മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണിനെ കോവിഡ് പിടികൂടുമോ എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ.

ചെന്നൈ: കോവിഡ് രണ്ടാം തരംഗം ശക്തമായതോടെ കൊച്ചിയിലെ ഷൂട്ടിങ് എല്ലാം നിന്നു. അന്ന് തന്നെ മോഹന്‍ലാല്‍ ചെന്നൈയിലെ വീട്ടിലുമെത്തി. ലോക്ഡൗണിനിടയും ബിഗ് ബോസ് തടസ്സപ്പെടാതിരിക്കാനായിരുന്നു ലാലിന്റെ ഈ മുന്‍കരുതല്‍. എന്നിട്ടും മലയാളം ബിഗ് ബോസിന്റെ മൂന്നാം സീസണിനെ കോവിഡ് പിടികൂടുമോ എന്ന ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയെ.

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്നും 45 മിനിറ്റോളം യാത്ര ചെയ്തുവേണം ബിഗ് ബോസ് ഹൗസിലെത്താന്‍. ചെന്നൈ-ബാഗ്‌ളുരൂ ഹൈവേയ്ക്ക് അടുത്താണ് ഈ വീട്. കോവിഡിന്റെ പ്രതിസന്ധിക്കിടയിലും ലാലിന് യാത്ര ചെയ്ത് ഇവിടെ എത്താനാകുന്നിടത്തോളം കാലം ബിഗ് ബോസ് മുടങ്ങില്ല. പെര്‍ഫെക്‌ട് ബയോബബിളാണ് ബിഗ് ബോസ് ഹൗസ്. അതുകൊണ്ട് തന്നെ മത്സരാര്‍ത്ഥികള്‍ക്കോ മറ്റ് സാങ്കേതിക പ്രവര്‍ത്തകര്‍ക്കോ പുറത്തു പോകേണ്ടി വരുന്നില്ല. അതുകൊണ്ട് തന്നെ ബിഗ് ബോസ് നിര്‍ത്തേണ്ടതില്ലെന്നാണ് ഏഷ്യാനെറ്റ് ഗ്രൂപ്പിന്റെ നിലപാട്.

ഒട്ടേറെ പ്രത്യേകതകളുമായി ആരംഭിച്ച മൂന്നാം സീസണിന് വാലന്റൈന്‍സ് ദിനമായ ഫെബ്രുവരി 14നാണ് തുടക്കമായത്. പ്രശസ്തരായ മത്സരാര്‍ഥികള്‍ കുറവായ സീസണ്‍ രസകരമാകുമോ എന്ന് തുടക്കത്തില്‍ സംശയിച്ചവര്‍ ഉണ്ടായിരുന്നെങ്കിലും ഷോ മുന്നോട്ടുപോകവെ ജനപ്രീതിയില്‍ മുന്നിലെത്തി. 83-ാം എപ്പിസോഡില്‍ എത്തിനില്‍ക്കുകയാണ് സീസണ്‍ 3. ഇതിനിടെയാണ് കോവിഡ് പടര്‍ന്നു പിടിക്കുന്നത്. അതേസമയം അവതാരകനായ മോഹന്‍ലാല്‍ എത്തുന്ന വീക്കെന്‍ഡ് എപ്പിസോഡ് ആണ് ബിഗ് ബോസില്‍ ഇന്ന്. നിലവില്‍ ഒന്‍പത് മത്സരാര്‍ഥികള്‍ മാത്രമാണ് ബിഗ് ബോസ് ഹൗസില്‍ അവശേഷിക്കുന്നത്.

ഇന്ന് മോഹന്‍ലാല്‍ ഷോ നിര്‍ത്തുന്ന പ്രഖ്യാപനം നടത്തുമോ എന്ന ആശങ്ക ആരാധകര്‍ക്കുണ്ട്. എന്നാല്‍ അതിന് സാധ്യത തീരേ കുറവാണ്. നേരത്തെ കൊച്ചിയില്‍ ലാല്‍ താമസിക്കുമ്ബോള്‍ ഇവിടെ സ്റ്റുഡിയോ ഒരുക്കി മത്സരാര്‍ത്ഥികളുമായി സംസാരിക്കുന്നതിനുള്ള സാധ്യതകള്‍ ഏഷ്യാനെറ്റ് ആരാഞ്ഞിരുന്നു. ഇതിനിടെയാണ് ലാല്‍ തന്നെ ചെന്നൈയില്‍ എത്തിയത്. എന്തെങ്കിലും പ്രതിസന്ധിയുണ്ടെങ്കില്‍ മോഹന്‍ലാല്‍ വീട്ടില്‍ തന്നെ നിലയുറപ്പിച്ച്‌ മത്സരാര്‍ത്ഥികളുമായി സംസാരിക്കുന്ന സംവിധാനം ഒരുക്കുന്നതും പരിഗണനയിലാണ്.

