‘മാധ്യമങ്ങള്‍ നല്‍കിയത് വ്യാജ കണക്ക്, ലോകത്തിന് മുന്നില്‍ കേരളം അവഹേളിക്കപ്പെട്ടു’; മുഖ്യമന്ത്രി

തിരുവനന്തപുരം: മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി. വയനാട് ദുരന്ത നിവാരണകണക്കില്‍ സംശയത്തിന്റെ പുകപടലം പകർത്താൻ മാധ്യമങ്ങള്‍ ശ്രമം നടത്തിയെന്ന് മുഖ്യമന്ത്രി വിമർശിച്ചു.

കേരളം വ്യാജ കണക്കുകള്‍ പ്രചരിപ്പിച്ച്‌ അനർഹമായ സഹായം തട്ടിയെടുക്കാൻ ശ്രമം നടത്തുന്നുവെന്ന കഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറാൻ ഇത് കാരണമായി. വ്യാജ വാർത്തയില്‍ ലോകത്തിന് മുന്നില്‍ കേരളം അവഹേളിക്കപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘പെട്ടെന്നു കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കുകളാണ് മാധ്യങ്ങള്‍ നല്‍കിയത്. ഓണത്തിന്റെ ദിവസങ്ങളിലാണ് ഇത്തരത്തിലൊരു സ്തോപജനകമായ വാർത്ത പ്രചരിപ്പിച്ചത്. ഒറ്റ ദിവസം കൊണ്ടാണ് ഇതുപോലുള്ള വാർത്തകള്‍ ലോകമാകെ സഞ്ചരിക്കുന്നത്. വയനാട് പുനരധിവാസത്തില്‍ സർക്കാർ കള്ളക്കണക്ക് കൊടുത്തു എന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തിറങ്ങി. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ ആക്ഷേപം വന്നു. കേരളത്തിനെതിരായ ദുഷ്പ്രചരണം എല്ലാ സീമകളും കടന്ന് കുതിച്ചുപാഞ്ഞു. അസത്യം പറക്കുമ്ബോള്‍ സത്യം അതിന്റെ പിന്നാലെ മുടന്തുകയാണ് ചെയ്യുക. അതാണ് യഥാർത്ഥത്തില്‍ സംഭവിച്ചത്.

സർക്കാർ വിശദീകരിച്ച്‌ പത്രകുറിപ്പ് ഇറക്കിയെങ്കിലും വ്യാജവാർത്തയ്ക്ക് പിന്നാലെ ഇഴയാൻ മാത്രമേ അതിന് സാധിച്ചുള്ളൂ. കേരളം വ്യാജ കണക്കുകള്‍ പ്രചരിപ്പിച്ച്‌ അനർഹമായ സഹായം തട്ടിയെടുക്കാൻ ശ്രമിക്കുന്നു എന്ന വ്യാജ കഥ വലിയ വിഭാഗം ജനങ്ങളുടെ മനസിലേക്ക് കടന്നുകയറി. കേരളീയരും സർക്കാരും ജനങ്ങളാകെയും ലോകത്തിന് മുന്നില്‍ അവഹേളിക്കുപ്പെട്ടു. കേവലം ഒരു വ്യാജ വാർത്ത പ്രചരണമോ മാധ്യമ ധാർമ്മികതയുടെ പ്രശ്നമോ അല്ല ഇത്. നുണകള്‍ അല്ല, അതിന് പിന്നിലുള്ള അജണ്ടയാണ് . അത് നാടിന് എതിരെയുള്ളത്. ലോകമാകേയും പ്രകീർത്തിക്കും വിധമാണ് രക്ഷാപ്രവർത്തനം നടത്താൻ നമ്മുക്ക് സാധിച്ചത്.

ഇതിനോടകം ദുരന്തത്തില്‍പെട്ടവരുടെ ആശ്രിതര്‍ക്ക് 6 ലക്ഷം രൂപ വീതം നല്‍കി. ഇതിനായി എസ്ഡിആർഎഫില്‍ നിന്ന് 5.24 കോടിയും സിഎഡിആർഎഫില്‍ നിന്ന് 2.63 കോടിയും ചെലവഴിച്ചു. 173 പേരുടെ സംസ്‌കാരചടങ്ങുകള്‍ക്കായി കുടുംബങ്ങള്‍ക്ക് 10000 രൂപ വീതം നല്‍കി. ഗുരുതരമായി പരുക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയില്‍ തുടർന്ന 26 പേര്‍ക്ക് 17,16,000 രൂപ , 1013 കുടുംബങ്ങള്‍ക്ക് അടിയന്തരമായി 10000 രൂപ ,1694 പേര്‍ക്ക് ഒരു മാസത്തേക്ക് ഒരു ദിവസം 300 രൂപ വീതം, 33 കിടപ്പുരോഗികള്‍ക്ക് 2,97,000 രൂപ , 722 കുടുംബങ്ങള്‍ക്ക് പ്രതിമാസവാടക 6000 രൂപ എന്നിങ്ങനെയാണ് ഇതുവരെ നല്‍കിയത്’, മുഖ്യമന്ത്രി പറഞ്ഞു.

Related posts

Leave a Comment