മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീറിന്റെ ചരമവാര്‍ഷികം ഇന്ന്

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം.ബഷീര്‍ വാഹനാപകടത്തില്‍ മരിച്ചിട്ട് ഇന്നേക്ക് ഒരു വര്‍ഷം പൂര്‍ത്തിയാകുന്നു. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫായി സേവനം അനുഷ്‌ഠിക്കുകയായിരുന്നു ബഷീര്‍. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു വാഹനാപകടം. തിരുവനന്തപുരം മ്യൂസിയം ജങ്‌ഷന് സമീപത്തുവച്ചാണ് വാഹനാപകടമുണ്ടായത്. സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥനായ ശ്രീറാം വെങ്കിട്ടരാമനാണ് കേസില്‍ ഒന്നാംപ്രതി.

കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ മാസങ്ങള്‍ പിന്നിട്ടിടും വിചാരണ നടപടികള്‍ ഇതുവരെ പൂ‍ര്‍ത്തിയായിട്ടില്ല. കേസിലെ ഒന്നാം പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുത്തിട്ടുണ്ട്. ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുത്തതിനെതിരെ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍, കോവിഡ് സേവനങ്ങള്‍ക്ക് വേണ്ടിയാണ് ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുത്തതെന്ന വിശദീകരണമാണ് സര്‍ക്കാര്‍ നല്‍കിയത്.

മദ്യലഹരിയില്‍ അമിതവേഗത്തില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ചാണ് ബഷീര്‍ കൊല്ലപ്പെട്ടത്. മ്യൂസിയം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വാഹനാപകടം നടക്കുമ്ബോള്‍ ശ്രീറാമിന്റെ സുഹൃത്ത് വഫ ഫിറോസും കാറിലുണ്ടായിരുന്നു. ശ്രീറാമിനെ കുരുക്കില്‍ നിന്നു രക്ഷിക്കാന്‍ നീക്കങ്ങള്‍ നടന്നതായി ആരോപണമുയര്‍ന്നിരുന്നു. മദ്യലഹരിയിലായിരുന്ന ശ്രീറാമാണ് വാഹനമോടിച്ചതെന്ന് ദൃക്‌സാക്ഷികള്‍ മൊഴി നല്‍കിയിട്ടും കേസെടുക്കാതെ പൊലീസ് ഒളിച്ചുകളിക്കുകയാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ശ്രീറാമിന്റെ നിര്‍ബന്ധത്തിന് വഴങ്ങി മദ്യപിച്ചിട്ടുണ്ടോ എന്ന പരിശോധനപോലും നടത്താതെ സ്വകാര്യ ആശുപത്രിയിലേക്കും പറഞ്ഞയക്കുകയാണ് പൊലീസ് ചെയ്‌തത്.

സ്വകാര്യ ആശുപത്രിയില്‍ വളരെ വൈകി നടത്തിയ പരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിയാത്തതോടെ കേസ് ശ്രീറാമിന് അനുകൂലമാകുകയായിരുന്നു. കാറോടിച്ചത് താനല്ല, വഫയാണെന്ന് ശ്രീറാം മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഇതു നിഷേധിച്ച്‌ വഫ തന്നെ രംഗത്തെത്തുകയായിരുന്നു. കേസില്‍ പ്രതിയായ ശ്രീറാമിനെ സര്‍വീസില്‍ നിന്നു സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. പിന്നീട് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സര്‍വീസില്‍ തിരിച്ചെടുക്കുകയായിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളുണ്ട്. ശ്രീറാമിനെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായാണ് ആരോപണം. പ്രത്യേക അന്വേഷണസംഘത്തിനാണ് ഇപ്പോള്‍ കേസിന്റെ ചുമതല. എന്നാല്‍, അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നാണ് ബഷീറിന്റെ കുടുംബത്തിന്റെ അടക്കം ആരോപണം.

അതേസമയം, ബഷീറിന്റെ ഭാര്യ ജസീലയ്‌ക്ക് സര്‍ക്കാര്‍ ജോലി നല്‍കിയിട്ടുണ്ട്. മലപ്പുറം ജില്ലയിലെ തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ അസിസ്റ്റന്റ് വിഭാഗത്തിലാണ് ജോലി. 27,800-59,400 എന്ന ശമ്ബള സ്‌കെയിലിലാണ് ജോലി നല്‍കിയിരിക്കുന്നത്. വിദ്യാഭ്യാസ യോഗ്യത പരിഗണിച്ചാണ് ജോലി നല്‍കിയിരിക്കുന്നത്. ആറ് ലക്ഷം രൂപയാണ് ബഷീറിന്റെ കുടുംബത്തിനു സര്‍ക്കാര്‍ ധനസഹായം നല്‍കിയത്. ബഷീറിന്റെ അമ്മയ്ക്ക് രണ്ട് ലക്ഷം, രണ്ട് മക്കള്‍ക്ക് രണ്ട് ലക്ഷം രൂപ വീതം എന്നിങ്ങനെയായിരുന്നു സര്‍ക്കാര്‍ ധനസഹായം.

Related posts

Leave a Comment