മാര്‍ക്ക് ലിസ്റ്റ് വിവാദം: ‘2021 ബാച്ചിനൊപ്പം പുനഃപ്രവേശനം നേടി, ഫീസും അടച്ചു’,ആര്‍ഷോയുടെ വാദം പ്രിന്‍സിപ്പാള്‍ തള്ളി

കൊച്ചി: മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എം ആര്‍ഷോയുടെ ഗൂഢാലോചന വാദം തള്ളി മഹാരാജാസ് പ്രിൻസിപ്പാള്‍.

റീ അഡ്മിഷൻ എടുത്തതിനാലാണ് 2021 ബാച്ചിനൊപ്പം ഫലം വന്നത്. പി എം ആര്‍ഷോ റീ അഡ്മിഷൻ എടുത്തതിന്‍റെയും പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്‍റെയും രേഖകളും പ്രിൻസിപ്പാള്‍ പുറത്തുവിട്ടു. വിവാദത്തില്‍ മഹാരാജാസ് കോളേജ് ആഭ്യന്തര അന്വേഷണവും പ്രഖ്യാപിച്ചു.

ആര്‍ഷോ കൃത്യമായി ക്ലാസില്‍ വരാത്തതിനാല്‍ റോള്‍ ഓട്ടായി. പിന്നാലെ അടുത്ത ബാച്ചിനൊപ്പം ആര്‍ഷോ റീ അഡ്മിഷന്‍ എടുത്തു. റി അഡ്മിഷന്‍ എടുത്താല്‍ ജൂനിയര്‍ ബാച്ചിനൊപ്പമാകും ഫലം വരിക.

2021 ബാച്ചിനൊപ്പമാണ് ആര്‍ഷോ പുനഃപ്രവേശനം നേടിയത്. പരീക്ഷ എഴുതാന്‍ ഫീസും അടച്ചിരുന്നു. എന്നാല്‍ പരീക്ഷ എഴുതിയിരുന്നില്ല. 2021 ബാച്ചിനൊപ്പം റീ അഡ്മിഷന്‍ എടുത്തതിനാലാണ് അവര്‍ക്കൊപ്പം റിസര്‍ട്ട് വന്നത്.

റി അഡ്മിഷന്‍ എടുത്തതിനും പരീക്ഷയ്ക്ക് അപേക്ഷിച്ചതിനും രേഖകളുണ്ടെന്നും ഇതില്‍ ഒരു ഗൂഢാലോചനയും നടന്നിട്ടില്ലെന്നും പ്രിന്‍സിപ്പാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ജയിച്ചെന്ന ഫലം വന്നത് സാങ്കേതിക പിഴവാണെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

ആര്‍ഷോയുടെ മാത്രമല്ല മറ്റ് കുട്ടികളുടെയും മാര്‍ക്ക്‌ ലിസ്റ്റില്‍ സമാനമായ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇത് സംബന്ധിച്ച്‌ ഉന്നത വിദ്യാഭ്യസ ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട്‌ കൈമാറിയെന്നും പ്രിൻസിപ്പാള്‍ പറഞ്ഞു.

ജൂനിയര്‍ ബാച്ചിനൊപ്പം റിസര്‍ട്ട് വന്നതില്‍ ആര്‍ഷോ ഗൂഢാലോചനവാദം ആവര്‍ത്തിച്ചതോടെയാള്‍ പ്രിൻസിപ്പാളിന്‍റെ വിശദീകരണം.

Related posts

Leave a Comment