സംസ്ഥാനത്തെ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയാണെന്നാണ് പുതിയ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നത്. പ്രതിദിനം പുതിയതായി രോഗ ബാധിതരാവുന്നവരുടെ എണ്ണം തുടര്‍ച്ചയായി എഴായിരം പിന്നിട്ടത് കഴിഞ്ഞ ദിവസങ്ങളില്‍ കേരളം കണ്ടു. ഈ സാഹചര്യം തുടര്‍ന്നാല്‍ കേരളം നീങ്ങുന്നത് ഗുരുതരമായ പ്രതിസന്ധിയിലേക്കാണെന്ന് ഇതിനോടകം അധികൃര്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.
സംസ്ഥാന ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഞായറാഴ്ച മാധ്യമങ്ങളെ കണ്ട് നല്‍കിയ മുന്നറിയിപ്പും കേരളത്തിലെ സാഹര്യങ്ങളുടെ ഗുരുതരാവസ്ഥയെ കുറിച്ചായിരുന്നു. സംസ്ഥാനത്ത് കോവിഡ് മഹാമാരിയുടെ രണ്ടാം തരംഗമാണ് നടക്കുന്നത് എന്നായിരുന്നു ആരോഗ്യ മന്ത്രി നല്‍കിയമുന്നറിയിപ്പ്. കോവിഡിനെ നിസാരമായി കാണരുത് എന്ന നിലപാടും ആരോഗ്യമന്ത്രി പങ്കുവച്ചു. സാഹചര്യം തുടര്‍ന്നാല്‍ വീണ്ടും ഒരു ലോക്ക് ഡൗണിലേക്ക് പോവേണ്ട സാഹചര്യം സംസ്ഥാനത്ത് ഉണ്ടായേക്കുമെന്നും കെ കെ ശൈലജ ടീച്ചര്‍ മുന്നറിയിപ്പ് നല്‍കുന്നു.
രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളില്‍ ഒന്നായി കേരളം മാറി. കഴിഞ്ഞ ഏഴ് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 40,000 ത്തിലധികം കേസുകളാണ്. സംസ്ഥാനം രണ്ടാം വ്യാപനത്തിന്റെ വക്കിലാണെന്ന് ആരോഗ്യ മന്ത്രിക്ക് പറയേണ്ടി വന്നത് ഇതുകൊണ്ടാണ്. പരിശോധന നടത്തുന്നവരില്‍ രോഗികളാക്കപ്പെടുന്നവരുടെ എണ്ണത്തിലും വലിയ വര്‍ധന ഉണ്ടാകുകയാണ്. 11.9 ശതമാനമാണ് കേരളത്തിലെ പോസിറ്റിവിറ്റി റേറ്റ്. ദേശീയ ശരാശരി എട്ട് ശതമാനമായിരിക്കുമ്ബോഴാണ് ഇത്. സംസ്ഥാനത്ത് ഇതുവരെ 678 പേരാണ് മരിച്ചത്.
സംസ്ഥാനത്ത് ആദ്യമായി ഒരു ദിവസം രോഗികളുടെ എണ്ണം ആയിരം കടന്ന തിരുവനന്തപുരം ജില്ലയാണ് നിലവില്‍ ഏറ്റവും ആശങ്കയുണര്‍ത്തുന്നത്. നിയന്ത്രണം കൃത്യമായി പാലിച്ചില്ലെങ്കില്‍ തലസ്ഥാനനഗരത്തില്‍ വീണ്ടും ലോക്ഡൗണ്‍ വേണ്ടിവരുമെന്ന മുന്നറിയിപ്പാണ് മേയര്‍ കെ ശ്രീകുമാര്‍ നല്‍കുന്നത്. രോഗികളുടെ എണ്ണം ഒരാഴ്ചക്കിടെ ആറായിരം കടന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി നഗരസഭ രംഗത്തെത്തിയത്. ഇക്കാര്യത്തില്‍ നഗര സഭയുടെ ആശങ്ക അഴിമുഖത്തോടും അദ്ദേഹം പങ്കുവച്ചു.
