തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടർന്നേക്കും. വടക്കന്‍ കേരളത്തില്‍ ഇന്നലെ തുടങ്ങിയ ശക്തമായ മഴ ഇന്നും തുടർന്നേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അത് യെല്ലോ അലർട്ടായി മാറ്റി.
ഈ ജില്ലകള്‍ക്ക് പുറമെ ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഇന്ന് യെല്ലോ അലർട്ടാണ്. മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമുള്ള ജില്ലകളിലും ജാഗ്രതാ നിർദേശം നിലനില്‍ക്കുകയാണ്.
തെക്കന്‍ ജില്ലകളില്‍ ഒരിടത്തും യെല്ലോ അലർട്ട് പോലുമില്ല.
മഴ കനത്തതോടെ 3 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിലാണ് അവധി.
‘ജില്ലയിൽ മഴ തുടരുന്നതിനാലും പലയിടങ്ങളിലായി വെള്ളക്കെട്ടും ശക്തമായ കാറ്റുമുള്ളതിനാലും, നദീതീരങ്ങളിൽ ക്രമാതീതമായി വെള്ളം ഉയരുന്ന സാഹചര്യത്തിലും പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 24) അവധിയാണ്.
ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകളിൽ മാറ്റമില്ല.’ കോഴിക്കോട് ജില്ലാ കളക്ടർ അറിയിച്ചു.