‘മത്സരയോട്ടം വേണ്ട, കെഎസ്‌ആ‌ര്‍ടിസിയുടെ യജമാനൻമാര്‍ യാത്ര ചെയ്യാനെത്തുന്ന ജനങ്ങളാണ്’

തിരുവനന്തപുരം: മത്സരയോട്ടം വേണ്ടെന്ന് കെഎസ്‌ആർടിസി ബസ് ‌ഡ്രൈവർമാർക്ക് നിർദ്ദേശം നല്‍കി ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേശ് കുമാ‌ർ.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഉണ്ടാകുന്ന അപകടങ്ങളുടെ െഎണ്ണം കുറയ്ക്കാമെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്‌ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഗണേശ് കുമാർ പറഞ്ഞത്.

‘കെഎസ്‌ആർടിസി ബസുകളാണ് കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാക്കുന്നതെന്ന ഒരു ആരോപണമുണ്ട്. നമ്മളെ പോലെ ഒരുപാട് വാഹനങ്ങള്‍ ഓടിക്കുന്ന ഏജൻസി കേരളത്തില്‍ വേറെയില്ല.

അപകടത്തിന്റെ എണ്ണം ഇതിനെ ആശ്രയിച്ചിരിക്കും. പക്ഷെ ഇത് നമുക്ക് കുറയ്ക്കാൻ സാധിക്കും.

അടുത്ത കാലത്തായി മദ്യപിച്ച്‌ വാഹനമോടിക്കണ്ടയെന്ന ഒരു നിലപാട് എടുക്കുകയും പരിശോധന വർദ്ധിപ്പിച്ചതിനെയും തുടർന്ന് അപകടങ്ങളില്‍ കുറവ് സംഭവിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഒരാഴ്ചയില്‍ അഞ്ച് മുതല്‍ ഏഴ് വരെയുളള മരണങ്ങളാണ് കെഎസ്‌ആർടിസി ബസിടിച്ച്‌ സംഭവിക്കുന്നത്.

എന്നാല്‍ ഈ ആഴ്ചത്തെ കണക്കുകള്‍ പരിശോധിച്ചപ്പോള്‍ ഉണ്ടാകുന്ന വലിയ അപകടങ്ങളുടെ എണ്ണം കുറഞ്ഞു. എന്നാലും ചെറിയ തരത്തിലുളള അപകടങ്ങള്‍ ഉണ്ടാകുന്നുണ്ട്.

കഴിഞ്ഞ ആഴ്ചകളില്‍ സ്വിഫ്റ്റ് ബസിടിച്ച്‌ ഒരു മരണവും റിപ്പോർട്ട് ചെയ്തിട്ടില്ല. വളരെ ശ്രദ്ധയോടെ വാഹനമോടിക്കുക.

പ്രത്യേകിച്ച്‌ സ്വിഫ്റ്റ് ബസുകളോടിക്കുന്നത് ചെറുപ്പക്കാരോടാണ് പറയുന്നത്. ദീർഘദൂര യാത്ര നടത്തുമ്ബോള്‍ വേഗത കൂട്ടുകയും മറ്റ് ബസുകളോട് മത്സരയോട്ടം നടത്തുകയും ചെയ്യരുത്.

ബസിന്റെ യജമാനൻമാർ യാത്ര ചെയ്യാനെത്തുന്ന പൊതുജനങ്ങളാണ്. അപ്പോള്‍ യാത്രക്കാരെ ഭയപ്പെടുത്തുന്ന തരത്തില്‍ വാഹനോടിക്കരുത്.

സമയം പാലിക്കണം. നമ്മള്‍ ഇങ്ങനെ ചെയ്യുകയാണെങ്കില്‍ വിശ്വാസത്തോടെ ജനങ്ങള്‍ യാത്ര ചെയ്യാനായി എത്തും.

ചെറിയ വാഹനങ്ങളില്‍ വരുന്നവർക്ക് യാതൊരു തരത്തിലുളള അപകടവും ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുക. പ്രൈവറ്റ് ബസുകളോടും മത്സരയോട്ടത്തിന് പോകാതിരിക്കുക.

ചിലപ്പോള്‍ അത് റോഡില്‍ നില്‍ക്കുന്നവരുടെ ജീവനെടുക്കാൻ വരെ കാരണമാകും.

റോഡിന്റെ ഇടത് വശത്തുതന്നെ ബസ് നിർത്തണം.

എതിരെ വരുന്ന ബസുമായി സമാന്തരമായി നിർത്തരുത്. കൈകാണിച്ചാല്‍ ബസ് നിർത്തണമെന്നും ഡീസല്‍ ലാഭിക്കുന്ന തരത്തില്‍ ബസ് ഓടിക്കണം’- അദ്ദേഹം പറഞ്ഞു.

Related posts

Leave a Comment