മലപ്പുറം: മലപ്പുറം ജില്ലയിലെ മുണ്ടുപറമ്പില്‍ ഒരു കുടുംബത്തിലെ നാലുപേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഭർത്താവിനെയും , ഭാര്യയെയും, രണ്ട് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
കോഴിക്കോട് കുറ്റിക്കാട്ടൂർ കാരാട്ടു കുന്നുമ്മൽ സബീഷ് (37), ഭര്യ ഷീന (38 ) , മക്കളായ ഹരിഗോവിന്ദ് (6 ) ശ്രീവർദ്ധൻ (രണ്ടര ) എന്നിവരാണ് മരണപ്പെട്ടത്.
കുട്ടികളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം മാതാപിതാക്കള്‍ തൂങ്ങിമരിക്കുകായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച രാത്രിയോടെ അയല്‍വാസികളാണ് മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയശേഷം നാല് മൃതദേഹങ്ങളും പോസ്റ്റുമോർട്ടത്തിനായി മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.പോസ്റ്റുമോർട്ടത്തിന് ശഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
സംഭവം അറിഞ്ഞതോടെ കുറ്റിക്കാട്ടൂരിലുള്ള ബന്ധുക്കള്‍ ഇന്നലെ തന്നെ സ്ഥലത്തെത്തിയിരുന്നു. കുടുംബത്തിന്റെ സാമ്പത്തിക ബാധ്യതയാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് സൂചന.
സംഭവത്തില്‍ മലപ്പുറം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സബീഷിന്‍റെ ഫോൺ പൊലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ഫോറൻസിക് വിദഗ്ദർ ഉൾപ്പടെ എത്തി സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തുകയും ചെയ്യും.