പാലക്കാട്: മുഖ്യമന്ത്രിക്കെതിരെ വീണ്ടും ഗുരുതര ആരോപണവുമായി വാളയാറില്‍ ക്രൂര പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടികളുടെ അമ്മ. എല്ലാസഹായവും വാഗ്ദാനം ചെയ്യുകയും അവസാനം വഞ്ചിക്കുകയുമായിരുന്നുവെന്ന് അമ്മ ജന്മഭൂമിയോട് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 31 ആണ് കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറിന്റെ നേതൃത്വത്തില്‍ രക്ഷിതാക്കള്‍ മുഖ്യമന്ത്രിയെ കാണാന്‍ പോയത്. ദേശീയ ബാലാവകാശ കമ്മീഷന്‍ വരുന്നതറിഞ്ഞ് രാത്രിക്ക് രാത്രി രക്ഷിതാക്കളെ പാലക്കാട് നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോവുകയായിരുന്നു. മക്കള്‍ക്ക് നീതികിട്ടുമെന്ന് കരുതിയാണ് മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാലുപിടിക്കുകയും ചെയ്തു. എന്നാല്‍ എല്ലാ പ്രതീക്ഷയും നഷ്ടമായി.
കേസിലെ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി ശിക്ഷിക്കാന്‍ വേണ്ട അടിയന്തര നടപടിയെടുക്കുമെന്നും സിബിഐ അന്വേഷണം, പുനരന്വേഷണം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് എല്ലാവിധ പിന്തുണയുമുണ്ടെന്ന് മുഖ്യമന്ത്രി തങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സംഭവം നടന്ന് ഒരുവര്‍ഷം പിന്നിടുമ്ബോഴും കേസില്‍ ഒരു പുരോഗതിയുമില്ലെന്ന് മാത്രമല്ല കേസ് അ്ട്ടിമറിച്ച ഡിവൈഎസ്പി സോജനും, സിഐ ചാക്കോയ്ക്കും സ്ഥാനകയറ്റവും നല്‍കി. മാത്രമല്ല സോജന് ഐപിഎസ് നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശയും ചെയ്തിരിക്കുകയാണ്. ഇതുസംബന്ധിച്ച് പറഞ്ഞിട്ടും മുഖ്യമന്ത്രി നടപടി കൈക്കൊള്ളാതെ തങ്ങളെ വഞ്ചിക്കുവായിരുന്നുവെന്ന അമ്മ ജന്മഭൂമിയോട് പറഞ്ഞു.
അഞ്ച് പ്രതികളെ കൂടാതെ ആറാമനായി ഒരാള്‍ കൂടി
സര്‍ക്കാരിനെയും, പോലീസിനെയും വച്ച് കേസ് അന്വേഷിക്കുന്ന്ത് അട്ടിമറിക്കാനാണ്. ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ കേസ് പുനരന്വേഷിക്കണമെന്നും അമ്മ ആവശ്യപ്പെട്ടു. ശരിയായ രീതിയില്‍ കേസന്വേഷിച്ചാല്‍ പ്രതികള്‍ ശിക്ഷിക്കപ്പെടും. കേസില്‍ നിലവിലെ അഞ്ച് പ്രതികളെ കൂടാതെ ആറാമനായി ഒരാള്‍ കൂടിയുണ്ടെന്നും ഇയാളെ സംരക്ഷിക്കാനാണ് കേസ് അട്ടിമറിച്ചത്. ഒന്നും രണ്ടും പ്രതികളായ വലിയ മധുവും, കുട്ടിമധുവും അല്ലാതെ ആറാമനായി മറ്റൊരാളുകൂടിയുണ്ട്. കേസ് അട്ടിമറിച്ച്‌ല നാല് പ്രതികളെയും വെറുതെ വിട്ടതോടെ ആറാമനും രക്ഷപ്പെടുകയാണ് ഉണ്ടായത്.
