മഴ വീണ്ടും കനത്തതോടെ സംസ്ഥാനത്ത് വിവിധ ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു. തിരുവനന്തപുരം പേപ്പാറ, വയനാട് ബാണാസുര സാഗര്‍, പാലക്കാട് മലമ്ബുഴ എന്നീ ഡാമുകളുടെ ഷട്ടറുകളാണ് തുറന്നത്.
സംസ്ഥാനത്ത് മഴ വീണ്ടും കനത്തതോടെ രാവിലെ 11 മണിയോടെ തിരുവനന്തപുരം പേപ്പാറ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ അഞ്ച് സെന്റിമീറ്റര്‍ ഉയര്‍ത്തി. ജലനിരപ്പ് ഉയരുന്നതിനാല്‍ കരമനയാറിന്റെ തീരത്തുള്ളവര്‍ക്ക് ജില്ലാഭരണകൂടം ജാഗ്രത നിര്‍ദ്ദേശം നല്‍കി.
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ കരമനയാറില്‍ പൊതുജനങ്ങള്‍ ഇറങ്ങരുതെന്ന് ജില്ലാഭരണകൂടം അറിയിച്ചു . വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ 5 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടര്‍ന്നാല്‍ ഷട്ടര്‍ പത്ത് സെന്റിമീറ്ററായി ഉയര്‍ത്താനും തീരുമാനമുണ്ട്.
മലമ്ബുഴ ഡാമിലേക്കുളള നീരൊഴുക്ക് തുടരുന്നതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി ഡാമിന്റെ നാല് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. മുക്കൈ പുഴ, കല്പാത്തി പുഴ, ഭാരതപ്പുഴ എന്നിവരുടെ തീരത്ത് താമസിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.