മകളെ നിയന്ത്രിക്കാന്‍ തുടങ്ങിയതു മുതല്‍ കൊല്ലുമെന്ന് ഭീഷണി: ഡ്രഗ് മാഫിയയിലകപ്പെട്ട വിദ്യാര്‍ഥിനിയുടെ അമ്മ

കോഴിക്കോട്: ഒമ്പതാം ക്ലാസുകാരിയെ ലഹരി മരുന്ന് കാരിയറായി ഉപയോഗിച്ച സംഘത്തില്‍ നിന്നും ഭീഷണി തുടരുകയാണെന്ന് പെണ്‍കുട്ടിയുടെ അമ്മ.

മകളെ നിയന്ത്രിക്കാന്‍ തുടങ്ങിയതു മുതല്‍ തന്നേയും മകനേയും കൊല്ലുമെന്നാണ് ഭീഷണി. നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

ലഹരിമരുന്ന് മാഫിയയുടെ വലയില്‍ അകപ്പെട്ട പെണ്‍കുട്ടി നിലവില്‍ ചികിത്സയിലാണ്. ചികിത്സ കഴിഞ്ഞ് മകള്‍ തിരിച്ചു വന്നാല്‍ വീണ്ടും മയക്കുമരുന്ന് നല്‍കാന്‍ സംഘം ശ്രമിക്കുമോ എന്ന ഭയമുണ്ട്.

മകളുടെ കൂടെ തങ്ങള്‍ നടക്കുമ്പോള്‍ കൊന്നുകളയട്ടേ എന്ന് പോലും കുട്ടിയോട് സംഘം ചോദിച്ചിരുന്നു. ഇപ്പോഴും ഭീഷണി തുടരുകയാണ്.

ഇതൊരു വലിയ ശൃംഖലയാണെന്നും പിന്നാലെ പോകരുതെന്നുമാണ് പലരും പറയുന്നത്. പേടിയുണ്ടെങ്കിലും നിയമനടപടിയുമായി മുന്നോട്ടുപോകാനാണ് തീരുമാനമെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു.

‌ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയത്തിലായ ലഹരിമാഫിയ സംഘം മയക്കുമരുന്നു കാരിയറായി ഉപയോഗിച്ചെന്ന് ഓമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തലിലൂടെയാണ് മയക്കുമരുന്ന് സംഘത്തെ കുറിച്ച്‌ പുറത്തറിഞ്ഞത്.

ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ടവരാണ് മയക്കുമരുന്ന് ഉപയോഗിക്കാന്‍ തന്നതെന്നും കാരിയറായി ഉപയോഗിച്ചെന്നുമായിരുന്നു ഒമ്പതാം ക്ലാസുകാരിയുടെ വെളിപ്പെടുത്തി.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ 10 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. കുട്ടിയുടെ മൊഴിയില്‍ നിന്ന് ആളുകളെ തിരിച്ചറിഞ്ഞുവെന്ന് പൊലീസ് അറിയിച്ചു.

25 പേര്‍ അടങ്ങുന്ന ഇന്‍സ്റ്റാഗ്രാം ഗ്രൂപ്പ് വഴിയാണ് ലഹരി കൈമാറ്റമെന്നും പൊലീസ് കണ്ടെത്തി. വിവിധ കേന്ദ്രങ്ങളില്‍ സ്കൂള്‍ ബാഗുകളില്‍ താന്‍ ലഹരി എത്തിച്ചെന്നും ശരീരത്തില്‍ പ്രത്യേക രീതിയിലുളള ചിത്രങ്ങള്‍ വരച്ചായിരുന്നു ലഹരി കടത്തുന്നതെന്നും 13കാരി വെളിപ്പെടുത്തിയിരുന്നു.

കേസില്‍ വിദ്യാര്‍ത്ഥിനിയുടെ കൂടെ പഠിക്കുന്ന നാല് കുട്ടികളെ കൂടി ചോദ്യം ചെയ്യാന്‍ പൊലീസ് തീരുമാനിച്ചു.

കൂടുതല്‍ പേരെ ക്യാരിയറായി ഉപയോഗിച്ചിട്ടുണ്ടെന്ന കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസിന്റെ നീക്കം.

Related posts

Leave a Comment