മരണപ്പെടുന്ന നേതാക്കള്‍ക്ക് കോടികള്‍ നീക്കിവച്ച്‌ സ്മാരകം പണിയുന്നവര്‍ അറിയാന്‍ അമേരിക്കയിലെ ഒരു മാതൃക

അന്തരിച്ച പ്രമുഖ നേതാക്കളായ കെ ആര്‍ ഗൗരിയമ്മയ്ക്കും ആര്‍ ബാലകൃഷ്ണപിളളയ്ക്കും സ്മാരകം നിര്‍മ്മിക്കാനുളള പണം ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബഡ്ജറ്റില്‍ വക ഇരുത്തിയിരുന്നു. രണ്ട് നേതാക്കള്‍ക്കും സ്മാരകം പണിയാന്‍ രണ്ട് കോടി രൂപ വീതമാണ് നീക്കി വച്ചിട്ടുള്ളത്. സംസ്ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധി നേരിടുന്നതിനിടെയാണ് രണ്ട് നേതാക്കള്‍ക്കും സ്മാരകം പണിയാന്‍ രണ്ട് കോടി രൂപ വീതം സര്‍ക്കാര്‍ നീക്കിവയ്ക്കുന്നതെന്നതിനാല്‍ ഈ വിഷയത്തില്‍ എതിര്‍പ്പുകള്‍ സ്വാഭാവികമായും ഉയരുന്നുണ്ട്.

മരണപ്പെടുന്ന പ്രധാന വ്യക്തികള്‍ക്ക് സ്മാരകമുണ്ടാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ നിലവിലുള്ള രീതി പരിചയപ്പെടുത്തുകയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അജയ് ബാലചന്ദ്രന്‍. പൊതുജനത്തിന് ഉപയോഗ പ്രദമായ രീതിയില്‍ നേതാക്കളുടെ സ്മരണ എങ്ങനെ നിലനിര്‍ത്താം എന്ന് ഈ കുറിപ്പില്‍ പറയുന്നു. അധികാരികള്‍ ഈ മാതൃക ശ്രദ്ധിച്ചാല്‍ അത് കേരളത്തിന് തീര്‍ച്ചയായും ഗുണപരമായിരിക്കും.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

2 കോടി രൂപ കൊണ്ട് എന്ത് സ്മാരകം നിര്‍മിക്കാനാവും? സ്ഥലമുണ്ടെങ്കില്‍ സാമാന്യം നല്ല ഒരു ബഹുനിലക്കെട്ടിടം പണിയാം. അവിടെ സ്മരിക്കപ്പെടുന്ന വ്യക്തിയുടെ ചരിത്രപ്രാധാന്യമുള്ള ചില ചിത്രങ്ങളും അയാള്‍ ഉപയോഗിച്ചിരുന്ന ചില സംഗതികളുമൊക്കെ പ്രദര്‍ശിപ്പിക്കാം. സ്മാരകത്തിന്റെ നടത്തിപ്പുകാര്‍ക്ക് കെട്ടിടം ഒരു ഓഫീസായും മീറ്റിങ് ഹാളായും മറ്റും ഉപയോഗിക്കാം. കുറച്ച്‌ പണം കൂടി പിരിച്ചെടുത്താല്‍ ഇതൊക്കെ ഒന്നുകൂടി വിപുലമായി ചെയ്യാം. അതിന് വേണമെങ്കില്‍ സ്റ്റഡി സെന്റര്‍ എന്നൊക്കെ പേരുമിടാം. (ആരെങ്കിലും അവിടെ എന്തെങ്കിലും സ്റ്റഡി ചെയ്യുമോ എന്ന കാര്യം സംശയമാണ്!)

എല്ലാം നല്ല കാര്യം തന്നെ. പക്ഷേ പൊതുജനത്തിന് ഇതുകൊണ്ട് വല്ല പ്രയോജനവുമുണ്ടോ?

മരണപ്പെടുന്ന പ്രധാന വ്യക്തികള്‍ക്ക് സ്മാരകമുണ്ടാക്കാന്‍ അന്താരാഷ്ട്ര തലത്തില്‍ മറ്റൊരു രീതി നിലവിലുണ്ട്.

ആശുപത്രികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പുതിയ സൗകര്യങ്ങള്‍ക്ക് പരേതരുടെ പേരിടുക എന്നതാണ് സംഭവം.

കേരളത്തിലെ ഏതെങ്കിലും സര്‍വ്വകലാശാലയില്‍ ഒരു ചെയര്‍ (നിയമപഠനത്തിനാണെങ്കില്‍ നന്നാവും) ഗൗരിയമ്മയുടെ പേരില്‍ ആരംഭിച്ചാല്‍ അതാവില്ലേ ഒരു കെട്ടിടം നിര്‍മിക്കുന്നതിനേക്കാള്‍ നല്ല സ്മാരകം? അല്ലെങ്കില്‍ പുതുതായി നിര്‍മിക്കുന്ന ഒരു ഗവണ്മെന്റ് കോളേജിനോ സ്കൂളിനോ ആശുപത്രിക്കോ ഗൗരിയമ്മയുടെ പേര് നല്‍കാം.

ഒരു കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനോ ഏതെങ്കിലും അണക്കെട്ടിനോ ബാലകൃഷ്ണപിള്ളയുടെ പേര് നല്‍കുന്നത് ഉചിതമായിരിക്കില്ലേ? അതോടൊപ്പം അവിടെ രണ്ട് കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങളും നടത്താം.

കൊട്ടാരക്കര ട്രാന്‍സ്പോര്‍ട്ട് ബസ് സ്റ്റേഷന് അദ്ദേഹത്തിന്റെ പേര് നല്‍കാവുന്നതല്ലേ? ഇടമലയാര്‍ അണക്കെട്ടിനോ കല്ലട അണക്കെട്ടിനോ ഇപ്പോള്‍ അങ്ങനെ പ്രത്യേകിച്ച്‌ പേരൊന്നുമില്ല. [വെറുതേ ഒന്ന് സൂചിപ്പിച്ചെന്നേയുള്ളൂ]

ഇതൊക്കെയല്ലേ ജനങ്ങള്‍ക്ക് പ്രയോജനമുണ്ടാവുന്ന കാര്യങ്ങള്‍? ആളുകള്‍ കൃത്യമായി പരേതരെ ഓര്‍ത്തിരിക്കുകയും ചെയ്യും. [ചിത്രത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗണിന്റെ സ്മാരകമായി കാലിഫോര്‍ണിയ സര്‍വ്വകലാശാലയില്‍ നിര്‍മിച്ച മെഡിക്കല്‍ സെന്റര്‍ കെട്ടിടമാണ്.

 

Related posts

Leave a Comment