മിസ് കേരള ഉള്‍പ്പടെയുള്ളവര്‍ സഞ്ചരിച്ച കാറിനെ അമിത വേഗത്തില്‍ പിന്തുടര്‍ന്ന കാര്‍ ആരുടേത് ?

കൊച്ചി: മുന്‍ മിസ് കേരളയും റണ്ണറപ്പുമടക്കം മൂന്ന് പേരുടെ ജീവനെടുത്ത കാറപകടം സംബന്ധിച്ച കേസില്‍ ഹോട്ടലില്‍ നിന്ന് കാണാതായ സി.സി.ടി.വി ഹാര്‍ഡ് ഡിസ്‌ക് വീണ്ടെടുക്കാന്‍ പൊലീസിനായില്ല.

 

അപകട വിവരം അറിഞ്ഞയുടന്‍ ഇവര്‍ രാത്രി ആഘോഷിച്ച ഫോര്‍ട്ടുകൊച്ചിയിലെ ആഡംബര ഹോട്ടലായ നമ്ബര്‍ 18ലെ ഏറ്റവും മുകള്‍ നിലയിലെ ക്ലബ് 18 ഹാളിലെ ഹാര്‍ഡ് ഡിസ്‌ക് ഊരി മാറ്റിയിരുന്നു. ഇത് ഹാജരാക്കാന്‍ പൊലീസ് ഹോട്ടലുടമയ്ക്ക് നിര്‍ദേശം നല്‍കിയെങ്കിലും ഇന്നലെയും കൈമാറിയിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഹോട്ടലുടമയുടെ കണ്ണങ്ങാട്ടുള്ള ബംഗ്ലാവ് പൊലീസ് പരിശോധിച്ചിരുന്നു. ആദ്യം ഇയാളുടെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ വിലാസം മാറ്റിപ്പറഞ്ഞതിനാല്‍ കണ്ണങ്ങാട്ടെ വീട്ടിലേക്കുള്ള സെര്‍ച്ച്‌ വാറണ്ട് കോടതിയില്‍ നിന്ന് പുതുക്കി വാങ്ങേണ്ടി വന്നു. അപകട സമയം കാറോടിച്ച തൃശൂര്‍ മാള സ്വദേശി അബ്ദുള്‍ റഹ്മാനെ പൊലീസ് ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. ഹോട്ടലില്‍ വന്നുപോയ കാറുകളുടെ വിവരങ്ങളും ശേഖരിക്കുന്നുണ്ട്.

ഹാര്‍ഡ് ഡിസ്‌കില്‍ വി.ഐ.പി സാന്നിദ്ധ്യം ?

നിശാപാര്‍ട്ടികളില്‍ പ്രമുഖരുടെ സാന്നിദ്ധ്യം പൊലീസ് സംശയിക്കുന്നു. സിനിമാ, സീരിയല്‍, വ്യവസായ രംഗത്തെ പ്രമുഖര്‍ ഇവിടെ പാര്‍ട്ടികളില്‍ പങ്കെടുക്കാറുണ്ട്. രാത്രി വൈകിയും മദ്യം വിളമ്ബിയതിന് ഈ മാസം രണ്ടിന് ഹോട്ടലിന്റെ ബാര്‍ ലൈസന്‍സ് എക്‌സൈസ് സസ്‌പെന്‍ഡ് ചെയ്തിരുന്നു.

മയക്കുമരുന്ന് ഉപയോഗം

ഫോര്‍ട്ടുകൊച്ചി പൊലീസ് സ്റ്റേഷന് തൊട്ടു മുന്നിലുള്ള നമ്ബര്‍ 18 ഹോട്ടലില്‍ രാത്രി വൈകിയും നിശാപ്പാര്‍ട്ടി പതിവാണ്. ലഹരി ഉപയോഗത്തിന്റെ പേരില്‍ ഏപ്രിലില്‍ കസ്റ്റംസും എക്‌സൈസും ഇവിടെ സംയുക്ത റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല.

അനിഷ്ട സംഭവങ്ങള്‍

നിശാപ്പാര്‍ട്ടിക്കിടെ അനിഷ്ട സംഭവങ്ങളുണ്ടായോ എന്നതാണ് പൊലീസ് തേടുന്ന മറ്റൊരു കാര്യം. മുന്‍ മിസ് കേരള അന്‍സി കബീറും സംഘവും അമിത വേഗത്തില്‍ പാഞ്ഞു പോകാനുള്ള കാരണം തേടുന്നതിന്റെ ഭാഗമാണിത്. ഇവരെ അതേ വേഗത്തില്‍ പിന്തുര്‍ന്നതായി പറയപ്പെടുന്ന കാര്‍ ആരുടേതാണെന്ന അന്വേഷണത്തിലുമാണ് പൊലീസ്.

Related posts

Leave a Comment