‘മുനീറിന് പോക്കറ്റ് മണി നല്‍കിയത് യുഡിഎഫ് മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നെടുത്തിട്ടല്ല’, തുറന്നടിച്ച്‌ കെടി ജലീല്‍

തിരുവനന്തപുരം: ദുരിതാശ്വാസ നിധി വകമാറ്റി ചിലവഴിച്ചുവെന്ന ഹര്‍ജിയില്‍ വിധി പറയാതെ ഫുള്‍ ബെഞ്ചിന് വിട്ടിരിക്കുകയാണ് ലോകായുക്ത.

ലോകായുക്തയ്ക്കും ഉപലോകായുക്തയ്ക്കും വ്യത്യസ്തമായ നിലപാട് വന്നതിനെ തുടര്‍ന്നാണ് കേസ് മൂന്നംഗ ബെഞ്ചിന് വിട്ടിരിക്കുന്നത്. ഹര്‍ജിയില്‍ ഫുള്‍ബെഞ്ച് വീണ്ടും വിശദമായ വാദം കേള്‍ക്കും.

മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സര്‍ക്കാരിലെ മന്ത്രിമാരും പ്രതിയായ കേസാണിത്.

കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ലോകായുക്ത വിധിയെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രിയായിരുന്ന കെടി ജലീലിന് രാജി വെക്കേണ്ടി വന്നിരുന്നു. ബന്ധുനിയമന കേസിലെ വിധിയെ തുടര്‍ന്നായിരുന്നു ഇത്.

ലോകായുക്ത സിറിയക് ജോസഫിന് എതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ പിന്നീട് കെടി ജലീല്‍ രംഗത്ത് വന്നിരുന്നു. അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായം നല്‍കിയിട്ടുളളൂ എന്ന് ലോകായുക്ത തീരുമാനത്തിന് ശേഷം കെടി ജലീല്‍ പ്രതികരിച്ചു.

കെടി ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്: ‘ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് അര്‍ഹതപ്പെട്ടവര്‍ക്കേ സഹായം കൊടുത്തിട്ടുള്ളൂ. UDF ഉം LDF ഉം BJP യും നോക്കിയല്ല CMDRF ല്‍ നിന്ന് പണം അനുവദിക്കുന്നത്.

ഒന്നാം പിണറായി മന്ത്രിസഭ തന്നെയാണ് മുന്‍ എം.എല്‍.എയും ലീഗ് നേതാവുമായ കളത്തില്‍ അബ്ദുല്ലക്ക് ചികില്‍സക്കായി 20 ലക്ഷം അനുവദിച്ചത്.

കടലോരത്ത് സുനാമി ദുരന്തങ്ങള്‍ക്ക് ഇരയായവര്‍ക്ക് വിതരണം ചെയ്യേണ്ട സുനാമി ഫണ്ട് ഒരു “പുഴ” പോലുമില്ലാത്ത കോട്ടയത്തെ പുതുപ്പള്ളിയിലെ നൂറുകണക്കിന് ആളുകള്‍ക്കായി കോടികള്‍ വാരിക്കോരി നല്‍കിയപ്പോള്‍ ഈ ഹര്‍ജിക്കാരനും മാധ്യമങ്ങളും എവിടെയായിരുന്നു?

തെരഞ്ഞെടുപ്പ് ലാക്കാക്കി പുതുപ്പള്ളിക്കാര്‍ക്ക് യഥേഷ്ടം പണം കൊടുത്തത് അന്നത്തെ UDF മുഖ്യമന്ത്രിയുടെ തറവാട്ടില്‍ നിന്നെടുത്തിട്ടല്ല. ജനങ്ങളില്‍ നിന്ന് ശേഖരിച്ച സുനാമി ഫണ്ടില്‍ നിന്നാണെന്നോര്‍ക്കണം.

സി.എച്ച്‌ മുഹമ്മദ് കോയ സാഹിബിന്‍്റെ മരണത്തെ തുടര്‍ന്ന് മകന്‍ ഡോ: എം.കെ മുനീറിനെ ബാഗ്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ നിന്ന് കോഴിക്കോട്

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് തുടര്‍ പഠനത്തിന് സൗകര്യമൊരുക്കി കൊണ്ടു വന്നതും പഠനം തീരുന്നത് വരെ പോക്കറ്റ് മണി നല്‍കിയതും സി.എച്ചിൻറെ ഭാര്യക്ക് പെന്‍ഷന്‍ നല്‍കിയതും അന്നത്തെ UDF മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്നെടുത്തിട്ടല്ല.

എല്ലാം ഏത് സര്‍ക്കാരിന്‍്റെ കാലത്താണെങ്കിലും പൊതുഖജനാവില്‍ നിന്നാണ് അനുവദിച്ചത്. ഭാവിയിലും അങ്ങനെത്തന്നെയാകും.

അന്നൊന്നുമില്ലാത്ത “ചൊറിച്ചില്‍”രാമചന്ദ്രന്‍ നായരുടെയും ഉഴവൂര്‍ വിജയന്‍്റെയും കുടുംബത്തെ സഹായിച്ചപ്പോള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതങ്ങ് സഹിച്ചേര്.

ഞങ്ങള്‍ക്ക് വേറെ പണിയുണ്ട്. ”പാണ്ടന്‍ നായുടെ പല്ലിന് ശൗര്യം, പണ്ടേ പോലെ ഫലിക്കുന്നില്ല”

Related posts

Leave a Comment