ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിവേദ്യം തയ്യാറാക്കാനുള്ള 1000 ലിറ്റര്‍ പായസം പാചകം ചെയ്യാവുന്ന രണ്ടുടണ്‍ ഭാരമുള്ള നാലുകാതന്‍ ഉരുളി ഭഗവാന് സമര്‍പ്പിച്ചു.
ഞായറാഴ്ച ക്ഷേത്രം തന്ത്രിമുഖ്യന്‍ പി.സി. ദിനേശന്‍ നമ്ബൂതിരിപ്പാടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന പൂജകള്‍ക്കു ശേഷമാണ് ഉരുളി ഗുരുവായൂരപ്പന് സമര്‍പ്പിച്ചത്.
ഉല്‍സവത്തിന്റെ എട്ടാം വിളക്കുദിവസമായ ഇന്ന് ഈ വാര്‍പ്പിലാകും ഭഗവാന് പായസം തയ്യാറാക്കുക. സമര്‍പ്പണ ചടങ്ങിന് വഴിപാടുകാരനായ കെ.കെ. പരമേശ്വരന്‍ നമ്ബൂതിരി കുടുംബസമേതം ക്ഷേത്രത്തിലെത്തി. ദേവസ്വം ഭരണസമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരന്‍ നമ്ബൂതിരിപ്പാട്, അഡ്വ: കെ.വി. മോഹനകൃഷ്ണന്‍, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ.പി. വിനയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വെങ്കല പാത്രനിര്‍മ്മാണത്തിന് പേരുകേട്ട ആലപ്പുഴ മാന്നാറില്‍ നിര്‍മ്മിച്ച പതിനേഴര അടി വ്യാസമുള്ള ഈ ഭീമന്‍ നാലുകാതന്‍ ഉരുളി പൂര്‍ണമായും ശുദ്ധ വെങ്കലത്തിലാണ് നിര്‍മ്മിച്ചിട്ടുള്ളത്. മാന്നാര്‍ പരുമല കാട്ടുമ്ബുറത്ത് അനന്തന്‍ ആചാരി, മകന്‍ അനന്തു ആചാരി എന്നിവരുടെ നേതൃത്വത്തില്‍ നാല്‍പത് തൊഴിലാളികളുടെ രണ്ട് മാസത്തെ അദ്ധ്വാനത്തിന്റെ ഫലമാണ് ഈ നാലുകാതന്‍ ഉരുളി.