‘മത്തി’യെ തൊട്ടാല്‍ പൊള്ളുന്ന വില; ശരിയ്ക്കും കടലിലെ മീനൊക്കെ എവിടെ പോയി ?

കൊച്ചി: മലയാളികളുടെ തീന്മേശയില്‍ ഒഴിച്ചുകൂട്ടാനാവാത്ത ഒന്നാണ് മത്സ്യവിഭവങ്ങള്‍. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മത്തി, അത് ഇഷ്ടമില്ലാത്ത മലയാളി കാണില്ല.

എന്നാല്‍ കഴിഞ്ഞ കുറച്ചുനാളായി പൊന്നുംവിലയ്ക്കാണ് മത്തി വില്‍ക്കുന്നത്.

ഒരുകിലോ മത്തിക്ക് നൂറും ഇരുന്നൂറും ഉണ്ടായിരുന്നിടത്തുനിന്ന് ട്രോളിങ് നിരോധനമായതോടെ വില കുതിച്ചത് 400-ലേക്ക്.

300-350-400 എന്നിങ്ങനെയാണ് ഇപ്പോള്‍ മത്തിവില. വില കൂടിയതോടെ സ്റ്റാർ ആയ മതിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ട്രോളും ചാകരയായി വരുന്നുണ്ട്.

‘പ്രിയപ്പെട്ട മത്തി അറിയാന്‍, ഇത്ര അഹങ്കാരം പാടില്ല. സംഗതി താങ്കള്‍ കടലില്‍ അയക്കൂറ, ആവോലി എന്നിവര്‍ക്കൊപ്പം നീന്തിയിട്ടുണ്ടാവാം.

എന്നുവെച്ച്‌ കിലോയ്ക്ക് 300-350 കിട്ടണമെന്ന് വാശിപിടിക്കരുത്. വന്നവഴി മറക്കരുത്.

പലരും താങ്കളെ സ്റ്റാന്‍ഡേര്‍ഡ് നോക്കി മാറ്റിനിര്‍ത്തിയപ്പോള്‍ മാറോട് ചേര്‍ത്ത് പിടിച്ചവരാണ് ഞങ്ങള്‍, പാവം സാധാരണക്കാര്‍…’ –

സത്യത്തില്‍ എല്ലാ മലയാളികളുടെയും മനസിലെ വാചകം തന്നെ ആണ് ഇത്.

മണ്‍സൂണ്‍ കാലത്ത് ആഴക്കടലിലുള്ള യന്ത്രവത്കൃത ബോട്ടുകളുടെ മത്സ്യബന്ധനം നിർത്തി മത്സ്യലഭ്യത കൂട്ടാനാണ് ട്രോളിങ് നിരോധനം.

നേരത്തേ 47 ദിവസങ്ങളായിരുന്നു എങ്കില്‍ കഴിഞ്ഞ 4 വർഷമായി 52 ദിവസങ്ങളിലാണ് കേരളത്തില്‍ ട്രോളിങ് നിരോധനം.

ഇന്ത്യയിലെ മറ്റു തീരദേശ സംസ്ഥാനങ്ങളില്‍ 60 ദിവസമാണ്. ഇൻബോർഡ്, ഔട്ട്ബോർഡ് വള്ളങ്ങളില്‍

പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമാണ് ഈ സമയത്ത് മത്സ്യബന്ധനത്തിനുള്ള അനുമതി.

യന്ത്രവത്കൃത ബോട്ടുടമകളും ഇതില്‍ പണിയെടുക്കുന്നവരും ട്രോളിങ് നിരോധനത്തോട് പൊതുവെ എതിർപ്പ് പ്രകടിപ്പിക്കുന്നവരാണ്.

കേരളത്തിലാകെയുള്ളത് 3,800 യന്ത്രവത്കൃത ബോട്ടുകളാണ്. ഇവയില്‍ 1000 എണ്ണത്തോളമാണ് കൊച്ചിയിലുള്ളത്.

ചെറുതും വലുതുമായി 34,000 മത്സ്യബന്ധന വള്ളങ്ങള്‍ കേരളത്തിലുണ്ട്. ഒരു ലക്ഷത്തോളം പരമ്ബരാഗത മത്സ്യത്തൊഴിലാളികളാണ് ഈ വള്ളങ്ങളില്‍ ജോലി ചെയ്യുന്നത്.

ട്രോളിങ് നിരോധന കാലം പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് വലിയ അളവില്‍ മത്സ്യം ലഭിക്കുന്ന സമയമാണ്.

ഇത്തവണ അങ്ങനെയല്ല കാര്യങ്ങള്‍. ഇതിന് പ്രധാന കാരണം കാലാവസ്ഥാ വ്യതിയാനവും തീരക്കടല്‍ അമിതമായി ചൂടുപിടിച്ചതുമാണ്.

