ന്യൂഡല്‍ഹി: വെള്ളം നിറഞ്ഞു കിടന്ന റോഡിലെ കുഴിയില്‍ ഓട്ടോമറിഞ്ഞു ഡ്രൈവര്‍ മുങ്ങി മരിച്ചു. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറില്‍ നടന്ന സംഭവത്തില്‍ നന്ദ് നാഗ്രി സ്വദേശി അജിത്ശര്‍മ്മ എന്ന 51 കാരനാണ് മരണമടഞ്ഞത്.
നാലു കുട്ടികളുടെ പിതാവായ ഡ്രൈവര്‍ റോഡിലെ കുഴിയുടെ ആഴം മനസ്സിലാക്കാതെ ഓട്ടോയിറക്കിയതാണ് അപകടത്തിന് കാരണമായത്.
ഫ്‌ളൈഓവര്‍ നിര്‍മ്മിക്കുന്നതിനായി തൂണുകള്‍ നാട്ടാന്‍ എടുത്ത കുഴിയിലാണ് ഓട്ടോ മറിഞ്ഞത്. മഴപെയ്ത് വെള്ളം നിറഞ്ഞിരുന്നതിനാല്‍ കുഴിയുടെ ആഴം മനസ്സിലാക്കാന്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് കഴിയാതെ പോകുകയായിരുന്നു.
സാധാരണ ഓടിച്ചു പോകുന്നത് പോലെ ഓടിപ്പോയി കുഴിയില്‍ വീഴുകയായിരുന്നു. ഓട്ടോറിക്ഷ മുങ്ങി ഒരാള്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് വഴിയാത്രക്കാരന്‍ പോലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു.
ഹര്‍ഷ് വിഹാറിലെ വസീറാബാദ് റോഡിലെ ഓടയില്‍ ഒരാള്‍ മുങ്ങിമരിച്ചെന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ വിവരം കിട്ടിയതോടെയാണ് പോലീസ് സ്ഥലത്തെത്തിയത്. കുഴിയില്‍ കിടക്കുന്ന രീതിയില്‍ ഓട്ടോറിക്ഷ കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് ഡ്രൈവറുടെ മൃതദേഹം പോലീസ് വലിച്ചെടുത്തു. മൃതദേഹത്തില്‍ ഒരു തരത്തിലുമുള്ള മുറിവുകളും ഇല്ലായിരുന്നെന്നും പോലീസ് പറയുന്നു.
ഭാര്യയും ഒരു പെണ്‍കുട്ടിയും മൂന്ന് ആണ്‍മക്കളുമുള്ള കുടുംബത്തിന്റെ ഏകവരുമാനമായിരുന്നു അജിത് ശര്‍മ്മ. അപകടം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്ബ് ഇയാള്‍ വീട്ടിലേക്ക് വിളിച്ചിരുന്നു.
അനായാസം ഒരു ഓട്ടോയ്ക്ക് കിടക്കാന്‍ തക്കവിധം വലിപ്പവും ആഴവും നിറഞ്ഞതായിരുന്നു കുഴി. ചെറിയ ഗട്ടര്‍ ആണെന്ന് ഓട്ടോ ഡ്രൈവര്‍ കരുതിയിരിക്കണം അതുകൊണ്ടായിരിക്കാം ഓട്ടോയുമായി മുമ്ബോട്ട് പോയതെന്നുമാണ് പോലീസിന്റെ നിഗമനം.
സംഭവത്തിന്റെ വിവരങ്ങള്‍ പിഡബ്‌ള്യൂഡി യും ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
പ്രദേശത്തെ സിഗ്നല്‍ സംവിധാനം ശരിയായിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
നൈറ്റില്‍ ഓട്ടോ ഓടിക്കുന്ന ശീലമുള്ള ശര്‍മ്മ മിക്കവാറും ഓട്ടോയില്‍ കിടന്നുറങ്ങാറും അതിനു ശേഷം വീട്ടിലേക്ക് പോകാറുമുണ്ടെന്നും പോലീസ് പറയുന്നു.
പോസ്റ്റുമാര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുകൊടുത്തു. സംഭവത്തിന്റെ സിസിടിവി ദൃശ്യം ശേഖരിക്കാനുള്ള നീക്കത്തിലാണ് പോലീസ്.