കൊച്ചി∙ ആദായനികുതി വകുപ്പും ഇ.ഡി. യും മലയാളസിനിമാ വ്യവസായ മേഖലയില്‍ അന്വേഷണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
മലയാളസിനിമാ വ്യവസായത്തിലേക്ക് കള്ളപ്പണത്തിന്റെ ഒഴുക്ക് ഉണ്ടാകുന്നതായി രഹസ്യാന്വേഷണ വിഭാഗം നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
അഞ്ചു നിര്‍മ്മാതാക്കളാണ് കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ളത്. നാലുപേരെ ഉടന്‍ ഇഡി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം. ഒരു സിനിമാനിര്‍മ്മാതാവ് 25 കോടിരൂപ പിഴയടച്ചതായിട്ടാണ് വിവരം.
മലയാള സിനിമാ മേഖലയില്‍ വിദേശത്തു നിന്നു വന്‍തോതിലുള്ള കള്ളപ്പണ നിക്ഷേപം വരുന്നതായിട്ടാണ് ഇന്റലിജന്‍സ് നല്‍കിയിരിക്കുന്ന വിവരം. ഇതേ തുടര്‍ന്നാണ് നിര്‍മ്മാതാക്കള്‍ക്ക് പിന്നാലെ ഐടിയും നീങ്ങിയിരിക്കുന്നത്.
വിദേശത്ത് നിന്നുള്ള പണം വന്‍തോതില്‍ മലയാളത്തിലെ നടന്‍ കൂടിയായ നിര്‍മാതാവ് കൈപ്പറ്റിയതിന്റെ രേഖകള്‍ കേന്ദ്ര ഏജന്‍സികള്‍ക്കു ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് 25 കോടി രൂപ നിര്‍മാണക്കമ്ബനി പിഴയടച്ചത്.
സമീപകാലത്തു മലയാളത്തില്‍ കൂടുതല്‍ മുതല്‍ മുടക്കിയ നിര്‍മാതാവിനെയും രണ്ടുദിവസമായി ചോദ്യം ചെയ്യുന്നുണ്ട്. ഇയാള്‍ ഏതെങ്കിലും കള്ളപ്പണ നിക്ഷേപകരുടെ ബിനാമിയാണോ എന്നറിയാനാണ്.
ദേശ സുരക്ഷയെ ബാധിക്കുന്ന ആശയങ്ങളുടെ പ്രചാരണത്തിനുള്ള ‘പ്രൊപഗാന്‍ഡ’ സിനിമകളുടെ നിര്‍മാണത്തിനു വേണ്ടിയാണോ ഈ പണം എത്തുന്നതെന്നാണു പ്രധാനമായും പരിശോധിക്കുന്നത്.
വിദേശകള്ളപ്പണ നിക്ഷേപം വരുന്ന സിനിമകളുടെ നിര്‍മാണ വേളയിലാണ് ലഹരിമരുന്ന് കൂടുതലായി ഷൂട്ടിങ് ലൊക്കേഷനുകളില്‍ എത്തുന്നതെന്നും കേന്ദ്ര ഏജന്‍സികള്‍ക്കു മൊഴി ലഭിച്ചിട്ടുണ്ട്.
ഇതോടെ പുതിയതായി ഇറങ്ങുന്ന സിനിമകളുടെ കഥകളും ആശയങ്ങളും വരെ സൂക്ഷ്മമായി പരിശോധിക്കാനും രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു കേന്ദ്ര ആഭ്യന്തരവകുപ്പിന്റെ നിര്‍ദേശം കിട്ടിയിട്ടുണ്ട്.