മത്തി അഥവാ ചാള, അയല, നത്തോലി, വറ്റ ഇവ കേരള തീരത്തു നിന്ന് അപ്രത്യക്ഷമായെന്നാണ് മുനമ്ബത്തെയും വൈപ്പിനിലേയും മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

ഒരു തവണ കടലില്‍ പോയി വരണമെങ്കില്‍ കുറഞ്ഞത് 30,000 രൂപയാണ് ചെലവ്. മണ്ണെണ്ണെ കിട്ടാനില്ല. കാര്യമായ സബ്സിഡിയും ലഭിക്കുന്നില്ല.

മീനുകള്‍ക്ക് വളരാൻ ആവശ്യമായ സാഹചര്യമില്ല എന്നതാണ് പ്രശ്നമെന്ന് ഈ മേഖലയിലെ വിദഗ്ധർ പറയുന്നു. മത്തിക്ക് ജീവിക്കാൻ പറ്റുന്ന ചൂട് 26-27 ഡിഗ്രി സെല്‍ഷ്യസാണ്.

ഇന്ത്യൻ മഹാസമുദ്രത്തില്‍ കേരളത്തിന്റെ തീരക്കടലിലെ ചൂട് പലപ്പോഴും 28-32 ഡിഗ്രി സെല്‍ഷ്യസ് വരെയാകുന്നു.

ഇതിനാല്‍ മുഴുത്ത മത്തികള്‍ തീരക്കടലില്‍ മുട്ടയിട്ട ശേഷം ആഴക്കടലിലേക്ക് തിരികെ പോവുകയാണ്. ഇവിടെ തുടരുന്ന മത്തികള്‍ ഭക്ഷണം കിട്ടാതെ ചെറുതായി പോവുകയും ചെയ്യുന്നു.

ഇത്തരത്തില്‍ ലഭിക്കുന്ന ചെറിയ മത്തികള്‍ ഭൂരിഭാഗവും തമിഴ്നാട്ടിലേക്കടക്കം കോഴിത്തീറ്റയ്ക്കും മറ്റുമായി കയറ്റി അയയ്ക്കുകയാണ് ചെയ്യുക.

കേരളം ഒരു വർഷം കഴിക്കുന്നത് 9.25 ലക്ഷം ടണ്‍ മത്സ്യമാണ്. ഇവിടെ പിടിക്കുന്നതാകട്ടെ 6.45 ലക്ഷം ടണ്ണും.

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്‌ആർഐ) 2015ല്‍ 58 തരം മീനുകളുടെ മിനിമം ലീഗല്‍ സൈസ് നിശ്ചയിച്ചു.

ഇതനുസരിച്ച്‌ മത്തിക്ക് വേണ്ടത് 10 സെന്റിമീറ്ററും അയലയ്ക്ക് 15 സെന്റിമീറ്ററുമാണ്. ട്രോളിങ് നിരോധനത്തിനു ശേഷം കടലില്‍ പോകുന്ന പരമ്ബരാഗത മത്സ്യത്തൊഴിലാഴികള്‍ക്ക് ലഭിക്കുന്ന മത്തി ഏഴും എട്ടും സെന്റിമീറ്ററാണ് വലുപ്പം.

മീനുകളുടെ ലഭ്യതക്കുറവ് ഏറെക്കാലമായി കേരളത്തിലെ തീരക്കടലില്‍ സംഭവിക്കുന്നുണ്ട്.

2012ല്‍ ആകെ 8.32 ലക്ഷം ടണ്‍ മത്സ്യമാണ് കേരളത്തില്‍ ലഭിച്ചത്. ഇതില്‍ 3.92 ലക്ഷം ടണ്‍ ആയിരുന്നു മത്തി. 2021ല്‍ ലഭിച്ച മത്തി 3297 ടണ്‍ മാത്രം.

2022ല്‍ കാര്യങ്ങള്‍ കുറച്ചു മെച്ചപ്പെട്ടു. 1.10 ലക്ഷം ടണ്‍ മത്തി ആ വർഷം കേരളത്തില്‍ ലഭിച്ചു. 2023ല്‍ കുറച്ചു മെച്ചപ്പെട്ട് 1.38 ലക്ഷം ടണ്‍ ആയി.

2024 നിലവിലെ സാഹചര്യങ്ങള്‍ അനുസരിച്ച്‌ മത്തി, അയല പോലുള്ള മീനുകളുടെ ലഭ്യതയില്‍ വലിയ കുറവ് വന്നേക്കാം.

ഇതിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ വലുതാണെന്ന് മത്സ്യതൊഴിലാളി ഐക്യവേദി (ടിയുസിഐ) സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോർജ് പറയുന്നു.

”മത്സ്യബന്ധന മേഖലയിലെ ഭൂരിഭാഗം മനുഷ്യരും ഉപജീവനത്തിന് ആശ്രയിക്കുന്ന മത്സ്യമാണ് മത്തി.

ഇതിന്റെ ലഭ്യത കുറയുന്നത് വലിയ തോതിലുള്ള പ്രത്യാഘാതങ്ങളാണ് അവരുടെ ജീവിതത്തില്‍ ഉണ്ടാക്കുന്നത്.

അത് സാമൂഹികമായും ബാധിക്കും”- അദ്ദേഹം ചൂണ്ടിക്കാട്ടി.

Related posts

Leave a Comment