തങ്ങളുടെ സംഘടനയുടെ ആളുകളാണെന്ന് വിശ്വസിച്ച കെപിഎംഎസ് നേതാവ് പുന്നല ശ്രീകുമാറും പറഞ്ഞു പറ്റിച്ചു. എല്ലാ പിന്തുണയും നല്‍കുമെന്ന് പറഞ്ഞു. മുഖ്യമന്ത്രിയുടെ അടുത്ത് കൊണ്ടുപോയി കാല്‍പിടിപ്പിച്ചു. മക്കളുടെ ജീവന് വില പേശിക്കൊണ്ടാണ് പുന്നല ശ്രീകുമാര് മുഖ്യമന്ത്രി പിണറായി വിജയന്റെ അടുക്കല്‍ കൊണ്ടുപോയത്. ഇതിന് അയാള്‍ പൈസ വാങ്ങിയോ എന്ന് കാര്യം അറിയിസ്സ. കേസ് അട്ടിമറിച്ച ഡിവൈഎസ്പി സോജന് സ്ഥാനക്കയറ്റം നല്‍കിയ വിവരം ഞങ്ങളെ വിളിച്ച് അറിയിച്ചില്ല. തങ്ങള്‍ തിരിച്ച് വിളിച്ചപ്പോള്‍ പിന്നെ വിളിക്കാമെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നു. മാത്രമല്ല പുന്നല ഏര്‍പ്പെടുത്തിയ കേസിലെ അഭിഭാഷകനായ അഡ്വ. ഉദയഭാനുവിനെതിരെയുള്ള കേസ് പിന്നീട് പലരും പറഞ്ഞ് അറിഞ്ഞപ്പോള്‍ അദ്ദേഹത്തെയും മാറ്റേണ്ടിവന്നതായും അമ്മ പറഞ്ഞു.
പ്രതികളെ വെറുതെ വിട്ടപ്പോള്‍ ബിജെപി ഉള്‍പ്പെടെയുള്ള സംഘടനകള്‍ നിയമസഹായം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ സമുദായ സംഘടനനേതാവ് പറഞ്ഞുകൊണ്ട് അത് നിരസിക്കുകയായിരുന്നു. അത് വലിയൊരു ചതിയായിരുന്നുവെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞു.
ബാലാവകാശ കമ്മീഷന്‍ വരുന്നതറിഞ്ഞ് മനപൂര്‍വ്വം മാറ്റി
സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ വരുന്നതറിഞ്ഞ് തങ്ങളെ മനപൂര്‍വ്വം ഇവിടെ നിന്നും മാറ്റുകയായിരുന്നു. ഒരുപക്ഷേ അന്ന് കമ്മീഷനെ കണ്ടിരുന്നെങ്കില്‍ നീതി കിട്ടുമായിരുന്നുവെന്ന് അമ്മ ജന്മഭൂമിയോട് പറഞ്ഞു. തങ്ങളെ മുഖ്യമന്ത്രിയെ കാണാനായി കൊണ്ടുപോവുകയായിരുന്നു. അന്നാണ് ദേശീയ ബാലാവകാശ കമ്മീഷനും വന്നത്. അവര്‍ തങ്ങളെ കാണാനായി അടുത്തദിവസം രാവിലെ വരെ കാത്തിരുന്നു. തിരുവനന്തപുരത്ത് നിന്നും രാവിലെ പാലക്കാട് പറളിയെന്ന സ്ഥലത്തെത്തിയെങ്കിലും പുന്നലയുടെ ആളുകള്‍ വന്ന് തിരിച്ച് ഒറ്റപ്പാലത്ത് എത്തിക്കുയും അവിടെ റൂം എടുത്ത് താമസിപ്പിക്കുകയും ചെയ്തു. കമ്മീഷന്‍ കാത്തിരുന്ന് തിരികെ പോയി. അന്ന് ഉച്ചയോടെയാണ് തങ്ങള്‍ തിരിച്ച് വീട്ടില്‍ എത്തിച്ചത്. ഇതില്‍സ ഗൂഢാലോചനയുണ്ടെന്നും അമ്മ പറഞ്ഞു.
