കൊച്ചി : അല്‍ ഖ്വയ്ദ ബന്ധത്തിന്റെ പേരില്‍ കൊച്ചിയില്‍ പിടിയിലായ മുര്‍ഷിദ് ഹസന്‍ ആഴ്ചയില്‍ രണ്ടു ദിവസം മാത്രമാണ് ജോലിക്കു പോവാറുണ്ടായിരുന്നതെന്ന് കൂടെ താമസിക്കുന്നവര്‍ പറയുന്നു. മിക്ക സമയവും മുറിയില്‍ തന്നെ കഴിച്ചുകൂട്ടുകയായിരുന്നു ഇയാളുടെ രീതിയെന്നും വീട്ടുകാരെക്കുറിച്ചോ മറ്റു വിവരങ്ങളോ അറിയില്ലെന്നും കൂടെ താമസിക്കുന്നവര്‍ പറഞ്ഞു.
ലോക്ക് ഡൗണ്‍ കാലത്താണ് മുര്‍ഷിദ് ഹസന്‍ ഇപ്പോള്‍ താമസിക്കുന്ന മുറിയില്‍ എത്തിയത്. ഇയാളെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ കൂടെ താമസിക്കുന്നവര്‍ക്ക് അറിവൊന്നുമില്ല. ആഴ്ചയില്‍ രണ്ടു ദിവസം ജോലിക്കു പോവും. ശേഷിച്ച സമയമെല്ലാം മുറിയില്‍ തന്നെ കഴിച്ചുകൂട്ടുകയാണ് പതിവ്- അവര്‍ പറഞ്ഞു.
പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അന്വേഷണ സംഘം എത്തി മുര്‍ഷിദ് ഹസനെ അറസ്റ്റ് ചെയ്തത്. മൊബൈല്‍ ഫോണുകളും മറ്റു രേഖകളും ഇയാളില്‍നിന്നു പിടിച്ചെടുത്തിട്ടുണ്ട്. കൂടെത്താമസിക്കുന്നവരുടെ മൊബൈല്‍ ഫോണുകളും എന്‍ഐഎ പരിശോധനയ്ക്കായി വാങ്ങിയിട്ടുണ്ട്.
മുര്‍ഷിദ് ഹസന്‍, യാക്കൂബ് ബിശ്വാസ്, മുഹമ്മദ് ഹുസൈന്‍ എന്നിവരെ പിടികൂടിയതായി എന്‍ഐഎ അറിയിച്ചിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹറ പറഞ്ഞു. ഹസന്‍ പത്തു വര്‍ഷമായി കേരളത്തില്‍ ഉണ്ടെന്നാണ് പൊലീസിന്റെ പക്കലുള്ള വിവരം. പെരുമ്ബാവൂരിലെ തുണിക്കടയിലാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.
ദേശീയ തലസ്ഥാന പ്രദേശത്തെ സുപ്രധാന സ്ഥാപനങ്ങളില്‍ ആക്രമണം നടത്താനാണ് കൊച്ചിയിലും ബംഗാളിലും പിടിയിലായ അല്‍ ഖ്വയ്ദ ഭീകരര്‍ നീക്കം നടത്തിയതെന്ന് എന്‍ഐഎ വക്താവ് ഡല്‍ഹിയില്‍ പറഞ്ഞു. നിരവധി പേരെ കൊലപ്പെടുത്തി വന്‍ ആക്രമണത്തിനാണ് ഇവര്‍ ആസൂത്രണം ചെയ്തത്. ആളുകളെ ഭീകരതയുടെ മുള്‍മുനയിലാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്നും എന്‍ഐഎ വക്താവ് പറഞ്ഞു.