അട്ടപ്പാടി: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ട മര്‍ദനത്തിനിരയായി ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട കേസില്‍ കുടുംബത്തിനു നിയമ സഹായം നല്‍കാന്‍ നടന്‍ മമ്മൂട്ടി ചുമതലപ്പെടുത്തിയ അഭിഭാഷകന്‍ വി.നന്ദകുമാര്‍ മധുവിന്റെ അമ്മയും സഹോദരിയുമായി ചര്‍ച്ച നടത്തി.
കേസില്‍ പുനരന്വേഷണം വേണമെന്നു കുടുംബം ആവശ്യപ്പെട്ടതായി വി.നന്ദകുമാര്‍ അറിയിച്ചു. നടന്ന അന്വേഷണത്തില്‍ കുടുംബം തൃപ്തരല്ല. സിബിഐ അന്വേഷിക്കണമെന്നാണു കുടുംബത്തിന്റെ ആവശ്യം. പുനരന്വേഷണം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതി നല്‍കാന്‍ ഉപദേശിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രതികളില്‍ നിന്നു പണം കൈപ്പറ്റിയെന്ന തരത്തില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണമുണ്ടായെന്നും മധുവിന്റെ സഹോദരിക്ക് പരാതിയുണ്ട്. ഇത്തരത്തില്‍ അപമാനിച്ചവര്‍ക്കെതിരെ അഗളി പൊലീസില്‍ പരാതിപ്പെടാനും പരാതിയുടെ പകര്‍പ്പു മുഖ്യമന്ത്രിക്കു നല്‍കാനും നിര്‍ദേശിച്ചു.കുടുംബം ആവശ്യപ്പെട്ട നിയമസഹായം നല്‍കുമെന്നും നന്ദകുമാര്‍ പറഞ്ഞു.
ഇന്നലെ താഴെ ചിണ്ടക്കിയിലെ മധുവിന്റെ വീട്ടിലെത്തിയാണ് അമ്മ മല്ലിയെയും സഹോദരി സരസുവിനെയും കണ്ടത്. അഭിഭാഷകരായ ടി.ബാലകുമാര്‍ കോയമ്ബത്തൂര്‍, എസ്.സുദര്‍ശനന്‍ ചെന്നൈ, രോഹിത്, മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷനല്‍ ട്രഷറര്‍ വിനോദ് എന്നിവര്‍ കൂടെയുണ്ടായിരുന്നു.