മണിപ്പൂരിലേത് വംശഹത്യ, ക്രൈസ്തവരെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്നു; മാര്‍ പാംപ്ലാനി

തലശേരി: മണിപ്പൂര്‍ കലാപത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി തലശേരി ആര്‍ച്ച്‌ ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി.

മണിപ്പൂരിലേത് ആസൂത്രിതമായ വംശഹത്യയാണ്. ക്രൈസ്തവരെ തിരഞ്ഞുപിടിച്ച്‌ ആക്രമിക്കുന്നു. ക്രൈസ്തവ ദേവാലയങ്ങള്‍ ലക്ഷ്യമിടുന്നു.

ഭരണഘടന തരുന്ന സ്വാതന്ത്ര്യം ഉറപ്പ് വരുത്തേണ്ടത് രാജ്യം ഭരിക്കുന്ന ആളുകളാണ്. അതില്‍ ഗുരുതര വീഴ്ച ഉണ്ടായി എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി ഏത് കാര്യത്തില്‍ പ്രതികരിക്കണം എന്ന് അദ്ദേഹമാണ് തീരുമാനിക്കേണ്ടത്. എന്നാല്‍, ഇന്ത്യയില്‍ വിവേചനം ഇല്ലെന്നാണ് അമേരിക്കയില്‍ പോയപ്പോള്‍ അദ്ദേഹം പറഞ്ഞത്.

അത് മണിപ്പൂരില്‍ കഷ്ടത അനുഭവിക്കുന്ന ജനങ്ങളെ നോക്കി പറയണം. എന്നാല്‍ മാത്രമേ അതില്‍ ആത്മാര്‍ത്ഥത ഉണ്ടാവുകയുള്ളൂ. പ്രധാനമന്ത്രി മിണ്ടാത്തത് അല്ല പ്രശ്‌നം. മണിപ്പൂര്‍ കത്തി എരിയുമ്ബോള്‍ ഒന്നും ചെയ്യുന്നില്ല എന്നുള്ളതാണെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

സംസ്ഥാനം കത്തുമ്ബോള്‍ ആരും സമാധാനം ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ല. സൈനിക ശക്തിയുള്ള രാജ്യത്തിന് അതിനു കഴിയുന്നില്ലെന്നത് വലിയ പരാജയമാണ്. ഏക വ്യക്തി നിയമത്തിന്റെ ഉള്ളടക്കം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് കൊണ്ടുവരണം.

ജനപ്രതിനിധികളുടെ അഭിപ്രായങ്ങള്‍ കേള്‍ക്കണം. ഏകപക്ഷീയമായി മറ്റുള്ളവരുടെ അവകാശങ്ങള്‍ ഹനിക്കപ്പെടുമെന്ന ഭീതി പരത്തി ഇത്തരം നിയമങ്ങള്‍ നടപ്പാക്കരുത്. ഏവര്‍ക്കും സ്വീകാര്യമാകുന്ന രീതിയില്‍ നിയമം നടപ്പാക്കണം.

മുസ്ലീം മത വിഭാഗത്തിന്റെ ആശങ്കയും പരിഹരിക്കണമെന്നൂം അദ്ദേഹം പറഞ്ഞൂ.

റബര്‍ വിലയും ഇതും തമ്മില്‍ ബന്ധമില്ലെന്നും ഞങ്ങള്‍ ആരുടെയും ഔദാര്യം ചോദിച്ചത് അല്ലെന്നും അദ്ദേഹം പറഞ്ഞു.

റബ്ബര്‍ വില കേന്ദ്ര സര്‍ക്കാര്‍ 300 രൂപയാക്കി ഉയര്‍ത്തിയാല്‍ ബിജെപിയെ വോട്ട് ചെയ്ത് സഹായിക്കുമെന്ന ജോസഫ് പാംബ്ലാനിയുടെ പ്രഖ്യാപനം നേരത്തെ വിവാദമായിരുന്നു.

കേരളത്തില്‍ നിന്നും ബിജെപിയ്ക്ക് ഒരു എം പി പോലുമില്ലെന്ന വിഷമം കുടിയേറ്റ ജനത പരിഹരിച്ച്‌ തരുമെന്ന പ്രസ്താവന വിവാദമായതിന് പിന്നാലെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുകയാണെന്നും ആരോടും അയിത്തമില്ലെന്നും ബിഷപ്പ് ആവര്‍ത്തിച്ചിരുന്നു.

കത്തോലിക്ക കോണ്‍ഗ്രസ് തലശേരി അതിരൂപത സംഘടിപ്പിച്ച കര്‍ഷക റാലിയിലായിരുന്നു ആര്‍ച്ച്‌ ബിഷപ്പിന്റെ പരാമര്‍ശം.

Related posts

Leave a Comment