മിത്ത് വിവാദം: സ്പീക്കറും നിലപാട് മാറ്റിയാല്‍ പ്രശ്‌നം അവസാനിക്കുമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മിത്ത് വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നിലപാട് തിരുത്തിയത് സ്വാഗതാര്‍ഹമാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ഗോവിന്ദന്‍ മാസ്റ്റര്‍ നിലപാട് തിരുത്തിയ സാഹചര്യത്തില്‍ സ്പീക്കര്‍ കൂടി നിലപാട് മാറ്റിയാല്‍ പ്രശ്‌നം അവസാനിക്കും. യഥാര്‍ത്ഥ വിശ്വാസികളോടൊപ്പമാണ് തങ്ങളെന്നും അദ്ദേഹം പറയുന്നു.

പാര്‍ട്ടി മുന്‍കൈ എടുത്ത് സ്പീക്കറുടെ നിലപാട് തിരുത്തിയെടുക്കുമെന്ന് കരുതുന്നു. വിശ്വാസികളുടെ വിശ്വാസത്തെ ഹനിക്കാന്‍ ആരും മുന്നോട്ടുവരരുത്. വിശ്വാസത്തെ ബഹുമാനിച്ചില്ലെങ്കിലും അപമാനിക്കരുത്. അതാണ് മതേതര കേരളത്തിന്റെ പാരമ്ബര്യം.

സിപിഎമ്മും ബിജെപിയും ചെയ്തത് തെറ്റായ രാഷ്ട്രീയ കളിയാണ്. വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് അടുത്തതോെട വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനായിരുന്നു ഇവരുടെ നീക്കം.

അത് ജനങ്ങള്‍ ഇടപെട്ട് തിരുത്തിച്ചു. ഏഴാം തീയതി നിയമസഭാ സമ്മേളനം തുടങ്ങുകയാണ്. അതിനു മുന്‍പ് സ്പീക്കര്‍ തെറ്റ് തിരുത്തുമെന്നാണ് കരുതുന്നത്.

ഈ വിഷയം ആളിക്കത്തിക്കാന്‍ കോണ്‍ഗ്രസില്ലെന്ന് നേരത്തെ പറഞ്ഞിരുന്നതാണ്. ഡല്‍ഹിയില്‍ ചെന്നപ്പോള്‍ ഗോവിന്ദന്‍ മാസ്റ്റര്‍ കവാത്ത് മറന്നത് നല്ല കാര്യമാണ്.

അദ്ദേഹം എബൗട്ടേണ്‍ അടിച്ച്‌ നിലപാട് തിരുത്തി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കുന്നതില്‍ നിന്ന് പിന്മാറിയത് നല്ല കാര്യമാണ്.

കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഒരു ധാരണയുമില്ല. യഥാര്‍ത്ഥത്തില്‍ അന്തര്‍ധാരയുള്ളത് സിപിഎമ്മും ബിജെപിയും തമ്മിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 69 സീറ്റുകളില്‍ ബിജെപി വോട്ട് കൊടുത്തത് സിപിഎമ്മിനാണ്. ഇവിടെ കേന്ദ്ര ഏജന്‍സികള്‍ അേന്വഷിച്ച വിഷയങ്ങളില്‍ ഒന്നിനുപോലും നോട്ടീസ് കൊടുക്കാന്‍ തയ്യാറായില്ല.

കോണ്‍ഗ്രസ് എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ്. നാമജപ ഘോഷയാത്രയ്‌ക്കെതിരെ എടുത്ത കേസ് നിലനില്‍ക്കില്ല.

സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെ അക്രമത്തിന്റെ പാത പിന്തുടരുന്ന പാര്‍ട്ടിക്ക് കേസെടുക്കാന്‍ എന്ത് ധാര്‍മ്മികത. മുഖ്യമന്ത്രിയുടെ വായില്‍ പാലൊഴിച്ച്‌ കൊടുത്താല്‍ തൈരായേ പുറത്തുവരൂ. അദ്ദേഹം ഒന്നും പ്രതികരിക്കുന്നില്ല.

Related posts

Leave a Comment