കഴിഞ്ഞ സീസണിനെപ്പോലെ ബിഗ് ബോസ് മലയാളം സീസണ്‍ 3ന്റെ ചിത്രീകരണവും ചെന്നൈയിലാണ് നടക്കുന്നത്. കോവിഡ് രണ്ടാംതരംഗം പിടിമുറുക്കുന്ന സാഹചര്യത്തില്‍ തമിഴ്‌നാട്ടിലും വീണ്ടും ലോക്ക്ഡൗണ്‍ വരുകയാണ്. പത്താം തീയതി മുതല്‍ രണ്ടാഴ്ചത്തേക്കാണ് തമിഴ്‌നാട്ടില്‍ നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ബിഗ് ബോസിനെ ബാധിക്കുമോ എന്ന ആശങ്കയാണ് ചര്‍ച്ചയാകുന്നത്. കോവിഡിനെ തുടര്‍ന്ന് ബിഗ് ബോസ് മലയാളം സീസണ്‍ 2 75-ാം ദിവസം നിര്‍ത്തേണ്ടിവന്നിരുന്നു.

എന്നാല്‍ ബിഗ് ബോസ് നിര്‍ത്തിവെക്കുന്ന തരത്തില്‍ ഇതുവരെ ഒരു തീരുമാനവും കൈക്കൊണ്ടിട്ടില്ലെന്നാണ് ഷോയുമായി അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്. ഷൂട്ടിങ് നിര്‍ത്തുന്നത് സംബന്ധിച്ച്‌ സര്‍ക്കാര്‍ ഒരു ആവശ്യവും ഇതുവരെ മുന്നോട്ടുവച്ചിട്ടില്ലെന്നും അതിനാല്‍ത്തന്നെ ബിഗ് ബോസ് ടീം ഇതുവരെ അതേക്കുറിച്ചിട്ട് ആലോചിച്ചിട്ടില്ലെന്നുമാണ് വിവരം. ഇക്കാര്യം ഏഷ്യാനെറ്റ് ന്യൂസ് തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുമുണ്ട്. ബിഗ് ബോസിനെ പോലെ തുടങ്ങിയതാണ് ഐപില്ലും. ബയോ ബബിളില്‍ കളിക്കാരെ നിര്‍ത്തി ഐപിഎല്‍ സംഘാടനമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഇത് പാളി. അങ്ങനെ ഐപിഎല്‍ നിര്‍ത്തി. അപ്പോഴും ബിഗ് ബോസ് തുടര്‍ന്നു.

ഇതിനിടെയാണ് തമിഴ്‌നാട്ടില്‍ വീണ്ടും ലോക്ഡൗണ്‍ എത്തുന്നത്. ഇതോടെ വീണ്ടും ബിഗ് ബോസ് നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായി. ഏഷ്യാനെറ്റിന്റെ തന്നെ ബിഗ് ബോസ് അനുബന്ധ പരിപാടിയായ ബിബി കഫെയിലെ അവതാരകരും ഇക്കാര്യം വ്യക്തമാക്കിയിരുന്നു- ‘ഈ സമയത്ത് ഒരുപാട് പ്രേക്ഷകര്‍ ബിഗ് ബോസ് നിര്‍ത്തരുതെന്ന് അഭ്യര്‍ത്ഥിക്കുന്നുണ്ട്.

നിലവില്‍ ബിഗ് ബോസ് ഷോ നിര്‍ത്താന്‍ ഒരു പ്ലാന്‍ ഇല്ല. ഒരു കുഴപ്പവുമില്ലാതെ പൊയ്‌ക്കൊണ്ടിരിക്കുന്നുണ്ട്. അങ്ങനെ എന്തെങ്കിലും തീരുമാനം ഉണ്ടായാല്‍ തീര്‍ച്ഛയായും പ്രേക്ഷകരെ അറിയിക്കുന്നതായിരിക്കും. ആസ് ഓഫ് നൗ ദി ഷോ വില്‍ ഗോ ഓണ്‍’, ബിബി കഫെയില്‍ അവതാരകര്‍ പറഞ്ഞിരുന്നു.

Related posts

Leave a Comment