിലുള്ള വീട്ടിലായിരുന്നു താമസം. ഈ വീട്ടില്‍നിന്ന് ഇരുവരോടും ഇറങ്ങാന്‍ സുനില്‍ ആവശ്യപ്പെട്ടത് തര്‍ക്കത്തിന് ഇടയാക്കിയിരുന്നു.

ഇതു സംബന്ധിച്ച്‌ സുനില്‍ പരാതി നല്‍കിയതോടെയാണ് സ്റ്റേഷനിലെത്താന്‍ പോലീസ് ശ്രീജയോട് ആവശ്യപ്പെട്ടത്. എന്നാല്‍ രാവിലെ ആറിനു ശ്രീജ പോലീസ് സ്റ്റേഷനില്‍ ഫോണില്‍ വിളിച്ച്‌ താനും കുടുംബവും ആത്മഹത്യചെയ്യുകയാണെന്ന് അറിയിക്കുകയായിരുന്നു.

ഏറെക്കാലമായി മകള്‍ കുടുംബവുമായി അകല്‍ച്ചയിലായിരുന്നെന്നും ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞത് അറിയില്ലായിരുന്നുവെന്നുമാണു ശ്രീജയുടെ പിതാവ് പ്രതികരിച്ചത്.

Related posts

Leave a Comment