മത്സ്യത്തൊഴിലാളികളുടെ ജീവിതം നശിപ്പിക്കുന്നതിന് സര്‍ക്കാര്‍ ട്രോളറുകള്‍ വാങ്ങാന്‍ ശ്രമിക്കുന്നു; കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഫിഷറീസ് മന്ത്രാലയമില്ലെന്ന് രാഹുല്‍ഗാന്ധി

കൊല്ലം: മത്സ്യത്തൊഴിലാളികളുടെ പ്രശ്‌ങ്ങള്‍ മനസിലാക്കുന്നതിനും ഇടപെടുന്നതിനും കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന ഫിഷറീസ് മന്ത്രാലയം രാജ്യത്തില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കടലിനോട് പോരാടി ജീവിക്കുന്ന മത്സ്യത്തൊഴിലാളികളുടെ അദ്ധ്വാനത്തിന്റെ ഫലം ലഭിക്കുന്നത് മറ്റാര്‍ക്കോ ആണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൊല്ലത്ത് വാടിയില്‍ മത്സ്യത്തൊഴിലാളികളോട് സംവദിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

വലിയ വെല്ലുവിളികള്‍ നേരിട്ടാണ് തൊഴിലാളികള്‍ മത്സ്യബന്ധനം നടത്തുന്നത്. അവര്‍ കടലിനോട് പോരാടുന്നു, സ്വന്തം വലകള്‍ വാങ്ങുന്നു, എന്നാല്‍ ലാഭം കിട്ടുന്നത് മറ്റാര്‍ക്കോ ആണ്. മത്സ്യത്തൊഴിലാളികളുടെ ജീവിതം നശിപ്പിക്കുന്നതിനായി ട്രോളര്‍ വാങ്ങാന്‍ ശ്രമിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. കേരളത്തിലെ സര്‍ക്കാര്‍ ട്രോളറുമായി ബന്ധപ്പെട്ട് എന്താണ് ചെയ്യുന്നതെന്ന് പഠിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു.

പലപ്പോഴും മത്സ്യം കഴിക്കുമ്ബോള്‍ അതിനുപിറകിലുളള കഠിനാധ്വാനത്തെ കുറിച്ച്‌ നമുക്ക് ചിന്തിക്കാന്‍ സാധിക്കില്ല. എന്നാലിപ്പോള്‍ തനിക്കത് മനസിലാകുന്നുണ്ട്. നിങ്ങള്‍ ചെയ്യുന്നത് എന്താണെന്ന് മനസിലാക്കുന്നു, അതിനെ ബഹുമാനിക്കുന്നു. നിങ്ങള്‍ എന്തുചെയ്യുന്നോ അതിനെ ആരാധിക്കുന്നുവെന്നും മത്സ്യത്തൊഴിലാളികളോടായി രാഹുല്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ ഒരുപരിധിവരെ തനിക്കിപ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നുണ്ട്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ തനിക്ക് കഴിയണമെന്നില്ല. എന്നാല്‍ കഴിയുന്നിടത്തോളം മത്സ്യത്തൊഴിലാളികളുടെ ജീവിതം മെച്ചപ്പെടുത്താനായി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment