ന്യൂഡല്‍ഹി: ഡല്‍ഹിയിലെ മദ്യനയവുമായി ബന്ധപ്പെട്ട് ഇ.ഡി. ആംആദ്മിപാര്‍ട്ടി നേതാവ് സഞ്ജയ് സിംഗിനെ ചോദ്യം ചെയ്യലിന് വിധേയമാക്കി.
ഡല്‍ഹി കോടതി അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. ഗൂഡാലോചന കേസിലെ പ്രധാന പ്രതിയെന്നാണ് സഞ്ചജയ് സിംഗിനെതിരേ ഇ.ഡി. ഉയര്‍ത്തുന്ന ആരോപണം.
ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കേസില്‍ ഒരു ബിസിനസുകാരനില്‍ നിന്നും സിംഗിന് രണ്ടുകോടി രൂപ കിട്ടിയെന്നാണ് ഇ.ഡി. കോടതിയില്‍ വ്യക്തമാക്കിയിരിക്കുന്നത്.
പുതിയതായി കേസില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബിസിനസുകാരന്‍ ദിനേഷ് അറോറ അടക്കം കേസിലെ പല പ്രതികളുമായി സിംഗിന് അടുത്ത ബന്ധം ഉണ്ടായിരുന്നതായി ഏജന്‍സി ആരോപിക്കുന്നു.
മദ്യനയം രൂപപ്പെടുത്തുന്ന സമയത്ത് സ്വകാര്യ വ്യക്തികള്‍ക്ക് ഗുണകരമാകുന്ന രീതിയില്‍ നടത്തിയ ക്രിമിനല്‍ ഗൂഡാലോചനയില്‍ പങ്കൊളിയായി എന്നാണ് സഞ്ജയ് സിംഗിനെതിരേ ഉയര്‍ത്തിയിരിക്കുന്ന ആരോപണം.
എഎപി എംപിയുടെ പരിസരത്ത് നിന്നും ഡിജിറ്റല്‍ തെളിവുകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും ഇ.ഡി. കോടതിയില്‍ പറഞ്ഞു. പണം അരോരയുടെ ജോലിക്കാരനായ ര്‍വേഷ് വഴിയാണ് കൈമാറിയതെന്നും ഇതാണ് കുറ്റകൃത്യത്തിലേക്കുള്ള പ്രധാന കണ്ണിയെന്നും പറഞ്ഞു.
തുടര്‍ന്ന് ഒക്‌ടോബര്‍ 10 വരെ സിംഗിനെ കസ്റ്റഡിയില്‍ റിമാന്റ് ചെയ്യാന്‍ പ്രത്യേക ജഡ്ജി എംകെ നാഗ്പാല്‍ ഉത്തരവിട്ടു. ഈ സമയത്ത് സിംഗിനെ ഏജന്‍സി വിശദമായി ചോദ്യം ചെയ്യും.
സഞ്ജയ് സിങ്ങിന്റെ വസതിയില്‍ ദിവസങ്ങള്‍ നീണ്ട പരിശോധനയ്ക്കൊടുവിലാണ് ബുധനാഴ്ച ഇദ്ദേഹം അറസ്റ്റിലായത്. ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ശേഷം മദ്യനയക്കേസിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന രണ്ടാമത്തെ മുതിര്‍ന്ന എഎപി നേതാവാണ് അദ്ദേഹം.
ഫെബ്രുവരിയില്‍ അറസ്റ്റിലായ സിസോദിയ സുപ്രീം കോടതിയില്‍ ജാമ്യത്തിനായി പോരാടുകയാണ്.
2024ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യന്‍ ബ്ലോക്കിന് കീഴില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നിച്ചതിലുള്ള ബിജെപിയുടെ നിരാശയാണ് സിങ്ങിന്റെ അറസ്റ്റിന് കാരണമെന്നാണ് എഎപി ആരോപിക്കുന്നത്.