മരണം 159 ആയി, തിരിച്ചറിയാനായത് 80 പേരെ മാത്രം ; നാലു മൃതദേഹങ്ങള്‍ കസേരയില്‍ ഇരിക്കുന്ന നിലയില്‍

മേപ്പാടി: മുണ്ടക്കൈ, ചൂരല്‍മല ദുരന്തത്തില്‍ ഇതുവരെ തിരിച്ചറിയാനാകയത് 80 പേരെ മാത്രം.ഇതുവരെ മരിച്ചവരുടെ എണ്ണം 159 ആയി.

ദുരന്ത ഭൂമിയില്‍ നിന്നും നാലും പോത്തുകല്‍ ചാലിയാറില്‍ നിന്നും മൂന്ന് മൃതദേഹങ്ങളും കണ്ടെത്തി. 400 ലധികം വീടുകള്‍ ഉണ്ടായിരുന്ന ദുരന്തസ്ഥലത്ത് ഇനി ബാക്കിയുള്ളത് 35 ഓളം വീടുകളാണെന്നാണ് പഞ്ചായത്ത് അധികൃതര്‍ പറയുന്നത്. മണ്ണില്‍ നിന്നും മരങ്ങളുടെ അവശിഷ്ടങ്ങള്‍ക്കും ഇടയില്‍ നിന്നും മൃതദേഹങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.

ഏകദേശം 350 ലധികം വീടുകളാണ് ഒലിച്ചു പോയത്. വീടുകളും പള്ളിയും അമ്ബലവും മോസ്‌ക്കുമെല്ലാം തകര്‍ന്നു. ദുരന്തം കഴിഞ്ഞതിന്റെ പിറ്റേദിവസവും മൃതദേഹങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. വീടിന്റെ മേല്‍ക്കൂരകള്‍ തകര്‍ത്താണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മുണ്ടക്കൈയ്യിലെ ഒരു വീട്ടില്‍ നാലുപേരുടെ മൃതദേഹം കസേരയില്‍ ഇരിക്കുന്ന അവസ്ഥയിലായിരുന്നു. ഇവരുടെ ദേഹം പൂര്‍ണ്ണമായും ചെളിവന്ന് മൂടിയിരുന്നു. ഇരുനില വീടുകള്‍ തകര്‍ന്നു ചെരിഞ്ഞ നിലയിലാണ്. 200 ലധികം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.

പോത്തുകല്ലില്‍ ചാലിയാറില്‍ നിന്നും മൂന്ന് മൃതദേഹങ്ങള്‍ കൂടി ഇന്ന് കണ്ടെത്തി. ദുരന്തം ഒന്നും അവസാനിപ്പിച്ചില്ല. ദൗത്യത്തിന് കൈത്താങ്ങായി നൂറുകണക്കിന് സന്നദ്ധപ്രവര്‍ത്തകരാണ് ദുരന്തഭൂമിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. മണ്ണിനടിയില്‍ നിന്നും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സഹായിക്കുന്ന പോലീസ് നായകളും മുണ്ടക്കൈമേഖലയിലേക്ക് എത്തിയിട്ടുണ്ട്. തെരച്ചിലില്‍ മൃതദേഹങ്ങള്‍ ഒന്നൊന്നായി കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്. ഒരു മലയിടിഞ്ഞ് രണ്ടു ഗ്രാമങ്ങള്‍ കിലോമീറ്ററുകളോളം ഒഴുകിപ്പോയിരുന്നു.

തോട്ടം തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങള്‍ ഒന്നാകെ ഒഴുകിപ്പോയി. തോട്ടം മേഖലയില്‍ പണിയെടുത്തിരുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടങ്ങളും ടൂറിസം മേഖല കേന്ദ്രീകരിച്ച്‌ നിര്‍മ്മിക്കപ്പെട്ട അനേകം ഹോംസ്‌റ്റേകളില്‍ താമസിച്ചിരുന്നവരെയുമൊക്കെ കാണാതായിട്ടുണ്ട്. ബെയ്‌ലി പാലം പണി ഇന്ന് തുടങ്ങും. എന്‍ഡിആര്‍എഫിന്റെ ടീമുകള്‍, ഫയര്‍ ആന്റ് റസ്‌ക്യൂ ടീമുകള്‍, സന്നദ്ധപ്രവര്‍ത്തകര്‍ എന്നിങ്ങനെയുള്ളവരെ തെരച്ചില്‍ നടത്തുകയാണ്. രക്ഷാദൗത്യത്തിന് കൂടുതല്‍ ഉപകരണങ്ങളും മുണ്ടക്കൈയിലേക്ക് ഇന്ന് എത്തും.

രക്ഷാപ്രവര്‍ത്തകര്‍ക്കും സാങ്കേതിക സംവിധാനങ്ങള്‍ക്കും ഇവിടേയ്ക്ക് എത്തിച്ചേരുന്നതിന് അടിയന്തിരമായി ബെയ്‌ലിപാലം സൈന്യം പണിയുകയാണ്. ഉച്ചയോടെ സാങ്കേതിക ഉപകരണങ്ങള്‍ ദുരന്തഭൂമിയിലേക്ക് എത്തിച്ചേരും. നാലു സംഘങ്ങളായി 150 സൈനികര്‍ ഇവിടെയുണ്ട്. മേപ്പാടി ആരോഗ്യകേന്ദ്രത്തില്‍ 95 മൃതദേഹങ്ങളാണ് ഇപ്പോഴുമുള്ളത്. ഉറ്റവരെയും ഉടയവരെയും തേടി അനേകരാണ് ഇവിടേയ്ക്ക് എത്തുന്നത്. മൃതദേഹം തിരിച്ചറിഞ്ഞവരുടെ വിങ്ങലുകളും കണ്ണീരും കൊണ്ട് ഇവിടം നിറയുകയാണ്. ചില മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തിട്ടുണ്ട്.

Related posts

Leave a Comment