മയക്കുവെടിയേറ്റ് കരടി കിണറ്റില്‍ മുങ്ങിത്താഴ്ന്നു; ചത്തിട്ടുണ്ടാകാമെന്ന് വെടിവച്ച ഡോക്ടര്‍

തിരുവനന്തപുരം: വെള്ളനാട്ട് വീട്ടിലെ കിണറ്റില്‍ വീണ കരടി, മയക്കുവെടിവച്ച് രക്ഷിക്കാനുള്ള ശ്രമത്തിനിടെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്നു.

ഒരുമണിക്കൂറിലേറെയായി കരടി കിണറ്റിലെ വെള്ളത്തില്‍ മുങ്ങിത്താഴ്ന്ന് നിലയിലാണ്. ബുധനാഴ്ച രാത്രി പന്ത്രണ്ടോടെയാണ് കണ്ണമ്പള്ളി സ്വദേശി അരുണിന്റെ വീട്ടിലെ കിണറ്റില്‍ കരടി വീണത്.

വിവരമറിഞ്ഞ് സംഭവ സ്ഥലത്തെത്തിയ വനം വകുപ്പ് അധികൃതര്‍ കരടിയെ മയക്കുവെടി വച്ചെങ്കിലും കരടി വെള്ളത്തില്‍ മുങ്ങിയത് പ്രതിസന്ധിയായി. കിണറ്റിലെ വെള്ളം വറ്റിച്ച് കരടിയെ പുറത്തെത്തിക്കാനുള്ള നീക്കവും പരാജയപ്പെട്ടു.

രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയവര്‍ ശ്വാസതടസ്സത്തെ തുടര്‍ന്നു തിരിച്ചുകയറി. ഒടുവില്‍ കരടിയെ പുറത്തെടുക്കാന്‍ അഗ്‌നിരക്ഷാ സേന ഇറങ്ങി. കരടി ചത്തിട്ടുണ്ടാകുമെന്ന് മയക്കുവെടിവച്ച ഡോ. ജേക്കബ് അലക്‌സാണ്ടര്‍.

കരടി വലയില്‍ കുടുങ്ങുമെന്ന് പ്രതീക്ഷിച്ചുവെന്നും ഡോക്ടര്‍ പറഞ്ഞു. ബുധനാഴ്ച രാത്രി കോകോഴിയെ പിടിക്കുന്നതിനിടെയാണ് കരടി കിണറ്റില്‍ വീണത്. തൊട്ടടുത്തുള്ള വനത്തില്‍ നിന്നാണ് കരടി എത്തിയതെന്നാണ് നിഗമനം.

അരുണിന്റെ അയല്‍വാസിയുടെ വീട്ടിലെ രണ്ടു കോഴികളെ കരടി പിടികൂടി. മൂന്നാമത്തെ കോഴിയെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ കിണറിന്റെ വക്കത്തേക്ക് കോഴി പറന്നുനിന്നു.

ഇതിനെ പിടിക്കുന്നതിനിടെ കരടി കിണറ്റിലേക്ക് വീഴുകയായിരുന്നു.കിണറ്റില്‍ എന്തോ വീഴുന്ന ശബ്ദം കേട്ടാണ് അരുണ്‍ പുറത്തേയ്ക്കിറങ്ങി നോക്കിയത്.

അപ്പോഴാണ് കരടി കിണറ്റില്‍ വീണു കിടക്കുന്നത് കാണുന്നത്. തുടര്‍ന്നു വിവരം വനം വകുപ്പിനെ അറിയിക്കുകയായിരുന്നു.

Related posts

Leave a Comment