മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപിനെ ഇടിച്ചിട്ട വാഹനം കണ്ടെത്തി; ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: (www.kasargodvartha.com 15.12.2020) മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ലോറി ഡ്രൈവര്‍ ജോയി അറസ്റ്റില്‍. അപകടത്തിന് ഇടയാക്കിയ ലോറിയും പൊലീസ് പിടിച്ചെടുത്തു. നേമം പൊലീസ് സ്റ്റേഷനിലേക്കാണ് ഇടിച്ച വാഹനം കൊണ്ടുപോയത്. ഈ​ഞ്ചക്കല്‍ ഭാഗത്തിനിന്നാണു ലോറി കണ്ടെത്തിയത്. വെള്ളായണിയില്‍ ലോ‍ഡ് ഇറക്കാന്‍ പോകുമ്ബോഴാണ് അപകടമെന്ന് ഡ്രൈവര്‍ മൊഴി നല്‍കി.

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നരമണിയോടെ തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്തില്‍ വച്ചാണ് അപകടം ഉണ്ടായത്. വണ്‍വേയില്‍ സഞ്ചരിച്ചിരുന്ന പ്രദീപിനെ ഇടിച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു. വാഹനത്തിന്റെ പിന്‍ചക്രം കയറിയിറങ്ങിയാണ് പ്രദീപ് മരിച്ചത്. സംഭവത്തിന് പിന്നാലെ മരണത്തില്‍ നാട്ടുകാര്‍ ദുരൂഹത ആരോപിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഫോര്‍ട്ട് എസിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ട്രാഫിക് സിസിടിവി ഇല്ലാത്ത സ്ഥലം ആയിരുന്നതിനാല്‍ വാഹനം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. സമീപത്തെ കടയിലെ സിസിടിവി ദൃശ്യം മാത്രമാണ് പൊലീസിന് കിട്ടിയിരുന്നത്.

അതിനെ അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണം. ഇതിന്റെ അടിസ്ഥാനത്തിലാണ് വാഹനം തിരിച്ചറിഞ്ഞത്. മണല്‍ കയറ്റിയ ലോറിയായിരുന്നു ഇടിച്ചത്. അപകടത്തിനുശേഷം നെയ്യാറ്റിന്‍കര ഭാഗത്തേയ്ക്കാണ് വാഹനം പോയത്. തുടര്‍ന്ന് പൊലീസ് വ്യാപകമായി നടത്തിയ തെരച്ചിലിന് ഒടുവിലാണ് ഡ്രൈവറെ കസ്റ്റഡിയില്‍ എടുത്തത്. ഇഞ്ചക്കല്‍ ഭാഗത്ത് നിന്നാണ് ഡ്രൈവറെ പിടികൂടിയത്. നിലവില്‍ ഇയാളെ എസിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു വരികയാണ്.

അതിനിടെ മലയാളത്തിലെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരില്‍ പ്രമുഖനായ എസ് വി പ്രദീപിന്റെ ദുരൂഹ മരണത്തില്‍ ഐ ജി റാങ്കില്‍ കുറയാത്ത ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള അന്വേഷണം പ്രഖ്യാപിക്കണമെന്ന് കേരളത്തിലെ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മാനേജ്‌മെന്റ് പ്രതിനിധികളുടെ സംഘടനയായ കോം ഇന്ത്യ ആവശ്യപ്പെട്ടു.

ഫോര്‍ട്ട് അസി. കമ്മിഷണര്‍ പ്രതാപചന്ദ്രന്‍ നായരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ അന്വേഷണം അപര്യാപ്തമാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. മാധ്യമ പ്രവര്‍ത്തനത്തിന്റെ പേരില്‍ പ്രദീപിന് നിരവധി ശത്രുക്കള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബവും അത്തരം ഒരു ആരോപണം ഉന്നയിച്ചിട്ടുണ്ട്.

ഒട്ടേറെ വിവാദ സംഭവങ്ങളില്‍ വിട്ടു വീഴ്ചയില്ലാത്ത നിലപാട് സ്വീകരിച്ചിരുന്ന മാധ്യമ പ്രവര്‍ത്തകനാണ് എസ് വി പ്രദീപ്. അദ്ദേഹത്തിന്റെ മരണത്തിന് കാരണമായ നേമം കാരയ്ക്കാ മണ്ഡപത്ത് വെച്ചുണ്ടായ വാഹനാപകടം ദുരൂഹമാണ്.

പ്രദീപിന്റെ മരണം അന്വേഷിക്കാന്‍ ഫോര്‍ട്ട് എ സി പ്രതാപചന്ദ്രന്‍ നായരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തിനെ നിയോഗിച്ചിട്ടുണ്ടെങ്കിലും പ്രദീപിന്റെ മരണത്തില്‍ ഐ ജി റാങ്കില്‍ കുറയാത്ത ഒരു ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലുള്ള അന്വേഷണമാണ് സത്യാവസ്ഥ പുറത്ത് കൊണ്ടുവരാന്‍ ആവശ്യം.

സംഭവത്തിന്റെ അതീവ ഗൗരവ സ്വഭാവം കണക്കിലെടുത്ത് അടിയന്തര തീരുമാനം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തില്‍ കോം പ്രസിഡന്റ് വിന്‍സെന്റ് നെല്ലിക്കുന്നേല്‍, ജനറല്‍ സെക്രട്ടറി അബ്ദുല്‍ മുജീബ് എന്നിവര്‍ ആവശ്യപ്പെട്ടു.

Related posts

Leave a Comment