മധ്യവയസ്കന്‍റെ മൃതദേഹം സംസ്കരിക്കാതെ ഭാര്യമാരും സഹോദരങ്ങളും; സ്വത്തിനെ ചൊല്ലി തര്‍ക്കം; ആശുപത്രിയില്‍ കാത്തുകെട്ടിക്കിടന്നത് മണിക്കൂറുകളോളം

കണ്ണൂര്‍: സ്വത്തിനെ ചൊല്ലിയുളള തര്‍ക്കത്തില്‍ മൃതദേഹം സംസ്‌കരിക്കാനെടുക്കാതെ ഭാര്യമാരും സഹോദരങ്ങളും വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അരങ്ങേറിയത് നാടകീയ രംഗങ്ങള്‍.

രണ്ടു ഭാര്യമാരും പരേതന്‍റെ സഹോദരങ്ങളും സ്വത്തിന് അവകാശവാദവുമായി രംഗത്തു വന്നതിനെ തുടര്‍ന്ന് മുന്‍ പ്രവാസിയുടെ മൃതദേഹം സംസ്‌കരിക്കാതെ ആശുപത്രി വാര്‍ഡില്‍ കാത്തുകെട്ടിക്കിടന്നു.

കണ്ണൂര്‍ ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍പ്പെട്ട ചൊവ്വ സ്വദേശിയായ മധ്യവയസ്‌കന്‍റെ മൃതദേഹമാണ് അവകാശ തര്‍ക്കത്തെ തുടര്‍ന്ന് സംസ്‌കരിക്കാന്‍ വൈകിയത്.

കഴിഞ്ഞ വ്യാഴാഴ്ച്ച വൈകുന്നേരമാണ് അസുഖബാധിതനായി കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മധ്യവയസ്‌കന്‍ മരണമടഞ്ഞത്.

മരണവിവരമറിഞ്ഞതോടെ പരേതന്‍റെ സഹോദരങ്ങളും ആദ്യ ഭാര്യയും രണ്ടാം ഭാര്യയുടെ ബന്ധുക്കളും അവകാശ തര്‍ക്കവുമായി രംഗത്തെത്തുകയായിരുന്നു.

മൃതദേഹം സംസ്‌കരിക്കാനുളള അവകാശം തങ്ങള്‍ക്കാണെന്ന് വാദവുമായി മൂവര്‍ സംഘവും രംഗത്തുവന്നതോടെ രംഗം വഷളായി.

ഇതേ തുടര്‍ന്ന് ഉടമസ്ഥാനാണെന്നു തെളിയിക്കപ്പെടാതെ വന്നതോടെയാണ് മൃതദേഹം പുതിയ വാര്‍ഡിലെ ബെഡില്‍ അനാഥമായി കിടന്നത്.ആദ്യ ഭാര്യയും കുട്ടിയുമാണ് ഇയാളോടൊപ്പം ആശുപത്രിയില്‍ ഉണ്ടായിരുന്നത്.

എന്നാല്‍, മരണം നടന്നതിനു ശേഷം അവകാശവാദവുമായി ചിലര്‍ രംഗത്തുവരികയായിരുന്നു. ഇതിനിടെയാണ് മധ്യവയസ്‌കന്‍ ആദ്യ ഭാര്യയുമായി ബന്ധം വേര്‍പെടുത്തിയതാണെന്ന വാദം ഉയര്‍ന്നത്.

എന്നാല്‍, ഇതു തെളിയിക്കാനുളള രേഖകള്‍ ഇവരുടെ കൈവശമുണ്ടായിരുന്നില്ല. ഇതോടെയാണ് തര്‍ക്കം തുടര്‍ന്നത്. വിവരമറിഞ്ഞ് സിറ്റി പോലീസും വനിതാ പോലീസും കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെത്തി പ്രശ്‌നത്തില്‍ ഇടപെട്ടുവെങ്കിലും ഒത്തുതീര്‍പ്പായില്ല.രാത്രി വൈകുവോളം തര്‍ക്കം തുടരുകയായിരുന്നു.

ഒടുവില്‍ സ്വത്ത് തര്‍ക്കത്തില്‍ തീരുമാനം പിന്നീടാകാമെന്നും നടക്കട്ടെയെന്ന കര്‍ശന നിലപാടുമായി പോലീസ് രംഗത്തുവന്നു.

ഇതോടെയാണ് വെളളിയാഴ്ച്ച രാവിലെ മൃതദേഹം സംസ്‌കരിക്കാന്‍ ധാരണയായത്. മരണപ്പെട്ടയാളുടെ സഹോദരങ്ങളാണ് മൃതദേഹം ഏറ്റുവാങ്ങി പയ്യാമ്പലത്തു കൊണ്ടു പോയി സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്.

Related posts

Leave a Comment