കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിലെ പൂർവവിദ്യർഥിനി കോളേജിന്റെ പേരിൽ വ്യാജരേഖ നിർമ്മിച്ച് സർക്കാർ കോളേജിൽ ഗസ്റ്റ് ലക്ചററായി.
അട്ടപ്പാടി ഗവ. കോളേജിൽ ഗസ്റ്റ് ലക്ചററുടെ അഭിമുഖത്തിന് എത്തിയ ഉദ്യോഗാർഥിയാണ് രണ്ടുവർഷത്തെ വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഹാജരാക്കിയത്.
സർട്ടിഫിക്കറ്റിൽ സംശയം തോന്നി ഇന്റർവ്യു ബോർഡിൽ ഉണ്ടായിരുന്നവർ മഹാരാജാസ് കോളേജുമായി ബന്ധപ്പെട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.
അട്ടപ്പാടി ഗവ. കോളജിലെത്തിയ കാസർകോട് തൃക്കരിപ്പൂർ സ്വദേശിനിയായ ഉദ്യോഗാർഥിയാണ് മഹാരാജാസ് കോളേജിൽ രണ്ടുവർഷം മലയാളം വിഭാഗത്തിൽ അധ്യാപികയായിരുന്നു എന്ന് കാട്ടി വ്യാജ സർട്ടിഫിക്കറ്റ് സമർപ്പിച്ചത്.
ഒരു വർഷം പാലക്കാടും പിന്നീട് കാസർകോടു തന്നെയുഉള ഒരു സർക്കാർ കോളേജിലും ഇവർ ഗസ്റ്റ് ലക്ചററായിരുന്നു. പാലക്കാട് 2021-22 അധ്യയന വർഷത്തിൽ ഒക്ടോബർ മുതൽ മാർച്ച് വരെയാണ് ഗസ്റ്റ് ലക്ചററായി ജോലി ചെയ്തിരുന്നത്.
അതേസമയം എറണാകുളത്തെ തന്നെ മറ്റൊരു കോളേജിൽ ഗസ്റ്റ് ലക്ചറർ അഭിമുഖത്തിന് പോയെങ്കിലും മഹാരാജാസിലെ ഒരു അധ്യാപിക ഇന്റർവ്യു ബോർഡിൽ ഉണ്ടായിരുന്നതാനാൽ ഇവർ ഈ വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ല.
മഹാരാജാസിൽ മലയാളം വിഭാഗത്തിൽ 2018 മുതൽ 2021 വരെ ഗസ്റ്റ് ലക്ചററായിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണ് നിർമ്മിച്ചെടുത്തത്.
എന്നാൽ കഴിഞ്ഞ 10 വർഷമായി മഹാരാജാസിൽ ഗസ്റ്റ് ലക്ചറർ നിയമം നടന്നിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് പോലീസിൽ പരാതി നൽകാനാണ് മഹാരാജാസ് കോളേജ് അധികൃതരുടെ നീക്കം.