വയനാട്: അക്ഷരാർത്ഥത്തില്‍ മരണഭൂമിയായി മാറിയിരിക്കുകയാണ് മുണ്ടക്കൈ. എങ്ങും ചെളിയും വെള്ളവും കൂറ്റൻ പാറകളും കെട്ടിടാവശിഷ്ടങ്ങളും മാത്രം.
ഇതിനിടയില്‍ ശേഷിക്കുന്ന ജീവനുകളെയും മൃതശരീരങ്ങളെയും കണ്ടെത്താൻ ശ്രമിക്കുന്ന സൈനികരും. ഇടയ്ക്കിടെ മൃതദേഹങ്ങള്‍ കണ്ടെത്തുമ്ബോള്‍ സൈനികരുടെ പോലും കണ്ണുനിറഞ്ഞുപോകുന്നു. പ്രദേശത്ത് ഇനിയും ജീവനോടെ നിരവധിപേർ ശേഷിക്കുന്നുണ്ടെന്നാണ് കരുതുന്നത്. ഇവരെ എത്രയും പെട്ടെന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ സൈന്യം രക്ഷാപ്രവർത്തനത്തിന്റെ വേഗത കൂട്ടിയിരിക്കുകയാണ് . കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ പരിശാേധന നടത്തുന്നുണ്ട്. മരണസംഖ്യ 176 ആയി ഉയർന്നിട്ടുണ്ട്. കൂടുതല്‍ സ്ഥലങ്ങളില്‍ തിരച്ചില്‍ ശക്തമാക്കുമ്ബോള്‍ ഇത് ഇനിയും ഉയർന്നേക്കാം.
മഴയുടെയും പുഴയിലെ ഒഴുക്കിന്റെയും ശക്തി കുറഞ്ഞത് രക്ഷാപ്രവർത്തകർക്ക് ആശ്വാസം പകരുന്നുണ്ട്. എന്നാല്‍ എങ്ങും ചെളി നിറഞ്ഞുകിടക്കുന്നതിനാല്‍ കാലുകള്‍ ഉറപ്പിക്കാൻ പോലും പറ്റാത്ത അവസ്ഥയിലാണ്. ഇത് രക്ഷാപ്രവർത്തനത്തിന് കടുത്ത പ്രതിബന്ധം സൃഷ്ടിക്കുന്നുണ്ട്. കൂറ്റൻ പാറക്കല്ലുകള്‍ മാറ്റാൻ കൂടുതല്‍ യന്ത്രസംവിധാനങ്ങള്‍ എത്തിക്കാനാവാത്തതും പ്രതിസന്ധിയാണ്.
ചൂരല്‍മലയില്‍ ഇപ്പോഴും രക്ഷാപ്രവർത്തകർക്ക് കാര്യമായ തിരച്ചില്‍ നടത്താൻ ആയിട്ടില്ലെന്നാണ് റിപ്പോർട്ട്. ഇവിടേയ്ക്കുളള്ള ബെയ്ലി പാലത്തിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്. കര, നാവിക സേനകള്‍ സംയുക്തമായാണ് നിർമാണം നടത്തുന്നത്. ഇത് പൂർത്തിയാകുന്നതോടെ കൂടുതല്‍ യന്ത്രങ്ങള്‍ അങ്ങോട്ടേക്ക് എത്തിക്കാനാവും എന്നാണ് പ്രതീക്ഷ. ഫയർഫോഴ്സ് സംഘവും മറ്റും രക്ഷാപ്രവർത്തനത്തിനുണ്ട്. ചുരല്‍മലയില്‍ തകർന്ന വീട്ടില്‍ നിന്ന് ഒരു പിഞ്ചുകുഞ്ഞിന്റെ മൃതദേഹം പുറത്തെടുത്തു.വീടുപാെളിച്ചാണ് രക്ഷാപ്രവർത്തകർ ഉള്ളില്‍ കയറിയത്.
കസേരയില്‍ ഇരിക്കുന്ന നിലയില്‍ മൃതദേഹങ്ങള്‍
മണ്ണിനടിയില്‍ പെട്ടവരെ കണ്ടെത്താൻ മൃതദേഹങ്ങളുടെ മണം പിടിക്കാൻ കഴിവുള്ള കെഡാവർ നായ്ക്കളുടെ സേവനവും തേടുന്നുണ്ട്. ഇവ നല്കുന്ന സൂചനകള്‍ക്കനുസരിച്ച് മണ്ണിനടിയിലായ വീടുകള്‍ പൊളിച്ചാണ് രക്ഷാപ്രവർത്തകർ പരിശോധന നടത്തുന്നത്. ഹൃദയഭേദകമായ രംഗങ്ങളാണ് ഓരോവീട്ടിലും കാണാനാവുന്നതെന്നാണ് രക്ഷാപ്രവർത്തകർ സൂചിപ്പിക്കുന്നത്. മുണ്ടക്കൈയിലെ ഒരുവീട്ടില്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍ മൂന്നുമൃതദേഹങ്ങള്‍ കണ്ടെടുത്തു.
ഒരായുസ് മുഴുവൻ സമ്ബാദിച്ചതെല്ലാം വലിച്ചെറിഞ്ഞ് ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നവന്റെ ദയനീയത മുഴുവൻ ഓരോ മൃതദേഹങ്ങളുടെയും കണ്ണുകളില്‍ കാണാം. കുട്ടികള്‍ ഉള്‍പ്പടെ അഞ്ചും ആറും മൃതദേഹങ്ങള്‍ ഒന്നിട്ട് കെട്ടിപ്പിടിച്ചുകിടക്കുന്ന കാഴ്ച ജീവനുള്ളിടത്തോളം കാലം മറക്കാനാവില്ലെന്നാണ് രക്ഷാപ്രവർത്തനത്തില്‍ പങ്കെടുത്ത ഒരു ജനപ്രതിനിധി പറയുന്നത്.
നാറൂറോളം വീടുകളുണ്ടായിരുന്ന മുണ്ടക്കൈയില്‍ ഇപ്പോള്‍ മുപ്പതുവീടുകള്‍ മാത്രമാണ് ശേഷിക്കുന്നത്. എത്രപേർ ജീവനോടെ ശേഷിക്കുന്നുണ്ടെന്നോ എത്രപേർ മരിച്ചുവെന്നോ ഒരു വിവരവുമില്ല. കാണാതായ ഉറ്റവരെ കണ്ടെത്താൻ ആശുപത്രികളിലും ദുരന്ത ഭൂമിയിലും നിറകണ്ണുകളോടെ തിരയുന്ന ചിലരെയും കാണാം.
ജീവിതം ചോദ്യചിഹ്നം
ഒറ്റ രാത്രികൊണ്ട് അന്നുവരെ സമ്ബാദിച്ചതെല്ലാം നഷ്ടമായതിനൊപ്പം ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട് നിരവധി പേരാണ് ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നത്. ഉടുതുണിക്ക് മറുതുണിയില്ലാത്ത അവസ്ഥയിലാണ് ഏറിയകൂറും. മുന്നോട്ടുള്ള ജീവിതം അവർക്കുമുന്നില്‍ ഒരു ചോദ്യചിഹ്നമാകുന്നു. ഉള്ളുലയ്ക്കുന്ന അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനോ അവരെ ആശ്വസിപ്പിക്കാനോ ആർക്കുമാകുന്നില്ല.