മണിപ്പൂരില്‍ കാണാതായ കൗമാരക്കാര്‍ കൊല്ലപ്പെട്ട നിലയിലുള്ള ചിത്രങ്ങള്‍ ; ആയുധധാരികളായ രണ്ടു പുരുഷന്മാര്‍ പിന്നില്‍ നില്‍ക്കുന്നു

ഇംഫാല്‍: കലാപകലുഷിതമായിരിക്കുന്ന മണിപ്പൂരില്‍ നിന്നും കാണാതായ കൗമാരക്കാര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്.

ജൂലൈയില്‍ കാണാതായ 17 വയസ്സുള്ള പെണ്‍കുട്ടിയും 20 വയസ്സുള്ള ആണ്‍കുട്ടിയുമാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. മെയ്‌തെയ് വിഭാഗത്തില്‍ നിന്നുള്ളവരാണ് ഇരുവരും. ഇവരെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്നാണ് വിവരം.

ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്ന മണിപ്പൂരില്‍ സംവിധാനം പുന:സ്ഥാപിച്ചതോടെയാണ് കൊല്ലപ്പെട്ട നിലയിലുള്ള ഇവരുടെ ചിത്രങ്ങള്‍ പുറത്തുവന്നത്.

സംഭവത്തിന്റെ അന്വേഷണം സിബിഐ ഏറ്റെടുക്കും. അതേസമയം മൃതദേഹങ്ങള്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. മെയ്‌തെയ് വിഭാഗത്തില്‍ നിന്നുള്ള ഹിജാം ലിന്തോയ്ങ്കാമ്ബി എന്ന പെണ്‍കുട്ടിയെയും ഫിജാം ഹേംജിത്ത് എന്ന ആണ്‍കുട്ടിയേയുമാണ് കാണാതായത്.

ഇരുവരും സായുധരായ ഗ്രൂപ്പിന്റെ കാട്ടിലെ ക്യാമ്ബില്‍ ഇരിക്കുന്ന ചിത്രമാണ് ആദ്യം പുറത്തുവന്നത്.

ലിന്‍തോയ്ങ്കാമ്ബി വെള്ള ടീഷര്‍ട്ട് ധരിച്ച നിലയിലും ഹേംജിത്ത് ഒരു ചെക്ക് ടീ ഷര്‍ട്ടുമായിരുന്നു കാണാതായപ്പോള്‍ ഇട്ടിരുന്നത്. ഇയാള്‍ പുറത്ത് ഒരു ബാഗും ഇട്ടിട്ടുണ്ട്.

ഇവര്‍ക്ക് പിന്നില്‍ തോക്കുധാരികളായ രണ്ടു പേര്‍ നില്‍ക്കുന്നതും കാണാനാകും. അടുത്ത ഫോട്ടോയില്‍ ഇരുവരുടേയും മൃതദേഹം ഗ്രൗണ്ടില്‍ കിടക്കുന്ന നിലയിലുള്ള ദൃശ്യമാണ്.

അതേസമയം സംഭവം വന്‍ വിവാദമാണ്. എന്തുകൊണ്ടാണ് പോലീസ് ഈ കേസില്‍ ഇത്ര കാലതാമസം എടുത്തതെന്ന ചോദ്യം ഉയരുന്നുണ്ട്.

ജൂലൈയില്‍ ഇരുവരേയും കടകളില്‍ സ്ഥാപിച്ചിട്ടുള്ള സിസിടിവിയിലെ ദൃശ്യങ്ങളില്‍ കണ്ടിരുന്നെങ്കിലും പോലീസ് ഇതിന് പിന്നാലെ പോയിരുന്നില്ല.

ചിത്രത്തില്‍ ഇവര്‍ക്ക് പിന്നിലായി കാണുന്ന ആയുധധാരികളെ സൈബര്‍സെല്ലിന്റെ സഹായത്തോടെ കണ്ടെത്താനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. സൈബര്‍ ഫോറന്‍സിക് ടൂളുകള്‍ ഉപയോഗിച്ച്‌ ചിത്രം കൂടുതല്‍ വ്യക്തമാക്കാനാണ് നീക്കം.

താഴ്‌വരയിലുള്ള മെയ്തികളുടെ അനധികൃത സായുധ സേന തങ്ങളെ ആക്രമിക്കുന്നതായി കുക്കികളും മലമുകളില കുക്കികളുടെ ഗ്രൂപ്പുകള്‍ തങ്ങളെ ആക്രമിക്കുന്നതായി മെയ്തികളും ആരോപിക്കുന്നുണ്ട്.

ഇരു വിഭാഗവും തമ്മില്‍ നടത്തിയ കലാപത്തില്‍ ഇതിനകം 180 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ആയിരത്തിലധികം പേര്‍ക്കാണ് പാലായനം ചെയ്യേണ്ടി വന്നത്.

Related posts

Leave a Comment