മുഖ്യമന്ത്രിയ്ക്ക് കൂടുതല്‍ ‘പവര്‍’, വകുപ്പ് മന്ത്രിമാര്‍ ‘ഡമ്മിയാകും’, ഉത്തരേന്ത്യന്‍ ശൈലിയില്‍ ഭരണം മാറ്റാനാവില്ലെന്ന് മന്ത്രിമാര്‍

തിരുവനന്തപുരം: റൂള്‍സ് ഒഫ് ബിസിനസ് ഭേഗതിയെ രണ്ടാം തവണയും ശക്തമായി എതിര്‍ത്ത് ഘടകകക്ഷി മന്ത്രിമാര്‍. ഉത്തരേന്ത്യന്‍ ശൈലിയില്‍ ഭരണം മാറ്റാനാവില്ലെന്ന് മന്ത്രിസഭ ഉപസമിതിയില്‍ അഭിപ്രായം ഉയര്‍ന്നു. നവംബര്‍ നാലിന് മന്ത്രിമാരുടെ വിയോജനക്കുറിപ്പോടെ ഉപസമിതി റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറും.

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വകുപ്പു സെക്രട്ടറിമാരുടെയും ഉദ്യോഗസ്ഥരുടെയും ഉത്തരവാദിത്തങ്ങള്‍ നിര്‍വചിക്കുന്നതാണ് റൂള്‍സ് ഒഫ് ബിസിനസ്. മുഖ്യമന്ത്രിയ്ക്കും ചീഫ് സെക്രട്ടറിയ്ക്കും കൂടുതല്‍ അധികാരം നല്‍കുന്നതാണ് റൂള്‍സ് ഒഫ് ബിസിനസ് ഭേദഗതി.

വകുപ്പ് മന്ത്രിമാര്‍ ഡമ്മി എന്ന നിലയിലേക്കു പോകുമെന്ന വിമര്‍ശനമാണ് ഉയരുന്നത്.റൂള്‍ ഒന്‍പതിലെ മാറ്റമനുസരിച്ച്‌ വകുപ്പ് മന്ത്രി കാണാതെ തന്നെ സെക്രട്ടറിമാര്‍ക്കു ഫയലില്‍ തീരുമാനമെടുത്ത് ചീഫ് സെക്രട്ടറിയുടെയോ മുഖ്യമന്ത്രിയുടേയോ അംഗീകാരത്തിനായി നല്‍കാമെന്നത് ഒരു ഉദാഹരണം മാത്രം.
ഭേദഗതിയിലൂടെ മന്ത്രിമാരെ നോക്കുകുത്തികളാക്കുകയാണെന്ന് ഘടകകക്ഷി മന്ത്രിമാര്‍ ഉപസമിതിയോഗത്തില്‍ വിമര്‍ശനം ഉന്നയിച്ചതോടെയാണ് സര്‍ക്കാര്‍ നീക്കം മെല്ലെയായത്. എന്നാല്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വേണമെന്ന നിലപാടാണ് ഐ എ എസ് ഉദ്യോഗസ്ഥര്‍ക്ക് ഉള്ളത്. അങ്ങനെ വരുമ്ബോള്‍ വകുപ്പ് മന്ത്രി അറിയാതെ തന്നെ ചീഫ് സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും വകുപ്പുകള്‍ നിയന്ത്രിക്കാവുന്ന സ്ഥിതി വരും.

റൂള്‍ 19, 21 എ, എന്നിവയിലെ മാറ്റം കൂടുതല്‍ അധികാരം മുഖ്യമന്ത്രിയ്ക്ക് നല്‍കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ്. റൂള്‍സ് ഒഫ് ബിസിനസ് പോലും മറികടക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നാണ് ഈ ഭേദഗതി പറയുന്നത്.

Related posts

Leave a Comment