തിരുവനന്തപുരം : ജനപ്രതിനിധിയും അദ്ധ്യാപികയുമായ പ്രൊഫ. നബീസ ഉമ്മാള്‍ (92) അന്തരിച്ചു. നെടുമങ്ങാട് പത്താംകല്ലിലെ വസതിയിലായിരുന്നു അന്ത്യം.
സാമൂഹിക രാഷ്ട്രീയ രംഗത്തെ വലിയ സാന്നിദ്ധ്യമായിരുന്ന നബീസാ ഉമ്മാള്‍ ഭാഷാ പണ്ഡിതയും സാംസ്‌കാരിക പ്രഭാഷകയുമായിരുന്നു.
മുന്‍ കഴക്കൂട്ടം എംഎല്‍എയായിരുന്ന നബീസാ ഉമ്മാള്‍ 1987 ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഐ എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നുമാണ് മത്സരിച്ച് ജയിച്ചത്.
എന്നാല്‍ 1991ലെ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്തുനിന്നും എം വി രാഘവനോട് 689 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. 1995ല്‍ നെടുമങ്ങാട് നഗരസഭ ചെയര്‍പേഴ്‌സണായി.
കേരളത്തിലെ നിരവധി സര്‍ക്കാര്‍ കോളേജുകളില്‍ അധ്യാപികയും പ്രിന്‍സിപ്പലുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലീംസ്ത്രീ കൂടിയായ നബീസാ 1986ല്‍ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ പ്രിന്‍സിപ്പലായിരിക്കെയാണ് സര്‍വിസില്‍ നിന്നും വിരമിച്ചത്.
എ ആര്‍ രാജരാജവര്‍മക്കുശേഷം യൂണിവേഴ്‌സിറ്റി കോളജില്‍ വകുപ്പ് അധ്യക്ഷയും പ്രിന്‍സിപ്പലുമാകുന്ന ആദ്യയാളായിരുന്നു.