ആലപ്പുഴ: ആലപ്പുഴ മാന്നാറിലെ കല കൊലക്കേസിലെ മൂന്ന് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായ ജിനു, സോമൻ, പ്രമോദ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ ഇവരെ കോടതിയില്‍ ഹാജരാക്കി. മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
കേസിലെ ഒന്നാം പ്രതിയായ ഭർത്താവ് അനില്‍കുമാർ ഇസ്രയേലില്‍ ജോലി ചെയ്യുകയാണ്. ഇയാളെ നാട്ടിലെത്തിക്കുവാനുള്ള ശ്രമങ്ങളും നടത്തിവരികയാണ്.
മാന്നാർ ഇരമത്തൂരില്‍നിന്ന് 15 വർഷം മുൻപ് കാണാതായ യുവതിയെയാണ് കൊന്നു സെപ്റ്റിക് ടാങ്കില്‍ തള്ളിയതായി പോലീസ് അതിവിദഗ്ധമായി തെളിയിച്ചത്.
മാന്നാർ ഇരമത്തൂർ കണ്ണം പള്ളിയില്‍ അനില്‍കുമാറിന്‍റെ ഭാര്യ കലയെയാണ് കൊലപ്പെടുത്തി ടാങ്കില്‍ കുഴിച്ച് മൂടിയത്.
ആലപ്പുഴ എസ്പിക്ക് ലഭിച്ച ഊമക്കത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.
കേസില്‍ നാല് പ്രതികളാണെന്നാണ് പോലീസ് കണ്ടെത്തല്‍. ഭർത്താവ് അനിലിനെക്കൂടാതെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമൻ, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍.
ഇവർ നാലുപേരും ചേർന്ന് കലയെ കാറില്‍വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പോലീസിന്‍റെ നിഗമനം.
യുവതിയെ പതിനഞ്ച് വർഷം മുൻപ് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്.
ഇതേത്തുടർന്ന് അനില്‍കുമാറിന്‍റെ വീടിനോട് ചേർന്നുള്ള സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധിക്കുകയായിരുന്നു.
സെപ്റ്റിക് ടാങ്കില്‍നിന്നു മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. മുടി, ആഭരണങ്ങള്‍, വസ്ത്ര ഭാഗങ്ങള്‍, ഒരു എല്ലിന്‍റെ ഭാഗം എന്നിവയാണ് കണ്ടത്തിയത്.