മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയാല്‍ 5000, കടകളില്‍ സാനിറ്റൈസര്‍ ഇല്ലെങ്കില്‍ 1000 രൂപ; വയനാട്ടില്‍ കനത്ത പിഴ

കല്‍പ്പറ്റ: കോവിഡ് വ്യാപനം തടയുന്നതിനുളള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വയനാട്ടില്‍ കടുത്ത നിയന്ത്രണം. മുഖാവരണം ധരിക്കാതെ പൊതു സ്ഥലത്ത് ഇറങ്ങുന്നവര്‍ക്ക് കനത്ത പിഴ ചുമത്താനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്. മുഖാവരണം ധരിക്കാത്തവരില്‍ നിന്ന് 5000 രൂപ പിഴയായി ഈടാക്കാനാണ് തീരുമാനം. കടകളില്‍ സാനിറ്റൈസര്‍ ഇല്ലെങ്കില്‍ അതിനും പിഴ ഈടാക്കും. കടയുടമയില്‍ നിന്ന് ആയിരം രൂപ പിഴയായി ഈടാക്കാനാണ് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

നിലവില്‍ കോവിഡ് മുക്തമായ ജില്ലകളില്‍ ഒന്നാണ് വയനാട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് മുഖാവരണം ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്ക് കനത്ത പിഴ ചുമത്താന്‍ തീരുമാനിച്ചത്.
സംസ്ഥാനത്ത് മുഖാവരണം നിര്‍ബന്ധമാക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പൊതുസ്ഥലത്ത് ഇറങ്ങുന്നവര്‍ നിര്‍ബന്ധമായി മുഖാവരണം ധരിക്കണമെന്ന് വ്യക്തമാക്കിയിരുന്നു. അല്ലാത്തപക്ഷം പൊലീസ് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് കനത്ത പിഴ ചുമത്താന്‍ വയനാട് ജില്ലാ ഭരണകൂടം തീരുമാനിച്ചത്.

Related posts

Leave a Comment