തിരുവനന്തപുരം: മടിയില്‍ കനമുള്ളത് കൊണ്ടാണ് മുഖ്യമന്ത്രി ഇ.ഡിയെ പേടിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അഴിമതി പിടിക്കപ്പെടുമെന്ന് ആയപ്പോള്‍ ഉള്ള വെപ്രാളവും വേവലാതിയുമാണ് മുഖ്യമന്ത്രിക്ക്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രനെ മര്യാദക്ക് ചോദ്യം ചെയ്താല്‍ കേരളം നടുങ്ങുന്ന അഴിമതി പുറത്തു വരും. സഹസ്രകോടിയുടെ അഴിമതിയാണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്നത്.രവീന്ദ്രന് പിന്നാലെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദിനേശന്‍ പുത്തലത്തിനേയും ചോദ്യം ചെയ്യുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.
സി.എ.ജി റിപ്പോര്‍ട്ട് വിവാദത്തില്‍ മുഖ്യമന്ത്രിയുടെ വാദം ബാലിശമാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ സി.എ.ജിയെ ഉപയോഗിച്ച് വികസനം അട്ടിമറിക്കുന്നുവെന്നാണ് മുഖ്യമന്ത്രിയുടെ ആക്ഷേപം. ബാലിശമായ ആരോപണമാണിത്. സി.എ.ജി റിപ്പോര്‍ട്ട് മുഖ്യമന്ത്രി കണ്ടെങ്കില്‍ അത് ഗുരുതരമായ ചട്ടലംഘനമാണ്. സംസ്ഥാനത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ പിണറായി വിജയന് മുഖ്യമന്ത്രി കസേരയില്‍ ഇരുന്നുകൊണ്ട് ജനങ്ങളെ പരിഹസിക്കുന്നതും അപഹാസ്യമായ വാദങ്ങള്‍ ഉന്നയിക്കുന്നതും മുഖ്യമന്ത്രി കസേരക്ക് ചേര്‍ന്ന പണിയല്ല.
തോമസ് ഐസക് കിഫ്ബിയുടെ മേല്‍ അഴിമതി നടത്തിയെന്നത് അന്വേഷിച്ചാല്‍ വ്യക്തമാകും. സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രിയും ധനകാര്യമന്ത്രിയും അത് വായിച്ചുവെന്ന് പറഞ്ഞാല്‍ മാത്രം മതി ഈ സംസ്ഥാന സര്‍ക്കാരിനെ പിരിച്ചുവിടാന്‍. സി.എ.ജി റിപ്പോര്‍ട്ടിനെതിരായ മുഖ്യമന്ത്രിയുടെ എതിര്‍പ്പിന്റെ അടിസ്ഥാനം കിഫ്ബി മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ടാണ് വായ്പ എടുത്തിരിക്കുന്നത് എന്നുള്ളതാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി.