മുണ്ടക്കൈയിലും ചൂരല്‍മലയിലും മാത്രമല്ല, ചാലിയാറില്‍ ഒഴുകിയെത്തിയ മൃതശരീരങ്ങള്‍ കണ്ടെടുക്കാനും അവര്‍ മുന്നിലുണ്ടായിരുന്നു

കോഴിക്കോട്: വയനാട്ടിലെ ദുരന്തമുഖത്ത് സേവനനിരതരായി സ്വയം സേവകർ. ഒരാഴ്ചകാലമായി മുണ്ടക്കൈ- ചൂരല്‍മല മേഖലയിലും ചാലിയാർ പുഴയിലെ തിരച്ചിലിലും സജീവമാണ് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സേവാഭാരതി – ബിജെപി പ്രവർത്തകർ.

സാഹസികമായാണ് കുത്തിയൊലിക്കുന്ന ചാലിയാർ പുഴയില്‍ രക്ഷാപ്രവർത്തനം നടത്തിയതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ.

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജനങ്ങളെല്ലാവരും കണ്ടതും പിന്നെ മാദ്ധ്യമങ്ങള്‍ അധികം സംപ്രേഷണം ചെയ്തതും ചൂരല്‍മലയിലേയും മുണ്ടക്കൈയിലേയും ദുരന്തനിവാരണ ദുരിതാശ്വാസപ്രവർത്തനങ്ങളാണ്.

എന്നാല്‍ കണ്ടെടുത്ത മൃതദേഹങ്ങളില്‍ നല്ലൊരു ശതമാനം കിട്ടിയിട്ടുള്ളത് മലപ്പുറം ജില്ലയില്‍പെടുന്ന ചാലിയാർ പുഴയില്‍ നിന്നാണ്.

മുണ്ടേരി ഫാമിന്റെ ഉള്‍ഭാഗത്തും തണ്ടക്കല്ല് വാണിയമ്ബുഴ കോളനിഭാഗത്തും സ്വജീവൻ മറന്ന് ആദ്യദിവസം ഓടിയെത്തിയവർക്ക് അധികം ശ്രദ്ധ ലഭിച്ചില്ല എന്നത് സത്യമാണ്.

ഈ ദൃശ്യങ്ങള്‍ സേവാഭാരതി, ബിജെപി പ്രവർത്തകരുടെ രക്ഷാപ്രവർത്തനങ്ങളുടെ സാഹസികപ്രകടനങ്ങളാണ്. എല്ലാവരും ആദ്യം അറച്ചുനിന്നപ്പോള്‍ പരപ്രേരണയില്ലാതെ ഓടിയെത്തിയ അനേകം നിസ്വാർത്ഥമതികള്‍.

പിന്നീട് എല്ലാ സംഘടനകളുടേയും പ്രവർത്തകർ പരിശ്രമിച്ചു എന്ന വസ്തുത വിസ്മരിക്കുന്നില്ല. ‘തുല്യ നിന്ദാ സ്തുതിർ മൗനി സന്തുഷ്ടോ യേന കേനചിത്’ എന്ന ഗീതാവചനം അന്വർത്ഥമാക്കിയ സ്വയം സേവകർ.”-

സംസ്ഥാന അദ്ധ്യക്ഷൻ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.ദുരിതാശ്വാസ ക്യാമ്ബുകളിലും ആശുപത്രികളിലും മൃതദേഹം ഏറ്റുവാങ്ങുന്നയിടത്തും സംസ്‌കരിക്കുന്നയിടത്തുമായി പ്രവർത്തകർ കർമ്മനിരതരായിരുന്നു. ദുരിതബാധിതർക്ക് ഭക്ഷണമെത്തിക്കുന്നുമുണ്ട്.

മരണമടഞ്ഞ ഉറ്റവരെ മറവ് ചെയ്യാൻ പോലും സൗകര്യമില്ലാതെ മലവെളളപ്പാച്ചിലില്‍ സർവ്വതും നഷ്ടപ്പെട്ട നിരവധി ആളുകള്‍ക്കാണ് സേവാഭാരതി തുണയായത്.

Related posts

Leave a Comment