പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ മധുവിന്റെ കുടുംബത്തിന് നിയമസഹായവുമായി നടന്‍ മമ്മൂട്ടി.
മധുവിന്റെ കൊലപാതകം പിന്നിട്ട് നാല് വര്‍ഷം പൂര്‍ത്തിയാകുമ്ബോഴും ഇതുവരെ വിചാരണ പോലും തുടങ്ങാത്ത സാഹചര്യത്തിലാണ് തീരുമാനം. കേസില്‍ പബ്ലിക്ക് പ്രോസിക്യൂട്ടറെ ഹാജരാക്കാന്‍ സര്‍ക്കാരിന് കഴിയാത്തതിനിടെയാണ് നിയമസഹായവുമായി നടന്‍ രംഗത്തെത്തിയത്.
സഹായവാഗ്ദാനം നടന്റെ ഓഫീസില്‍ നിന്ന് ഫോണില്‍ വിളിച്ച് അറിയിച്ചതായി മധുവിന്റെ സഹോദരി പ്രതികരിച്ചു. അടുത്ത ദിവസം മമ്മൂട്ടിയുടെ ഓഫീസിലെ പ്രതിനിധികള്‍ മധുവിന്റെ വീട് സന്ദര്‍ശിക്കുമെന്ന് അറിയിച്ചതായി സഹോദരി പറഞ്ഞു. ഇക്കാര്യം സംബന്ധിച്ച് നടന്‍ മമ്മൂട്ടി നിയമമന്ത്രിയുമായി ചര്‍ച്ച ചെയ്തുവെന്നും അവര്‍ അറിയിച്ചു.
കേസില്‍ സിബിഐ അന്വേഷണം വേണമെന്നാണ് മധുവിന്റെ കുടുംബത്തിന്റെ ആവശ്യം. അതേസമയം സിസിടിവി ദൃശ്യങ്ങള്‍ അടക്കമുളള ഡിജിറ്റല്‍ തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറാന്‍ പോലീസ് കാലതാമസം വരുത്തിയതാണ് വിചാരണ വൈകാന്‍ കാരണമെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വി.ടി രഘുനാഥ് പറയുന്നു. പ്രതികള്‍ ആവശ്യപ്പെട്ട രേഖകള്‍ പോലീസ് കൈമാറാതെ വിസ്താര നടപടികള്‍ തുടങ്ങാന്‍ കഴിയില്ലെന്നും ആദ്യ കുറ്റപത്രത്തില്‍ പഴുതുകള്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.