മാങ്കുളത്ത് സംഘര്‍ഷം: വനപാലകര്‍ക്കും നാട്ടുകാര്‍ക്കുമെതിരെ കേസ്, നാളെ പഞ്ചായത്തില്‍ ഹര്‍ത്താല്‍

അടിമാലി: മാങ്കുളത്ത് കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷത്തില്‍ വനപാലകര്‍ക്കും നാട്ടുകാര്‍ക്കുമെതിരെ കേസെടുത്ത് പോലീസ്.

ഡി.എഫ്.ഒയുടെ പരാതിയിലാണ് നാട്ടുകാര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ ഡി.എഫ്.ഒ സുഭാഷ് അടക്കമുളള വനപാലകര്‍ക്കെതിരെയും കേസെടുത്തു.

വനപാലകര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച്‌ ജനകീയ സമരസമിതിയുടെ നേതൃത്വത്തില്‍ മാങ്കുളത്ത് നാളെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.

ഡി.എഫ്‌ഒ ഓഫീസ് മാര്‍ച്ചുമുണ്ടാകും. ജനപ്രതിനിധികളെ ഉള്‍പ്പെടെ വനപാലകര്‍ മര്‍ദ്ദിച്ചുവെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

മാങ്കുളം പെരുമ്ബന്‍കുത്ത് വെള്ളച്ചാട്ടത്തിന് സമീപം ബ്ലോക്ക് പഞ്ചായത്ത് നിര്‍മ്മിച്ച്‌ പവലിയനുമായി ബന്ധപ്പെട്ടാണ് ഇന്നലെ തര്‍ക്കവും സംഘര്‍ഷവുമുണ്ടായത്.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിബിന്‍ ജോസഫ്, പഞ്ചായത്തംഗം അനില്‍ ആന്റണി എന്നിവരെ പരിക്കുകളോടെ ഇടുക്കി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

മര്‍ദ്ദിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ഡിഎഫ്‌ഒ അടക്കമുള്ളവരെ തടഞ്ഞുവച്ചിരുന്നു.

കേസെടുക്കാമെന്ന പോലീസ് ഉറപ്പിനെ തുടര്‍ന്നാണ് രാത്രി ഏഴു മണിയോടെ പ്രതിഷേധക്കാര്‍ പിന്മാറിയത്.

Related posts

Leave a Comment