മകള്‍ മരിച്ചുകഴിഞ്ഞെന്നും അതിനായി പ്രാര്‍ത്ഥിക്കുമെന്നും പാകിസ്താനിലേക്ക് പോയ യുവതിയുടെ പിതാവ്

ജയ്പൂര്‍: മകള്‍ തങ്ങളെ സംബന്ധിച്ചു മരിച്ചു കഴിഞ്ഞെന്നും അവളുടെ കാര്യത്തില്‍ ഇനി ഒന്നും ചെയ്യുകയില്ലെന്നും പാകിസ്താനിലേക്ക് പോയ ഇന്ത്യാക്കാരി അഞ്ജുവിന്റെ പിതാവ്.

രണ്ടുമക്കളെയും ഭര്‍ത്താവിനെയും ഉപേക്ഷിച്ച്‌ പോയ അവള്‍ സ്വന്തം മക്കളെ ആര് ഇനി നോക്കുമെന്ന് പോലും ഓര്‍ത്തില്ലെന്നും അവരുടെ ഭാവി നശിപ്പിച്ചെന്നും പറഞ്ഞു.

മകള്‍ക്ക് മറ്റൊരാളെ വിവാഹം ചെയ്തു ജീവിക്കണമെന്നുണ്ടായിരുന്നു എങ്കില്‍ അവള്‍ ആദ്യം ചെയ്യേണ്ടിയിരുന്നത് വിവാഹമോചനം നേടുകയായിരുന്നു എന്നും ഇനിമുതല്‍ അവള്‍ മരിച്ചതായി കണക്കാക്കുമെന്നും പിതാവ് ഗയാ പ്രസാദ് തോമസ് രാജസ്ഥാനില്‍ പറഞ്ഞു.

മകളെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുമോ എന്ന ചോദ്യത്തിന് അങ്ങിനെ ഒരു കാര്യവും ചെയ്യാന്‍ പോകുന്നില്ലെന്നും അവള്‍ മരിക്കാനായി പ്രാര്‍ത്ഥിക്കുമെന്നും തോമസ് പറഞ്ഞു.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പാകിസ്താന്‍ കാരന്‍ നസ്‌റുള്ളയുമായി അഞ്ജുവിന്റെ വിവാഹം കഴിഞ്ഞതായി ഇന്നലെയാണ് റിപ്പോര്‍ട്ട് പുറത്തുവന്നത്. വിവാഹത്തിന് മുമ്ബ് അഞ്ജു മതം മാറി ഇസ്‌ളാമിയാകുകയും ഫാത്തിമ എന്ന പേര് സ്വീകരിക്കുകയും ചെയ്തു.

വിവാഹം കഴിച്ചതിന് പിന്നാലെ ഇരുവരും വിവാഹ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയുമുണ്ടായി. തന്റെ ഇഷ്ടപ്രകാരമാണ് എല്ലാം ചെയ്തതെന്നും തന്നെ ഇനി മാധ്യമങ്ങള്‍ വെറുതേ വിടണമെന്നും ഇന്ത്യയിലുള്ള കുടുംബത്തെ ഉപദ്രവിക്കരുതെന്നും പറഞ്ഞു.

ഖൈബര്‍ പഖ്തൂണ്‍ഖ്വവിയിലെ അപ്പര്‍ ദിര്‍ ജില്ലയിലെ വീട്ടിലാണ് 34 കാരിയായ അഞ്ജുവുള്ളത്. 29 കാരനായ നസ്രുള്ളയെ തേടി ഇവര്‍ പാകിസ്താനിലേക്ക് പോകുകയായിരുന്നു.

ഭര്‍ത്താവിനോട് രാജസ്ഥാനിലുള്ള തന്റെവീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് ഇവര്‍ പാകിസ്താനിലേക്ക് പോയത്. ഇവര്‍ക്ക് 16 വയസ്സുള്ള ഒരു മകളും അഞ്ചു വയസ്സുകാരനായ ഒരു മകനുമുണ്ട്.

തങ്ങള്‍ സുഹൃത്തുക്കളാണ് പ്രണയമില്ലെന്നും അഞ്ജുവിന്റെ വിസ കാലാവധി തീരുന്നതോടെ ഓഗസ്റ്റ് 20-ന് ഇന്ത്യയിലേക്ക് മടങ്ങുമെന്നുമായിരുന്നു കഴിഞ്ഞ ദിവസം പാക് യുവാവ് പ്രതികരിച്ചത്.

എന്നാല്‍ ഈ വാര്‍ത്തയ്ക്ക് തൊട്ടുപിന്നാലെ ഇരുവരും വിവാഹിതരായെന്ന വാര്‍ത്ത പാക് മാധ്യമങ്ങള്‍ പുറത്ത് വിട്ടു. ഇരുവരും തമ്മിലുള്ള വിഡിയോ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

വിവാഹത്തിന് ശേഷം ഇരുവരും ‘അഞ്ജു വിത്ത് നസ്റുല്ല’ എന്ന പേരില്‍ ഒരു വീഡിയോയും പുറത്തിറക്കിയിരുന്നു.

Related posts

Leave a Comment