തിരുവനന്തപുരം: മന്ത്രി സജി ചെറിയാനുമായുള്ള ചര്‍ച്ച ഫലപ്രദമെന്ന് വിഴിഞ്ഞം ലത്തീൻ ഇടവക വികാരി മോണ്‍സിംഗര്‍ നിക്കോളാസ്.
തങ്ങള്‍ വികസനത്തിനെതിരല്ലെന്നും പക്ഷേ തങ്ങളുടെ പറഞ്ഞു. വിഴിഞ്ഞത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങിലേക്ക് ഔദ്യോഗികമായ ക്ഷണമുണ്ടെന്നും എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കണമോയെന്ന് ആലോചിച്ച് തീരുമാനിക്കുമെന്നും മോണ്‍സിംഗര്‍ നിക്കോളാസ് വ്യക്തമാക്കി.
അതേസമയം നേരത്തെ ലത്തീൻ അതിരൂപത വികാര്‍ ജനറല്‍ ഫാ.യൂജിൻ പെരേര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിക്കുന്ന ചടങ്ങ് കണ്ണില്‍ പൊടിയിടാനാണെന്നും തുറമുഖത്തേക്കുള്ള ക്രെയ്ൻ വരുന്നതിന് എന്തിനാണ് ഈ മാമാങ്കമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
തങ്ങള്‍ സമരം അവസാനിപ്പിച്ച സമയത്തെ വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നും ചടങ്ങില്‍ സര്‍ക്കാരുമായി സഹകരിക്കില്ലെന്നും യൂജിൻ പെരേര വ്യക്തമാക്കിയിരുന്നു.
അതിനിടെ, ആദ്യ കപ്പലെത്തുമ്ബോള്‍ അതിന് സ്വീകരണം ഒരുക്കുന്ന ഔദ്യോഗിക ചടങ്ങുകള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ വിഴിഞ്ഞം പോര്‍ട്ട് എംഡി സ്ഥാനത്ത് നിന്ന് അദീല അബ്ദുള്ളയെ മാറ്റി പകരം പത്തനംതിട്ട കളക്ടറായിരുന്ന ദിവ്യ എസ് അയ്യരെ വിഴിഞ്ഞം പോര്‍ട്ട് എംഡിയായി സര്‍ക്കാര്‍ നിയമിച്ചു.
വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപതയുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നത് അദീല അബ്ദുള്ളയായിരുന്നു. ഉദ്ഘാടനച്ചടങ്ങിന് അവരെ എത്തിക്കാനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത് അദീലയായിരുന്നു.
എന്നാല്‍ ഇന്നലെ പുറത്തിറക്കിയ ഔദ്യോഗിക ക്ഷണക്കത്തില്‍ ആര്‍ച്ച് ബിഷപ്പിന്റെ പേരുണ്ടെങ്കിലും അവര്‍ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. അതിനിടെയാണ് യൂജിൻ പെരേര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്.