ഇംഫാല്‍: കൂകി വനിതകളെ പൂര്‍ണ്ണനഗ്നയാക്കി തെരുവിലൂടെ നടത്തിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവം നടന്ന് 77 ദിവസങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി ഉറപ്പാക്കുമെന്നും ഇവര്‍ക്ക് തൂക്കുമരം തന്നെ ഉറപ്പാക്കുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രി ബീരാന്‍ സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
വീഡിയോയില്‍ ഒരു സ്ത്രീയെ ഉപദ്രവിക്കുന്ന പച്ച ഷര്‍ട്ടിട്ട കുറ്റവാളിയെയാണ് പിടികൂടിയിരിക്കുന്നത്. സംഭവത്തിന്റെ വീഡിയോ കഴിഞ്ഞ ദിവസമാണ് വൈറലായി മാറിയത്.
ഇതോടെ കേന്ദ്രം വീഡിയോ പ്രചരിച്ച ട്വിറ്റര്‍ അടക്കമുള്ള മുഴുവന്‍ സാമൂഹ്യമാധ്യമങ്ങളോടും വീഡിയോ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടു. വീഡിയോ കേന്ദ്രമന്ത്രി സ്മൃതി ഇറാനി അടക്കമുള്ള ബിജെപി നേതാക്കളെയും പ്രതിപക്ഷത്തുളള നേതാക്കളെയും ഒരുപോലെ ഞെട്ടിച്ചിരുന്നു.
സ്മൃതി ഇറാനി മണിപ്പൂര്‍ മുഖ്യമന്ത്രിയെ വിളിച്ച് വിഷയം ചര്‍ച്ച ചെയ്തു.
കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍, പ്രിയങ്കാ ഗാന്ധി, ജെയ്‌റാം രമേശ്, സച്ചിന്‍ പൈലറ്റ്, ശിവസേന നേതാക്കളായ ആദിത്യ താക്കറേ, പ്രിയങ്കാ ചതുര്‍വേദി, തൃണമൂല്‍ നേതാക്കളായ മഹുവാ മോയ്ത്ര, സാകേത് ഗോഘലേ തുടങ്ങഇയവരെല്ലാം വീഡിയോയെ അപലപിച്ചു രംഗത്ത് വന്നു.
വീഡിയോ മണിപ്പൂരിലെ ബിജെപി സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും ഒരുപോലെ വിമര്‍ശനത്തിന് കാരണമായി.
അക്രമവും വ്യാജവാര്‍ത്തകള്‍ നിയന്ത്രിക്കാനുള്ള മണിപ്പൂര്‍ സര്‍ക്കാരിന്റെ കഴിവില്ലായ്മ നിരാശപ്പെടുത്തുകയാണെന്നാണ് ശിവസേനയുടെ പ്രിയങ്കാ ചതുര്‍വേദി പ്രതികരിച്ചത്.
മണിപ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ മെയ് 4 നായിരുന്നു കൂകി വനിതകളെ നഗ്നരാക്കി തെരുവിലൂടെ നടത്തിയത്.
വസ്ത്രമുരിഞ്ഞില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഇവരെ ഒരുകൂട്ടം ആള്‍ക്കാര്‍ ഭീഷണിപ്പെടുത്തുകയായിരുന്നു. ബുധനാഴ്ചയാണ് രണ്ടു സ്ത്രീകളെ നഗ്നയാക്കി നടത്തുന്നതിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ എത്തിയത്.
സംഭവം നടന്ന് രണ്ടര മാസമായെങ്കിലും ഒരുമാസം മുമ്ബാണ് പരാതി കിട്ടിയതെന്നാണ് പോലീസ് പറയുന്നത്.