മുസ്‌ളീംലീഗ് എംഎല്‍എ പി. അബ്ദുള്‍ ഹമീദിനെതിരേ പോസ്റ്റര്‍ ; പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ ആഹ്വാനം

മലപ്പുറം: കേരളാബാങ്ക് ഡറക്ടര്‍ സ്ഥാനത്തേക്ക് നിയോഗിതനായ മുസ്‌ളീംലീഗ് എംഎല്‍എ പി. അബ്ദുള്‍ ഹമീദിനെതിരേ മലപ്പുറത്ത് പോസ്റ്റര്‍.

‘യൂദാസ്’ എന്ന് വിളിച്ചാണ് ആക്ഷേപം. പാര്‍ട്ടിയേയും അണികളെയും വഞ്ചിച്ച യൂദാസിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ടാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മുസ്‌ളീംലീഗ് ഓഫീസിന് മുന്നിലും മലപ്പുറം ബസ് സ്റ്റാന്റിലുമാണ് പോസ്റ്റര്‍ ലീഗിന്റെ അനുമതിയോടെയാണ് സ്ഥാനം ഏറ്റെടുത്തതെന്ന് ഹമീദ് പറഞ്ഞിരുന്നെങ്കിലും സംഭവം വിവാദമായിരുന്നു.

പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗം എതിര്‍പ്പ് കാട്ടുന്നുണ്ട്. യുഡിഎഫിലും വിഷയം വലിയ ചര്‍ച്ചയായി മാറിയിട്ടുണ്ട്. ഹമീദിന്റെ ചിത്രത്തോടൊപ്പം ‘ജൂതാസ്’ എന്ന തലക്കെട്ടിലാണ് പോസ്റ്റര്‍.

കഴിഞ്ഞ ദിവസമാണ് കേരളാബാങ്ക് ഡയറക്ടര്‍ സ്ഥാനത്തേക്ക് അബ്ദുള്‍ ഹമീദ് നിയോഗിതനായത്.

കേരളാബാങ്ക് ഡയറക്ടര്‍ബോര്‍ഡിലേക്ക് ലീഗ് പ്രതിനിധിയെ നാമനിര്‍ദേശം ചെയ്തതിന് പിന്നില്‍ രാഷ്ട്രീയം ഇല്ലെന്ന അബ്ദുള്‍ ഹമീദ് പ്രതികരിച്ചിരുന്നു. ലീഗും സി.പി.എമ്മും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും സഹകരണ മേഖലയില്‍ ഒരുമിച്ചാണ് നില്‍ക്കുന്നത്.

സഹകരണമേഖലയുമായി ലീഗ് വര്‍ഷങ്ങളായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇതിനെ ഒരു രാഷ്ട്രീയ നീക്കമായി പരിഗണിക്കേണ്ടതില്ല. അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും അത് പറയേണ്ടിടത്ത് പറയുമെന്നും പറഞ്ഞു.

മലപ്പുറത്തെ 95 ശതമാനം സഹകരണബാങ്കുകള്‍ ലീഗിന് കീഴിലാണെന്നും പിണറായി വിജയന്‍ സഹകരണ മന്ത്രിയായിരുന്ന സമയത്തും ലീഗ് പതിനിധിയെ സഹകരണബാങ്ക് സംസ്ഥാന ഭരണസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു.

കേരള ബാങ്ക് സംബന്ധിച്ച ഹൈകോടതിയിലെ കേസും ഭരണസമിതിയംഗത്വവും തമ്മില്‍ യാതൊരു ബന്ധവുമില്ല. സഹകരണത്തില്‍ സി.പി.എമ്മുമായി ലീഗ് സഹകരിക്കുമെന്നും പറഞ്ഞു.

Related posts

Leave a Comment