പറഞ്ഞ കാര്യങ്ങള്‍ അല്ല മൊഴിയായി രേഖപ്പെടുത്തിയത്
നാല് പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പോക്‌സോ കോടതി വിധിവന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുമ്ബോള്‍ പോലീസിന്റെ മൊഴിയെടുപ്പില്‍ ദുരൂഹത്. കേസില്‍ രക്ഷിതാക്കള്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിന്മേല്‍ തുടരന്വേഷണ സാധ്യത പരിഗണനയിലിരിക്കുമ്ബോഴാണ് കഴിഞ്ഞദിവസം രണ്ട് വനിതാ പോലീസുകാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ മൊഴിയെടുക്കാന്‍ വാളയാര്‍ അട്ടപ്പള്ളം ശെല്‍വപുരത്തെ വീട്ടിലെത്തിയത്. അവര്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് താന്‍ പറഞ്ഞ കാര്യങ്ങള്‍ അല്ല മൊഴിയായി രേഖപ്പെടുത്തിയതെന്ന് അമ്മ പറഞ്ഞു. പാലക്കാട് വനിതാസെല്ലിലെ രണ്ട് പോലീസുകാരാണ് പെണ്‍കുട്ടികളുടെ വീട്ടിലെത്തിയത്. മൂത്ത കുട്ടി കൊല്ലപ്പെട്ടു എന്ന ്പറഞ്ഞപ്പോള്‍ മരിച്ച് എന്നാണ് പോലീസുകാര്‍ രേഖപ്പെടുത്തിയത്. ഇളയകുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറഞ്ഞൈങ്കിലും ഇതുള്‍ക്കൊള്ളാതെയാണ് തന്റെ വാക്കുകള്‍ എഴുതിയെടുത്തതെന്നും അമ്മപറഞ്ഞു. കേസില്‍ ആറാമതായി ആരോ ഉണ്ടെന്നും അല്ലാതെ പാര്‍ട്ടി പ്രവര്‍ത്തകരായ അഞ്ച് പേരെ രക്ഷിക്കാനായി ഡിവൈഎസ്പിയായ സോജന്‍ ഇടപെടുമോ എന്നും മൊഴി രേഖപ്പെടുത്തുമ്ബോള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് മൊഴിരേഖപ്പെടുത്തിയ പേപ്പറില്‍ ഒപ്പിട്ട് നല്‍കിയതോടൊപ്പം അതിന്റെ ഫോട്ടോയെടുത്തു. ഇത് പിന്നീട് പരിശോധിച്ചതിലാണ് താന്‍ പറഞ്ഞ കാര്യങ്ങളല്ല എഴുതിയിരിക്കുന്നതെന്ന് മനസിലായത്.
വിധിദിനം മുതല്‍ ചതിദിനം വരെ
മക്കള്‍ക്ക് നീതിലഭിക്കും വരെ പോരാടുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 25നാണ് വാളയാര്‍ കേസിലെ നാല് പ്രതികളെയും പോക്സോ കോടതി വെറുതെ വിട്ടത്. ഇതേദിനത്തില്‍ നീതിതേടി വിധിദിനം മുതല്‍ ചതിദിനം വരെ എന്ന മുദ്രാവാക്യവുമായി 31 ന് വൈകിട്ട് വരെ വീട്ടുപടിക്കല്‍ സത്യഗ്രഹം നടത്തുമെന്ന് രക്ഷിതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
സോജനടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കും, കേസ് നടത്തിയ പ്രോസിക്യൂട്ടര്‍ക്കും എതിരെ പോക്സോ, പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ തുടങ്ങിയ നിയമങ്ങളനുസരിച്ച് കേസെടുക്കണമെന്നും ആവശ്യപ്പെട്ടാണ് സത്യഗ്രഹം. പത്രസമ്മേളനത്തില്‍ വി.എം. മാഴ്സണ്‍, വിളയോടി വേണുഗോപാല്‍, സി.ആര്‍. നീലകണ്ഠന്‍, അനിത ഷിനു എന്നിവരും പങ്കെടുത്തു.