‘നഗര പരിധിയില്‍ നിരീക്ഷണം ശക്തിപ്പെടുത്താനാണ് നഗരസഭ തീരുമാനിച്ചിരിക്കുന്നത്. ആളുകള്‍ കൂട്ടംകൂടുന്ന പ്രവണത ഇപ്പോള്‍ കൂടിയിട്ടുണ്ട്. അതുകൊണ്ട് തന്നെ കടകളും മറ്റും കര്‍ശനമായ പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് മാത്രമെ തുടര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പാടുകയുള്ളൂ. അത് നിരീക്ഷിക്കുന്നതിനായി എല്ലാ സ്ഥലങ്ങളിലും ഹെല്‍ത്ത് സ്ക്വാഡ് എല്ലാ ദിവസവും ഇറങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്. അത്തരത്തില്‍ പ്രോട്ടോകോള്‍ പാലിക്കാത്ത കടകളുടെ ലൈസന്‍സ് റദ്ദാക്കാന്‍ വരെ തീരുമാനം എടുത്തിട്ടുണ്ട്. കൂടാതെ അണുനശീകരണം കൂടുതല്‍ കാര്യക്ഷമമായി നടത്താനും തീരുമാനമായിട്ടുണ്ട്. അത്തരത്തില്‍ നിയമങ്ങള്‍ കടുപ്പിച്ച് മുന്നോട്ട് പോകാനാണ് ഇപ്പോഴത്തെ തീരുമാനം’. മേയര്‍ വ്യക്തമാക്കുന്നു.
ഒരാഴ്ചക്കിടെ 6550 പേര്‍ക്കാണ് തിരുവനന്തപുരം ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഇതുവരെ സ്ഥിരീകരിച്ച കോവിഡ് മരണങ്ങളില്‍ 30 ശതമാനവും തലസ്ഥാന ജില്ലയിലാണ്. ലോക്ഡൗണ്‍ ഇളവുകള്‍ വന്നതോടെ ഭയമോ ജാഗ്രതയോ ഇല്ലാതെ ആളുകള്‍ പുറത്തിറങ്ങി പെരുമാറുന്നത് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നതെന്നാണ് അധികൃതരുടെ നിലപാട്.
കോവിഡ് രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് എത്തുന്ന നിലയാണ് ഇപ്പോള്‍ തിരുവനന്തപുരത്തുള്ളത്. 9,928 പേരാണ് നിലവില്‍ ചികില്‍സയിലുള്ളത്. രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് കൂടുതല്‍ ചികിത്സാകേന്ദ്രങ്ങളൊരുക്കുക എന്നതാണ് അധികൃതര്‍ക്ക് മുന്നിലുള്ള കനത്ത വെല്ലുവിളി. നിലവില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 45 ശതമാനം പേരും വീട്ടിലാണ് ചികിത്സയിലുള്ളത്. സംസ്ഥാനത്ത് ആകെ 5065 കിടക്കകള്‍ ആണ് കോവിഡ് ചികില്‍സയ്ക്കായുള്ളത്. ഇതില്‍ ആശുപത്രികളില്‍ 1565 എണ്ണവും പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളില്‍ 3100 രണ്ടാംഘട്ട ചികിത്സാകേന്ദ്രങ്ങളില്‍ 400 കിടക്കകളുമാണുള്ളത്.
ഡോക്ടര്‍മാരുടേയും, ആരോഗ്യപ്രവര്‍ത്തകരുടേയും ദൗര്‍ലഭ്യമാണ് പ്രഥമഘട്ട ചികിത്സാകേന്ദ്രങ്ങളുടെ പ്രധാന പ്രതിസന്ധി. പരമാവധി ആളുകളെ വീടുകളില്‍ പാര്‍പ്പിച്ച് ചികിത്സിക്കുന്ന രീതിയ്ക്ക് പ്രാധാന്യം നല്‍കിയാണ് മുന്നോട്ട് പോവുന്നത്. പ്രതിദിനം ആയിരത്തോളം രോഗികള്‍ ഉണ്ടാവുന്ന സാഹചര്യം നിലനില്‍ക്കെ തന്നെ രോഗമുക്തരാവുന്നവര്‍ അഞ്ചൂറോളം മാത്രമാണെന്നതും പ്രശ്‌നം ഗുരുതരമാക്കുന്നു.