മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അതിജീവിതയ്‌ക്കെതിരെ വിജയ് ബാബുവിന്റെ ആരോപണം

 

തിരുവനന്തപുരം : ബലാത്സംഗ കേസില്‍ തനിക്കെതിരെയുള്ള ആരോപണം പരാതിക്കാരിയ്ക്ക് സിനിമയില്‍ അവസരം ലഭിക്കാത്തതിന്റെ വൈരാഗ്യം മൂലമാണെന്ന് നടന്‍ വിജയ് ബാബു മുന്‍‌കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.

തന്നോടൊപ്പം ഒരു പരസ്യ ചിത്രത്തിന്റെ ഭാഗമായ പരാതിക്കാരി പിന്നീട് സിനിമയില്‍ കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നതിനായി അത് ഉപയോഗിക്കാന്‍ ശ്രമിച്ചുവെന്നും വിജയ് ബാബു ആരോപിക്കുന്നു.. തുടര്‍ന്ന് പുതിയ സിനിമയില്‍ അവസരം ലഭിക്കില്ല എന്ന് ഉറപ്പായ പരാതിക്കാരി തനിക്ക് നേരെ അസഭ്യമായ സന്ദേശങ്ങള്‍ അയയ്ക്കാന്‍ തുടങ്ങിയെന്നും വിജയ് ബാബു ജാമ്യാപേക്ഷയില്‍ ആരോപിച്ചു.

കേരള പൊലീസിനായി താന്‍ ചെയ്ത പരസ്യ ചിത്രത്തില്‍ പരാതിക്കാരി അഭിനയിച്ചിരുന്നു. ഹര്‍ജിക്കാരനുമായുള്ള പരിചയം ഉപയോഗിച്ച്‌ താന്‍ നിര്‍മ്മിക്കുന്ന സിനിമകളില്‍ കൂടുതല്‍ അവസരങ്ങള്‍ നേടിയെടുക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു. സിനിമയിലെ കഥാപാത്രങ്ങള്‍ക്ക് അനുയോജ്യരായ അഭിനേതാക്കളെ ഓഡിഷനിലൂടെ തെരഞ്ഞെടുക്കുന്നത് സംവിധായകനാണ് എന്നും അതില്‍ തനിക്ക് യാതൊരു പങ്കുമില്ലെന്നും താന്‍ അറിയിച്ചു. സിനിമയുടെ ചിത്രീകരണ സമയത്ത് പരാതിക്കാരി തന്റെ പേര് ശുപാര്‍ശ ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ താന്‍ പൂര്‍ണ്ണമായും അത് നിരസിക്കുകയും ഓഡിഷനില്‍ പങ്കെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. സിനിമയിലെ ഒരു വേഷത്തിലേക്ക് ഇവര്‍ തെരഞ്ഞെടുക്കപ്പെടുകയും ശേഷം ഇവര്‍ ബന്ധം വെച്ച്‌ പുലര്‍ത്താന്‍ ശ്രമിക്കുകയും ചെയ്തു എന്ന് വിജയ് ബാബു പറയുന്നു.

സിനിമ മേഖലയിലെ ഒരു പുതുമുഖം മറ്റേതൊരു അഭിനേതാവും എടുക്കുന്നതിനേക്കാള്‍ സ്വാതന്ത്ര്യം എടുക്കുന്നു എന്ന് തോന്നിയപ്പോള്‍ താന്‍ പരാതിക്കാരിയെ അകറ്റി നിര്‍ത്താന്‍ ശ്രമിച്ചു. സിനിമയുടെ ചിത്രീകരണ സൈറ്റില്‍ ഇവര്‍ കുറച്ച്‌ പ്രശ്നങ്ങളുമുണ്ടാക്കി. തന്നെ പരാതിക്കാരി അസമയങ്ങളില്‍ വിളിക്കുകയും നിരന്തരം ആയിരത്തോളം മെസ്സേജുകള്‍ അയക്കുകയും ചെയ്തിരുന്നു. തന്റെ കുടുംബത്തെക്കുറിച്ചും ഇവര്‍ക്ക് വ്യക്തമായ ബോധ്യമുണ്ടായിരുന്നു. താന്‍ പുതിയ ഒരു സിനിമ നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നതായും അതിന്റെ സംവിധായകന്‍ മറ്റൊരു നടിയെ അതിലേക്ക് തെരഞ്ഞെടുത്തതായും പരാതിക്കാരി അറിഞ്ഞു. തനിക്ക് അസമയങ്ങളില്‍ അസഭ്യം നിറഞ്ഞ മെസ്സേജുകള്‍ അയക്കുമായിരുന്നു. എന്നാല്‍ അത് വൈറലാവുകയും പരാതിക്കാരിയുടെ ഭാവിയെ തന്നെ ബാധിക്കുകയും ചെയ്യും എന്നത് കൊണ്ട് താന്‍ യാതൊരു പരാതിയും നല്‍കിയില്ല എന്നും വിജയ് ബാബു മുന്‍‌കൂര്‍ ജാമ്യപേക്ഷയില്‍ പറയുന്നു.

അതേസമയം വിജയ് ബാബുവിന്റെ ജാമ്യഹര്‍ജി ഹൈക്കോടതി വേനലവധിക്ക് ശേഷമേ പരിഗണിക്കൂ. മേയ് 16 വരെയാണ് വേനലവധി. അതിനിടെ ലൈംഗിക പീഡനക്കേസില്‍ നടന്‍ വിജയ് ബാബുവിന് കീഴടങ്ങാതെ വഴിയില്ലെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്‌ നാഗരാജു പറഞ്ഞു. വിജയ് ബാബുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും ദുബായില്‍ നിന്ന് അദ്ദേഹം മടങ്ങിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.

Related posts

Leave a Comment