മഴവില്‍ അഴകില്‍ മമ്മി; അമ്മയുടെ ചിത്രം പങ്കുവച്ച്‌ ദിലീഷ് പോത്തന്‍

മലയാളസിനിമയിലെ ഏറ്റവും പ്രോമിസിംഗ് ആയ സംവിധായകരുടെ ലിസ്റ്റെടുത്താല്‍ അതില്‍ തള്ളികളയാനാവാത്ത ഒരു സാന്നിധ്യമാണ് ദിലീഷ് പോത്തന്റേത്. മലയാള സിനിമാ ആരാധകര്‍ക്ക് നിരന്തരം ചര്‍ച്ച ചെയ്യാനും കണ്ടെത്താനുമായി ഓരോ സിനിമകളിലും പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് ഒളിപ്പിച്ചുവയ്ക്കുന്ന സംവിധായകന്‍. തന്റെ സിനിമകളിലെ ഓരോ രംഗങ്ങളിലും പരമാവധി സൂക്ഷ്മാംശങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന ദിലീഷ് പോത്തനിലെ സംവിധായക മികവിന് സിനിമാപ്രേമികള്‍ നല്‍കിയ പേരാണ് പോത്തേട്ടന്‍സ് ബ്രില്ല്യന്‍സ് എന്നത്.

ദിലീഷ് പോത്തന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകരുടെ ശ്രദ്ധ കവരുന്നത്. ജാതിക്കാത്തോട്ടത്തില്‍ നിന്നും ജാതിക്കാ പറക്കുന്ന​ അമ്മയുടെ ചിത്രമാണ് ദിലീഷ് പങ്കുവച്ചിരിക്കുന്നത്. ‘മഴവില്‍ അഴകില്‍ മമ്മി’, എന്ന ക്യാപ്ഷനോടെയാണ് ദിലീഷ് ചിത്രം പങ്കുവച്ചിരിക്കുന്നത്.

ലോക്ക്ഡൗണ്‍ കാലത്ത് സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് ആഫ്രിക്കയില്‍ പെട്ടുപോയ ദിലീഷും സംഘവും ജൂണ്‍ ആദ്യവാരമാണ് തിരിച്ച്‌ നാട്ടിലെത്തിയത്. ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ താരം കോവിഡ് ഫലം നെഗറ്റീവായ സന്തോഷവും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു. ഉപ്പും മുളകും സീരിയലിന്റെ സംവിധായകന്‍ എസ്.ജെ.സിനു ആദ്യമായി സംവിധാനം ചെയ്യുന്ന ‘ജിബൂട്ടി’ സിനിമയുടെ ചിത്രീകരണത്തിനാണ് സംഘം ആഫ്രിക്കയില്‍ പോയത്. ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംഘം ആഫ്രിക്കയില്‍ കുടുങ്ങി. 71 പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നത്.

No photo description available.

കോട്ടയം ജില്ലയിലെ കുറുപ്പന്തറയ്ക്കടുത്ത് ഓമല്ലൂരില്‍ ജനിച്ച ദിലീഷ് പോത്തന്റെ പിതാവ് കൊല്ലംപറമ്ബില്‍ ഫിലിപ്പ് ഒരു ഫിലിം റെപ്രസന്റീവ് ആയിരുന്നു. കമ്ബ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ ദിലീഷ് പോത്തന്‍ ജോലി ഉപേക്ഷിച്ചാണ് സിനിമാരംഗത്തേക്ക് എത്തിയത്. 2010-ല്‍ പുറത്തിറങ്ങിയ ‘9 KK റോഡ്’ എന്ന ചിത്രത്തിന്റെ സഹസംവിധായകനായാണ് ദിലീഷിന്റെ തുടക്കം. തുടര്‍ന്ന് ’22 ഫീമെയില്‍ കോട്ടയം’, ‘ടാ തടിയാ’, ഗാങ്ങ്സ്റ്റര്‍ എന്നീ ചിത്രങ്ങളില്‍ ആഷിഖ് അബുവിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു. ഏഴോളം ചിത്രങ്ങളില്‍ ദിലീഷ് സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘സാള്‍ട്ട് ആന്റ് പെപ്പര്‍’ എന്ന ചിത്രത്തിലെ അഭിനയവും തുടക്കക്കാലത്ത് ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് നടനായും സംവിധായകനായുമൊക്കെ മലയാള മുഖ്യധാര സിനിമയിലെ ശ്രദ്ധേയസാന്നിധ്യമായി മാറുകയായിരുന്നു ദിലീഷ് പോത്തന്‍. 2016-ല്‍ ‘മഹേഷിന്റെ പ്രതികാരം’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ ആയിരുന്നു ദിലീഷ് പോത്തന്റെ രണ്ടാമത്തെ ചിത്രം. രണ്ടു ചിത്രങ്ങളും അതാതു വര്‍ഷങ്ങളില്‍ മികച്ച മലയാളചിത്രത്തിനുള്ള ദേശീയപുരസ്ക്കാരങ്ങള്‍ തുടര്‍ച്ചയായി നേടിയതോടെ അപൂര്‍വ്വമായൊരു നേട്ടത്തിനും ദിലീഷ് അര്‍ഹനായി. തിരക്കഥാകൃത്തും സുഹൃത്തുമായ ശ്യാം പുഷ്കരനുമൊപ്പം ചേര്‍ന്ന് ‘വര്‍ക്കിങ്ങ് ക്ലാസ്സ് ഹീറോ’ എന്ന പേരില്‍ ഒരു ചലച്ചിത്രനിര്‍മ്മാണ കമ്ബനിയും ദിലീഷ് പോത്തന്‍ ആരംഭിച്ചു. ഇവരുടെ ബാനറില്‍ നിര്‍മ്മിച്ച ആദ്യപടമായിരുന്നു 2019ല്‍ പുറത്തിറങ്ങിയ ‘കുമ്ബളങ്ങി നൈറ്റ്സ്’.

Related posts

Leave a Comment