തിരുവനന്തപുരം: മുഖ്യമന്ത്രിയും സംഘവും ലണ്ടന്‍ സന്ദര്‍ശനത്തിനായി ചെലവാക്കിയത് 43.14 ലക്ഷം രൂപയെന്ന് റിപ്പോര്‍ട്ട്.
ലണ്ടനിലെ നഗരയാത്രകള്‍ക്കും ഹോട്ടല്‍ താമസത്തിനും ഭക്ഷണത്തിനുമുള്‍പ്പെടെയാണ് ഈ തുക ചെലവാക്കിയതെന്നാണ് വിവരാവകാശം വഴി ലഭിച്ച രേഖയില്‍ പറയുന്നത്.
ലണ്ടന്‍ ഹൈക്കമ്മീഷനില്‍ നിന്ന് വിവരാവകാശ നിയമപ്രകാരം കൊച്ചി സ്വദേശി എസ് ധനരാജന്‍ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ കണക്കുകള്‍ പുറത്തുവന്നത്.
ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ട് മുതല്‍ പന്ത്രണ്ട് വരെയാണ് മുഖ്യമന്ത്രിയും സംഘവും ലണ്ടന്‍ സന്ദര്‍ശിച്ചത്. വിമാനയാത്ര ഒഴികെയാണ് 43.14 ലക്ഷം ചെലവായത്.
ഹോട്ടല്‍ താമസത്തിനായി 18.54 ലക്ഷം രൂപയും ലണ്ടനിലെ യാത്രകള്‍ക്കായി 22.38 ലക്ഷം രൂപയും വിമാനത്താവളത്തിലെ ലോഞ്ചിലെ ഫീസായി 2.21 ലക്ഷം രൂപയുമാണ് ചെലവിട്ടത്.
ലണ്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് ഈ തുക ചെലവാക്കിയത്. പിന്നീട് സംസ്ഥാന സര്‍ക്കാരില്‍ നിന്ന് ഈ തുക ലണ്ടന്‍ ഹൈക്കമ്മീഷന്‍ കൈപ്പറ്റി.
മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ വി ശിവന്‍കുട്ടി, പി രാജീവ്, വീണാ ജോര്‍ജ്, ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ വി കെ രാമചന്ദ്രന്‍, ചീഫ് സെക്രട്ടറി വി പി ജോയി, ഓപീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി വേണു രാജാമണി, വ്യവസായ സെക്രട്ടറി
സുമന്‍ ബില്ല, പൊതുവിദ്യാഭ്യാസ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, മുഖ്യമന്ത്രിയുടെ പിഎ വി എം സുനീഷ് എന്നിവരാണ് ഔദ്യോഗിക സംഘത്തിലുണ്ടായിരുന്നത്.
വിദേശ നിക്ഷേപങ്ങള്‍ കേരളത്തില്‍ എത്തിക്കുന്നതിനും സംസ്ഥാനത്തിന് ഉപകാരപ്രദമായ നിരവധി കരാറുകളില്‍ ഒപ്പുവയ്ക്കുന്നതിനും പഠനങ്ങള്‍ നടത്തുന്നതിനും മറ്റുമായി മന്ത്രിമാരുടെ സംഘത്തോടൊപ്പം വിദേശത്തേയ്ക്ക് പോയ മുഖ്യമന്ത്രി കുടുംബത്തെ ഒപ്പം കൂട്ടിയത് ഏറെ
വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ വിദേശയാത്രകൊണ്ട് സംസ്ഥാനത്തിന് എന്തുനേട്ടമുണ്ടായെന്ന് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം രംഗത്തെത്തിയിരുന്നു.
മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം കേന്ദ്രസര്‍ക്കാരിനെ മുന്‍കൂട്ടി അറിയിച്ചില്ലെന്നും ജനങ്ങള്‍ പ്രാണഭയത്തില്‍ നില്‍ക്കുമ്ബോള്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനും ഉല്ലാസയാത്രയെന്ന വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരനും രംഗത്തെത്തിയിരുന്നു.
എന്നാല്‍ മന്ത്രിമാരുടെ വിദേശയാത്ര നാടിന്റെ വികസനത്തിന് വേണ്ടിയാണെന്നും അല്ലാതെ ഉല്ലാസത്തിന് വേണ്ടിയല്ലെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ന്യായീകരണം.