മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവം; പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചു

കാസര്‍കോട്: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ അറസ്‌റ്റിലായ പ്രതി പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചു. ഹോസ്‌ദുര്‍ഗ് ഒന്നാംക്ളാസ് മജിസ്‌ട്രേ‌റ്റ് കോടതിയാണ് പ്രദീപ് കുമാറിന് ജാമ്യം അനുവദിച്ചത്. കെ.ബി ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറിയായിരുന്നു പ്രദീപ്.

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയായ കാസര്‍കോട് ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തി എന്നതായിരുന്നു പ്രദീപ് കുമാറിനെതിരായ കേസ്. ഈ വര്‍ഷം ജനുവരി 28നായിരുന്നു സംഭവം. ദിലീപിന് അനുകൂലമായി കേസില്‍ മൊഴി നല്‍കണമെന്നായിരുന്നു വിപിന്‍ ലാലിനോട് പ്രദീപ് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ കേസ് ദിലീപിന് നടിയെ ആക്രമിച്ച കേസില്‍ ജാമ്യം റദ്ദാക്കാന്‍ കെട്ടിച്ചമച്ചതാണെന്ന് പ്രദീപ് കുമാറിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ പ്രദീപിന് ജാമ്യം നല്‍കിയാല്‍ കൂടുതല്‍ സാക്ഷികളെ സ്വാധീനിക്കുകയും തെളിവ് നശിപ്പിക്കുകയും ചെയ്യാനിടയുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കരുതെന്നും ബേക്കല്‍ പൊലീസ് സ്‌റ്റേഷന്‍ പരിധി വിട്ട് പോകരുതെന്നും നിബന്ധനകളോടെ പ്രദീപിന് കോടതി ജാമ്യം അനുവദിച്ചു.

ജനുവരി 28ന് തൃക്കണ്ണാടയിലെ വിപിന്റെ ബന്ധുവീട്ടിലെത്തിയ പ്രദീപ്കുമാര്‍ ഇവിടെവച്ച്‌ വിപിനെ കാണാനാകാത്തതിനാല്‍ കാഞ്ഞങ്ങാട്ട് വിപിന്റെ അമ്മാവന്‍ ജോലിനോക്കുന്ന ജ്വല്ലറിയിലെത്തി. ഇവിടെ നിന്നും വിപിന്റെ അമ്മയെ വിളിച്ച്‌ വക്കീല്‍ ഗുമസ്‌തനാണെന്ന് പരിചയപ്പെടുത്തിയ ശേഷം വിപിനോട് മൊഴിമാ‌റ്റാന്‍ ആവശ്യപ്പെട്ടു എന്നതാണ് കേസ്.

Related posts

Leave a Comment