മഹാരാഷ്ട്രയില്‍ നിന്നും മടങ്ങുന്ന മലയാളികളുടെ ശ്രദ്ധയ്ക്ക് ; പാലിക്കേണ്ട നടപടിക്രമങ്ങള്‍

മുംബൈ : കോവിഡ് രോ​ഗം സൃഷ്ടിച്ച പ്രതിസന്ധിയെത്തുടര്‍ന്ന് മറുനാട്ടില്‍ കഴിയുന്ന മലയാളികള്‍ മിക്കവരും നാട്ടിലേക്ക് തിരികെ പോരാനുള്ള തയ്യാറെടുപ്പിലാണ്. കോവിഡ് ബാധ രൂക്ഷമായ മഹാരാഷ്ട്രയില്‍ നിന്നു കേരളത്തിലേക്കു യാത്ര തിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ കേരള സര്‍ക്കാരിന്റെയും മഹാരാഷ്ട്ര പൊലീസിന്റയും വെബ്സൈറ്റില്‍ ഇ-പാസിന് റജിസ്റ്റര്‍ ചെയ്ത് അനുമതി നേടിയാല്‍ മതിയെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. കടന്നുപോകുന്ന സംസ്ഥാനങ്ങളുടെ പാസ് ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

നടപടിക്രമങ്ങള്‍ ഇങ്ങനെ:

സംസ്ഥാനത്ത് തിരികെ എത്താന്‍ ആ​ഗ്രഹിക്കുന്ന മലയാളികള്‍ ആദ്യം നോര്‍ക്ക വെബ്സൈറ്റില്‍ റജിസ്റ്റര്‍ ചെയ്യണം (www.registernorkaroots.org)

തുടര്‍ന്ന് കേരള സര്‍ക്കാരിന്റെ കോവിഡ് 19 ജാഗ്രതാ പോര്‍ട്ടലില്‍ ഇ-പാസിനായി അപേക്ഷിക്കണം (www.covid19jagratha.kerala.nic.in)

അതോടൊപ്പം, മഹാരാഷ്ട്ര പൊലീസിന്റെ വെബ്സൈറ്റിലും ഇ-പാസിനായി അപേക്ഷിക്കണം (www.covid19.mhpolice.in)

കേരളത്തില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും ഇ-പാസ് ലഭിച്ചാല്‍ യാത്ര തിരിക്കാവുന്നതാണ്.
മഹാരാഷ്ട്രയില്‍ നിന്നുള്ളവര്‍ കാസര്‍കോട് – മഞ്ചേശ്വരം അതിര്‍ത്തിയിലെ തലപ്പാടി ചെക്പോസ്റ്റ് വഴിയാണ് കേരളത്തിലേക്ക് എത്തേണ്ടത്.

മഹാരാഷ്ട്രയില്‍ നിന്നുള്ള ഡ്രൈവറാണെങ്കില്‍ റിട്ടേണ്‍ പാസ് എടുത്തിരിക്കണം. അല്ലാത്തപക്ഷം ക്വാറന്റീനില്‍ കഴിയണം.

സ്വന്തം വാഹനമോ, വാടകയ്ക്ക് എടുക്കുന്ന വാഹനമോ ഉള്ളവര്‍ക്കാണ് നിലവില്‍ പാസ് നല്‍കുന്നത്. അപേക്ഷകന്റെ യാത്രാ ആവശ്യം പരിഗണിച്ച്‌ അടിയന്തര സ്വഭാവം വിലയിരുത്തിയ ശേഷമാണ് പാസ് അനുവദിക്കുന്നത്. രോഗികള്‍, ഗര്‍ഭിണികള്‍, കേരളത്തില്‍ നിന്നെത്തി ലോക്ഡൗണിനെത്തുടര്‍ന്ന് കുടുങ്ങിപ്പോയവര്‍ എന്നിവര്‍ക്കാണ് പാസ് നല്‍കുന്നതില്‍ മുന്‍ഗണന നല്‍കിയിട്ടുള്ളത്.

Related posts

Leave a Comment