മടങ്ങിയെത്തുന്ന പ്രവാസികള്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റീനില്‍ കഴിയണം; മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്രം നിലവില്‍ പ്രഖ്യാപിച്ച രീതിയില്‍ വിമാനങ്ങള്‍ വന്നാല്‍ ആരെയും നേരെ വീടുകളിലേക്ക് അയക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിമാനയാത്രക്കാര്‍ സര്‍ക്കാര്‍ ഒരുക്കുന്ന ക്വറന്‍റൈനില്‍ ഏഴു ദിവസം കഴിയണം. ഏഴാം ദിവസം പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റിവ് ആയവരെ മാത്രമേ വീടുകളിലേക്ക് അയക്കുള്ളൂ. പോസിറ്റീവ് ഫലം വന്നാല്‍ ചികിത്സയ്ക്ക് ആശുപത്രികളിലേക്ക് അയക്കും. വീടുകളില്‍ പോകുന്നവര്‍ക്ക് തുടര്‍ന്നും ഒരാഴ്ച ക്വാറന്‍റൈന്‍ വീട്ടില്‍ തുടരേണ്ടി വരും.

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്‍റൈനില്‍ കഴിയുമ്ബോള്‍ ആന്‍റി ബോഡി ടെസ്റ്റ് വ്യാപകമായി നടത്താന്‍ ഉദ്ദേശിക്കുന്നുണ്ട്. രണ്ടുലക്ഷം ആന്‍റി ബോഡി ടെസ്റ്റ് കിറ്റിന് കേരളം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കൊച്ചി തുറമുഖം വഴിയും പ്രവാസികളെ കൊണ്ടുവരുന്നുണ്ട്. മാലിദ്വീപില്‍നിന്ന് രണ്ടും യുഎഇയില്‍നിന്ന് ഒന്നും കപ്പലുകള്‍ ഉടന്‍ വരുമെന്നാണ് അറിയുന്നത്. അതിനാല്‍ തുറമുഖത്തും ആവശ്യമായ സജ്ജീകരണം ഒരുക്കും. ഇതുസംബന്ധിച്ച്‌ കൊച്ചി തുറമുഖ ട്രസ്റ്റുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. നാവികസേനാ അധികൃതരുമായി ചീഫ് സെക്രട്ടറി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.

കേന്ദ്രം കൊണ്ടുവരുന്നവരുടെ കൂട്ടത്തില്‍ മറ്റു സംസ്ഥാനക്കാരും ഉണ്ടായേക്കാം. ഉണ്ടെങ്കില്‍ അവരെ ബന്ധപ്പെട്ട സംസ്ഥാനത്തേക്ക് അയക്കും. വിമാനത്താവളങ്ങളോടനുബന്ധിച്ചുള്ള ക്വാറന്‍റൈന്‍ കേന്ദ്രങ്ങളില്‍ മാത്രമല്ല വിദേശത്തുനിന്ന് എത്തുന്നവരെ താമസിപ്പിക്കുക. അവരുടെ ജില്ലയിലെ സ്വന്തം പ്രദേശങ്ങള്‍ക്ക് അടുത്തുള്ള ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ ഇതിനായി ഉപയോഗിക്കും. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇത്തരം സൗകര്യങ്ങളുള്ള രണ്ടരലക്ഷം കിടക്കകള്‍ക്കുള്ള സൗകര്യം കണ്ടെത്തിയിട്ടുണ്ട്. അതില്‍ 1.63 ലക്ഷം കിടക്കകള്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കാന്‍ പര്യാപ്തമാണ്. ബാക്കിയുള്ളവ പൂര്‍ണ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വികേന്ദ്രീകൃതമായ ക്വാറന്‍റൈന്‍ സംവിധാനമാണ് ഉണ്ടാവുക. ഒഴിഞ്ഞുകിടക്കുന്ന വീടുകളും വേണ്ടി വന്നാല്‍ ക്വാറന്‍റൈനാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്.

45,000ലധികം പിസിആര്‍ ടെസ്റ്റ് കിറ്റുകള്‍ സംസ്ഥാനത്തുണ്ട്. കൂടുതല്‍ കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കിയിട്ടുമുണ്ട്. ഈ മാസം അവസാനിക്കുമ്ബോള്‍ ഏതാണ്ട് 60,000 ടെസ്റ്റുകള്‍ നടത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടുത്തയാഴ്ച മുതല്‍ വരുന്ന വിമാനങ്ങളുടെ എണ്ണം വര്‍ധിക്കും. ആഴ്ചയില്‍ 20,000 പേര്‍ എത്തുമെന്നാണ് കണക്കാക്കുന്നത്. അവരെയെല്ലാം പരിശോധിക്കാനും ക്വാറന്‍റൈന്‍ ചെയ്യാനുമുള്ള ദൗത്യമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്.

Related posts

Leave a Comment